ചാന്‍സലര്‍ ബില്ലില്‍ സ്വയം തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയക്കുന്നതാണ് ഉചിതമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപദേശം നല്കിയത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. തിരുവനന്തപുരത്തെ ബിജു കുമാര്‍, തൃശൂരിലെ വി ആര്‍ ജയദേവന്‍ എറണാകുളത്തെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിസിക അനുവദിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയില്ല. വിവാദമായ സാഹചര്യത്തില്‍ പിന;പരിശോധന നടത്തിയേക്കും. അതേസമയം കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ആര്‍ വി രാജേഷിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവുണ്ട്.
കടക്കെണിയില്‍ കുടുങ്ങിയ കുടുംബം ജീവനൊടുക്കി. തിരുവനന്തപുരം കഠിനംകുളത്ത് പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണു തീ കൊളുത്തി മരിച്ചത്. രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയത്.
സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളന പോസ്റ്ററില്‍ ബേനസില്‍ ഭൂട്ടോയുടെ ചിത്രം. പാകിസ്ഥാന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോക്ക് ഒമ്പത് സര്‍വകലാശാലകള്‍ ഓണററി ഡോകടറേറ്റ് നല്‍കിയെന്ന വരികളുമായാണ് പോസ്റ്റര്‍. പോസ്റ്ററിനെതിരേ പരക്കേ വിമര്‍ശനം ഉയര്‍ന്നു. ‘ഇന്ത്യയ്‌ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും’ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
കണ്ണൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ രണ്ട് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടറും തൃശൂര്‍ സ്വദേശിയുമായ ഗഫൂര്‍, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണ് പിടികൂടിയത്. നിക്ഷേപ തുകയോ പലിശയോ കൊടുക്കാതെ സ്ഥാപനം പൂട്ടി മുങ്ങിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീനില്‍നിന്ന് ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി. 59 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം മിശ്രിത രൂപത്തില്‍ ക്യാപ്‌സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്തുകയായിരുന്നു.
പട്ടാപ്പകല്‍ രണ്ടേക്കര്‍ ചുറ്റുമതിലുള്ള പുരയിടത്തിനുള്ളില്‍നിന്ന് കായ് ഫലമുള്ള 60 തെങ്ങുകള്‍ മുറിച്ചു തമിഴ്‌നാട്ടിലേക്കു കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി തോന്നയ്ക്കല്‍ ഇലങ്കത്തുകാവ് ഫസിലി (55) നെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതി തോന്നയ്ക്കല്‍ പാട്ടത്തിന്‍കര സുധീറിനെയും (42 , ഫസിലിനെയും കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ മറ്റൊരു പ്രതി സുധീറിന്റെ സഹോദരന്‍ നൗഷാദ് (40) സ്റ്റേഷനില്‍ എത്തിയെങ്കിലും മുങ്ങി.
പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവച്ചു. കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ ഗ്രൂപ്പിലായിരുന്ന രാധ പഞ്ചായത്ത് അംഗത്വവും രാജിവച്ചു. എ.വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസില്‍ തുടരുമെന്ന് രാധാ മുരളി പറഞ്ഞു.
പൂവാറില്‍ വീട്ടമ്മയ്‌ക്കെതിരെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. മറ്റൊരു സ്ത്രീയെകൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദ സന്ദേശം നിര്‍മ്മിക്കുകയും ഫോണിലെ കാള്‍ ഹിസ്റ്ററിയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും പേരും വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് മുഹമ്മദ് ഷാഫി പിടിയിലായത്.
ഹൈവേയില്‍ തോക്കു ചൂണ്ടി കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കാഞ്ഞിരംകുന്നം കച്ചേരിപ്പറമ്പ് ചെറുമലയില്‍ വീട്ടില്‍ മുഹമ്മദ് മുഹ്‌സിന്‍ (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ പതിമൂന്നു പേര്‍ അറസ്റ്റിലായി. മാര്‍ച്ച് 31 ന് പൊന്നാനി സ്വദേശി സജീറിനെയും കാറുമാണ് തട്ടിക്കൊണ്ടുപോയത്.
കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും മദ്യലഹരിയില്‍
കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ആയൂര്‍ സ്വദേശി വിജിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാലിലേറ്റ പരിക്കിനു ചികിത്സ തേടിയാണ് വിജിന്‍ ആശുപത്രിയില്‍ എത്തിയത്.
മന്ത്രവാദി ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്‌മണ്യനെയാണ് അറസ്റ്റു ചെയ്തത്.
ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി വീട്ടില്‍ അതിക്രമം കാണിച്ചയാളെ പിടികൂടാനായില്ല. നായയെ അഴിച്ചുവിട്ട് ഗേറ്റു പൂട്ടിയിട്ടിരിക്കുകയാണ്. ഇന്നലെയാണ് വടിവാളും വളര്‍ത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്.
കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നെന്നും പൊലീസ് പറഞ്ഞു.
കാപ്പ ചുമത്തിയതിനു പിറകേ ഒളിവില്‍ പോയ പ്രതിയെ മാരാരിക്കുളം പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥര്‍ സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26) കര്‍ണാടകയില്‍നിന്നാണു പിടികൂടിയത്.
വാഹനമിടിച്ച് തെരുവ് നായ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ബൈക്ക് ഇടിച്ചു നായ ചത്ത കേസില്‍ വിദ്യാര്‍ത്ഥിക്കെതിരേ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് ഇരുപതിനായിരം രൂപ ഈടാക്കി വിദ്യാര്‍ത്ഥിക്കു നല്‍കണമെന്നും കോടതി. പാര്‍ട്ട് ടൈമായി ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മാനസ് ഗോഡ് ബോലെ (20) ക്കെതിരായ എഫ്‌ഐആര്‍ കോടതി റദ്ദാക്കി. ഒരു നായപ്രേമിയുടെ പരാതിയിലാണ് പോലീസ് നരഹത്യാ വകുപ്പുകള്‍ ചേര്‍ത്ത് വിദ്യാര്‍ത്ഥിക്കെതിരേ കേസെടുത്തിരുന്നത്.
അനസ്‌തേഷ്യ സ്വയം കുത്തിവച്ച് വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഭോപ്പാലിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ 24 കാരിയായ ആകാന്‍ഷ മഹേശ്വരിയാണ് ഇങ്ങനെ ജീവനൊടുക്കിയത്.
ന്യൂയോര്‍ക്ക് – ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തേക്കു മൂത്രമൊഴിച്ച കേസിലെ പ്രതിയും വ്യവസായിയുമായ ശങ്കര്‍ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിനു നല്‍കിയിരുന്നത്. ഇയാള്‍ താമസിക്കുന്നത് ലക്‌നൗവിലാണന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേസമയം, തനിക്കെതിരെ അതിക്രമം ഉണ്ടായശേഷം സീറ്റ് മാറ്റികിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നു പരാതിക്കാരി വെളിപെടുത്തി.
ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഗ്രഹനാഥന്‍ ഭാര്യയും മക്കളും അടക്കം കുടുംബത്തിലെ ഏഴു പേരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു. അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിനു പിറകേയാണ് 42 കാരനായ മൈക്കല്‍ ഹെയ്റ്റ് കൂട്ടക്കൊല ചെയ്തത്.
സഹോദരനും ബ്രിട്ടീഷ് കിരീടാവകാശിയുമായ വില്യം രാജകുമാരന്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് ഹാരി രാജകുമാരന്‍. അടുത്തയാഴ്ച പ്രകാശനം ചെയ്യുന്ന ‘സ്‌പെയര്‍’ എന്ന ഹാരി രാജകുമാരന്റെ ആത്മകഥയിലാണ് ഈ വെളിപെടുത്തല്‍. മേഗനുമായുള്ള വിവാഹ ശേഷമാണ് സഹോദരനുമായുള്ള ബന്ധം ഉലഞ്ഞത്. 2019 ല്‍ ലണ്ടനിലെ ഹാരിയുടെ വസതിയിലാണ് വില്യം കൈയേറ്റം ചെയ്തതെന്നാണ് വെളിപെടുത്തല്‍.