അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിളമ്പുന്ന സദ്യയിൽ സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക.നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും കെ ജയകുമാർ വിശദീകരിച്ചു.
ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗർഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത് നിർബന്ധിത ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതൽ നടപടിയെടുക്കേണ്ടേന്ന് കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണ. രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കും കൂടാതെ കേസിൽ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്കെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്, രാഹുലിന്റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട് എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും സർക്കാർ നിയമത്തിന്റെ വഴി തുറന്നു കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതെന്നും രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. പാർട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലു വിളിച്ചെന്നും കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരെ പരാതിക്കാരി എവിടെ ആയിരുന്നുന്നെന്നുമാണ് തങ്കപ്പൻ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നൽകിയില്ല, പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എം എം ഹസ്സൻ പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസ്സം നിൽക്കില്ല. പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്. അതിജീവിതക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും. യുവതി പരാതി നൽകിയ രീതി വിചിത്രമാണെന്നും പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം എം ഹസ്സൻ പറഞ്ഞു.
രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. അതേസമയം രാഹുലിൻ്റെ അറസ്റ്റ് വൈകുന്നതിലൂടെ തെളിവ് നശിപ്പിക്കാനുള്ള സമയം പ്രതിക്ക് ലഭിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ് തിരുത്തി ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ. ഇരക്കൊപ്പമാണ് താൻ ഉള്ളതെന്നും നടപടി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം വന്നപ്പോൾ തന്നെ ആദ്യ പോസ്റ്റ് തിരുത്തി. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട കാര്യമില്ല. സ്വമേധയാ പോലീസിന് കേസെടുക്കാമായിരുന്നു എന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ആ പെൺകുട്ടിക്ക് പരാതി ഉണ്ടെന്ന് മാത്രമല്ല, അവൾ തെളിവുകളും കൈമാറിയിരിക്കുന്നു. എന്നിട്ടും രാഹുൽ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോൺഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്ന് പത്മജ വേണുഗോപാൽ ചോദിച്ചു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ പണിമുടക്ക് അടക്കം പ്രഖ്യാപിക്കാനാണ് നീക്കം. തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ മിനിമം തൊഴിൽ കൂലിയിലെ അന്തരം ഉയർത്തിക്കാട്ടിയാകും പ്രതിഷേധം ശക്തമാക്കുക.
മുനമ്പത്തെ ഭൂ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സമര സമിതി കോര്‍ കമ്മറ്റി യോഗം ഇന്ന് ചേരും. ഇന്നലെ രാത്രി ചേരേണ്ട യോഗം വിപുലമായ ചര്‍ച്ചക്ക് വേണ്ടിയാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ച് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ചടങ്ങ് നടത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.
ഇഡി കസ്റ്റഡിയിലെടുത്തെന്ന വാർത്തകൾ തള്ളി എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂർ. കഴിഞ്ഞ ദിവസം നൽകിയ ഒരു നോട്ടീസിൽ ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദേശയാത്ര ഉള്ളതിനാൽ ഹാജരാകാൻ ആവില്ലെന്ന് അറിയിച്ചിരുന്നു. വിദേശയാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോൾ നോട്ടീസ് ഉണ്ടെന്നു പറഞ്ഞു യാത്ര തടഞ്ഞെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി.
തൃശൂർ രാഗം സുനിൽ വധശ്രമക്കേസിൽ പ്രതി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. പ്രവാസി വ്യവസായിയായ റാഫേലിനെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. അതേസമയം, റാഫേലിൻ്റെ പൊഴോലിപറമ്പിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. സിനിമ നിർമാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമയുമാണ് റാഫേൽ.സുനിലുമായുളള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
മലപ്പുറം ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിൽ ബാക്കി മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിവി അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
തൃശൂര്‍ വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഭീകരവാദത്തിന് മതമില്ലെന്ന ധാരണ പുനപരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ് രാം മാധവ് പറഞ്ഞു.ഒരുമതത്തെ ഭീകരരായി കാണാനാവില്ല, പക്ഷേ ഭീകരർക്ക് മതമുണ്ട്.കേസിലെ പ്രധാന പ്രതി തന്റെ ചെയ്തികൾ ന്യായീകരിക്കാൻ ഖുർആൻ ഉപയോഗിച്ചു, മതത്തിൽ നിന്നും പ്രോത്സാഹനം ഇവർക്കി കിട്ടുന്നു എന്നത് തളളിക്കളയാനാകില്ല.ഭീകരവാദത്തെ കുറിച്ചുള്ള രാജ്യത്തെ പലരുടെയും തെറ്റായ ധാരണകളെയും തകിടം മറിച്ചെന്നും രാം മാധവ് പറഞ്ഞു,
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് എതിരായ പ്രതിഷേധം ബംഗാളിൽ ശക്തമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിച്ചു. ബംഗാളിൽ എസ് ഐ ആർ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം എന്ന് മമത ബാനർജി നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും കമ്മീഷൻ മറുപടി കൊടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നേതാക്കളുടെ സംഘം കമ്മീഷൻ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
കർണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനമാറ്റത്തെച്ചൊല്ലി തർക്കം രൂക്ഷമെന്ന് റിപ്പോർട്. ഹൈക്കമാൻഡിന് മുന്നിൽ പരസ്പര കുറ്റപത്രവുമായി സിദ്ധരാമയ്യ, ശിവകുമാർ വിഭാഗങ്ങൾ രംഗത്തെത്തി. ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമെന്ന് സിദ്ധരാമയ്യ ക്യാമ്പ് ആരോപിച്ചു. എന്നാൽ മുദ അഴിമതി കേസിൽ സിദ്ധരാമയ്യയുടെ പങ്ക് ഡികെ ക്യാമ്പ് സൂചിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അവഗണിച്ച് ഒപ്പമെത്തിയ ജനതാദളുകാർക്ക് മാത്രം പരിഗണന നൽകുന്നുവെന്നും പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് ആരെന്ന് നേതൃത്വം ഓർക്കണമെന്നും ഡികെ ക്യാമ്പ് ആവശ്യപ്പെട്ടു.
ദില്ലിയിൽ മാത്രമല്ല, മുംബൈയിലും വായുവിന്റെ ഗുണ നിലവാരം കുത്തനെ താഴോട്ടാണെന്ന് റിപ്പോര്‍ട്ടുകൾ. വായു ഗുണനിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മുംബൈയിലെ സ്ഥിതിഗതികൾ വഷളാകുന്നതിനെക്കുറിച്ച് ബോംബെ ഹൈക്കോടതി അധികാരികളോട് മറുപടി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മരണസംഖ്യ 50 കടന്നു. 25 പേരെ കാണാതായി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ലങ്കയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊളംബോയിൽ വിമാനം ഇറക്കാനാകുന്നില്ലെങ്കിൽ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടുമെന്നാണ് സർക്കാർ നര്‍ദേശം.
ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇപ്പോഴും വാങ് ഫുക് കോർട് കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അമേരിക്കയിൽ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥരിൽ ഒരാൾ മരിച്ചു. ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
അമേരിക്കയിൽ കുടിയേറ്റ നിയമം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിർത്തിവെയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക, വിദേശ പൗരന്മാരെ കർശനമായി നിരീക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാഗമായി, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കാൻ തൻ്റെ ഭരണകൂടം പ്രവർത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
