റോഡിലെ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട ഭാഗങ്ങളില്‍ മണ്ണും കല്ലുമിട്ട് അടയ്ക്കുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം. മാസങ്ങളായി തുടങ്ങിയ നിര്‍മാണപ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയാക്കാനായില്ലെന്നും കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാർകോഴ ആരോപണത്തിൽ പ്രതിഷേധവുമായി മന്ത്രി എം ബി രാജേഷിന്‍റെ വീട്ടിലേക്ക് നോട്ടെണ്ണൽ മെഷീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എം ബി രാജേഷിന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി.
സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദ സന്ദേശം വിവാദമായപ്പോൾ ഇളവിനായിട്ടല്ല പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം. എന്നാൽ കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയതും ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖ പുറത്തായി. ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സ് അപ് ഗ്രൂപ്പിൽ മാസങ്ങൾക്ക് മുമ്പ് വന്ന സ്ക്രീൻ ഷോട്ടിൽ, കെട്ടിടം ഫണ്ടിലേക്ക് നൽകേണ്ടത് ഒരുലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്.
ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ആരോപിച്ചു. ടൂറിസം വകുപ്പ് മെയ് 21- ന് നടത്തിയ യോഗത്തിലാണ് മദ്യ നയത്തില്‍ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തത്. ഇതിന് പിന്നാലെയാണ് ബാര്‍ ഉടമകളുടെ സംഘടന എറണാകുളത്ത് യോഗം ചേര്‍ന്ന് പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. ഇന്നലെ പ്രതിപക്ഷം പുറത്ത് വിട്ട സൂം ലിങ്കിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ അബ്ക്കാരി പോളിസി റിവ്യൂ ആണ് വിഷയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനാണോ, എന്ത് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രണ്ടാം ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്‍. മദ്യനയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്‍കാന്‍ പിരിവിന് ആഹ്വാനം നല്‍കിയെന്ന ആക്ഷേപത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിത്. സര്‍ക്കാര്‍ മദ്യ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ടാണ് സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നത്. ഇതോടെ കീഴ്ക്കോടതിയിൽ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ മാർഗരേഖ സർക്കുലർ ആയി ഇറക്കണമെന്ന സർക്കാരിന്റ ഉപഹർജിയിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു.
പാലക്കാട് ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അപകടങ്ങൾ കുറയ്ക്കാനായി ബസ് ബേകളിൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ഇതിനെ തിരെയായിരുന്നു സമരം.
മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം നൽകി. എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്നതാണ് ആവശ്യം. രാജേഷിന്‍റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അമൃതയ്ക്ക് സ്ഥിര വരുമാനമാനമുള്ള ജോലിയില്ല. നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.
റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതൽ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂരിലെ അവയവക്കച്ചവട പരാതിയിൽ വൃക്കദാനത്തിൽ ഇടപെട്ടില്ലെന്നും യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമുളള ഇടനിലക്കാരൻ ബെന്നിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു. റിസ്ക് എടുത്ത് രേഖകൾ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടേയെന്ന് കരുതിയാണ്. താത്പര്യമില്ലെങ്കിൽ വേറെ ആളെ പേഷ്യന്‍റിന് ഇട്ടുകൊടുക്കും. യുവതി തയ്യാറല്ലെങ്കിൽ വേറെയും ദാതാക്കളുണ്ടെന്നാണ് ബെന്നി പറയുന്നത്. വൃക്കദാനത്തിൽ ഇടപെട്ടില്ലെന്നും, യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമാണ് ബെന്നി ഇന്നലെ പറഞ്ഞിരുന്നത്.
കെഎസ്‌യു മേഖലാ ക്യാംപിലെ കൂട്ടത്തല്ലിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകും. കൂട്ടത്തല്ലിൽ ഭാഗമായ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെ.പി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷന്റെ ശുപാർശ. ക്യാംപിലേക്ക് കെ.സുധാകരനെ ക്ഷണിക്കാതിരുന്നതിൽ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനോടും വിശദീകരണം തേടും.
പ്ലസ് വണ്‍ പ്രവേശനത്തിനായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്ത്. സംസ്ഥാനത്ത് ആകെ 4,65,960 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാർത്ഥികളാണെന്നാണ് കണക്ക്. 29ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും.
12 വയസിൽ താഴെയുള്ള സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ 80 കുട്ടികൾക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നൽകി. മരുന്നിനായി അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയാണ് കേരളം മാതൃകയായത്. ഇവർക്കുള്ള തുടർചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ് തന്നെ നൽകും.
തൃശൂരിലെ പെരിങ്ങാവ് എസ്.എൻ. പെറ്റ്സ് ഷോപ്പിൽ വൻ കവര്‍ച്ച. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും കവര്‍ന്നു. ഒരു ലക്ഷം രൂപയോളം വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താന്‍ അനുമതിയുള്ളൂ. ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.
ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു.
കണ്ണൂർ കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിൽ അച്ഛനും മക്കളും ചേർന്ന് ഗൃഹനാഥനെ അടിച്ചു കൊന്നു. നമ്പ്യാർമെട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അജയകുമാറിനെ കൊലപ്പെടുത്തിയതില്‍ അയൽവാസികളായ ടി ദേവദാസ് മക്കളായ സജ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസിൻ്റെ വീട്ടിൽ നിന്നും മലിന ജലം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
പള്ളിയിൽ നിന്നും തിരിച്ചുവരുന്നതിനിടെ റോഡരികില്‍ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. തൃശൂര്‍ മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം മാപ്രാണം സ്വദേശിയായ കുറ്റിക്കാടൻ വീട്ടിൽ ഷൈജുവാണ് മരിച്ചത്.
റിയാദിൽ വീട്ടിനുള്ളിൽ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ് ശൈഖാണ് മരിച്ചത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയായിരുന്നു മരണം.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 47 കോടിയോളം രൂപയാണ് ലഭിച്ചതെന്ന്സമാഹരിച്ച തുകയിൽ നിന്ന് ദിയാധനം നൽകാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യൻ രൂപയും വക്കീൽ ഫീസായി നൽകാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യൻ രൂപയും ഇതിനോടകം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും ഭാരവാഹികൾ അറിയിച്ചു.
ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളിൽ രാജ്യസഭ എംപി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് നാടകീയ രംഗങ്ങൾ. കോടതിക്കുള്ളിൽ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നു എന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ കേട്ടാണ് സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞത്.
തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പരസ്യങ്ങള്‍ കണ്ടിരുന്നുവെന്നും പ്രഥമദൃഷ്ട്യ അപമാനകരമാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. പരസ്യങ്ങള്‍ വിലക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.
ദില്ലിയിലെ വിവേക് നഗറിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും. അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർക്കാർ പാലിച്ചില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർ പേഴ്സൺ പറഞ്ഞു. തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ആശുപത്രി ഉടമ നവീൻ കച്ചിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ രാജ്കോട്ടിൽ കുട്ടികളടക്കം 33 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിൽ ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സാധനങ്ങളിലേക്ക് വെൽഡിങ് മെഷിനിൽനിന്ന് തീപ്പൊരി തെറിച്ചുവീണാണ് അഗ്നിബാധയുണ്ടായതെന്ന് സി സി ടി വി റിപ്പോർട്ട്. തീപ്പിടിത്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലുടെ ഇതിന് വ്യക്തത ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.