എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ ഗാനമായ ‘നാട്ടു നാട്ടു’വിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. എം.എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച ഗാനമാണിത്. റിഹാന, ലേഡിഗാഗ, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനം മത്സരിച്ചത്. എ.ആര്‍ റഹ്‌മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷത്തിനുശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
ഒന്നര കോടി രൂപയുടെ ലഹരിക്കടത്തില്‍ പ്രതിയായ ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയ്‌റക്ടറേറ്റിന് പരാതി. മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് ആവശ്യം.
ലഹരിക്കടത്ത് വിവാദത്തില്‍ പാര്‍ട്ടി അംഗം ഷാനവാസിനെതിരായ നടപടിയെച്ചൊല്ലി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായ ഭിന്നത. പുകയില കടത്തിയ കേസില്‍ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശത്തെ ഒരു വിഭാഗം തള്ളി. ഇതോടെ തീരുമാനമെടുക്കാനായിട്ടില്ല.
സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രചാരണം നടത്തുമ്പോള്‍ സിപിഎം നേതാക്കള്‍ ലഹരി മാഫിയകളാകളായെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എന്തു പറയാനുണ്ടെന്നും സതീശന്‍ ചോദിച്ചു.
തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാല്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്.
ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ശശി തരൂര്‍ അടക്കമുള്ള എംപിമാരുടെ പരസ്യ പ്രസ്താവനകള്‍ അച്ചടക്ക ലംഘനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍. മത്സരിക്കുന്ന കാര്യം ഹൈകമാന്‍ഡാണ് തീരുമാനിക്കേണ്ടത്. ആര്‍ക്കും പദവികള്‍ ആഗ്രഹിക്കാം. പക്ഷെ പാര്‍ട്ടി നടപടി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. റാണ നേപ്പാള്‍ വഴി വിദേശത്തേയ്ക്കു കടക്കുന്നത് തടയാനുള്ള നീക്കത്തിലാണു പൊലീസ്.
തൃശൂരില്‍ മറ്റൊരു നിക്ഷേപത്തട്ടിപ്പുകടി. ധനവ്യവസായ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച മുന്നൂറിലേേെറര്‍ കബളിപ്പിക്കപ്പെട്ടു. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികള്‍ മുങ്ങിയെന്നാണ് പരാതി.
പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെ ഉണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ബിജെപി സമിതിയെ നിയോഗിച്ചു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കും. കയ്യാങ്കളി നടന്നിട്ടില്ലെന്നും യോഗത്തിലേക്കു കമ്മിറ്റി അംഗങ്ങളല്ലാത്തവര്‍ തിരിച്ചയക്കുകയാണു ചെയ്തതെന്നണു ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
കുഴല്‍മന്ദത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുരി ഏഴിനു കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി.എല്‍ ഔസേപ്പിനെയാണ് കെഎസ്ആര്‍ടിസി പുറത്താക്കിയത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബു വച്ചെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി നാലു വയലിലെ പി എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഇയാള്‍ വിളിച്ച് പറഞ്ഞത്.
തൃശൂര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ മേള പ്രമാണി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതില്‍ പരിഭവമില്ലെന്ന് പെരുവനം കുട്ടന്‍ മാരാര്‍. പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. 25 വര്‍ഷം മേള പ്രമാണിയായി തുടര്‍ന്നത് ഈശ്വരാനുഗ്രഹംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലയ്ക്ക് മേളപ്രമാണിയായിരുന്ന കുട്ടന്‍ മാരാരുടെ മകനെ മേളത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തിയിരുന്നു. ദേവസ്വം ഭാരവാഹികള്‍ പിന്‍നിരയിലേക്കു മാറ്റിയതോടെ കുട്ടന്‍മാരാര്‍ നീരസം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് മേളപ്രമാണി സ്ഥാനത്തുനിന്നു മാറ്റിയത്.
വളാഞ്ചേരിയില്‍ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പരിചയപ്പെട്ട 18 കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27 കാരന്‍ വളാഞ്ചേരിയില്‍ രാത്രി പത്തരയോടെ എത്തിയത്. കുളമംഗലത്തെ വീടിന്റെ പരിസരത്ത് പതുങ്ങി നിന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിനുള്ളില്‍ തുമ്പികൈ ഇല്ലാത്ത ആനക്കുട്ടി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്. അമ്മയാനയും ഒപ്പമുണ്ട്.
വണ്ടന്മേടിനു സമീപം ആമയാറില്‍ പൂച്ചപ്പുലി ചത്തനിലയില്‍. ഇരട്ടപ്പാലത്തിനു സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ് പൂച്ചപ്പുലി ചത്തത്.
ഭാരത് ജോഡോ യാത്ര പഞ്ചാബില്‍. ഗുരുദ്വാര ഫത്തേഗഡ് സാഹിബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കടുത്ത ശൈത്യത്തെ അതിജീവിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം നടക്കുന്നത്. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തിയിരുന്നു.
ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണയോടെ പ്രവര്‍ത്തിക്കുമെന്ന് സിപിഎം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണു ധാരണ. എന്നാല്‍ സഖ്യമുണ്ടാകില്ല. ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
തമിഴ്‌നാട്ടിലെ ഗവര്‍ണര്‍ രവിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരടങ്ങുന്ന അഞ്ചംഗ ഡിഎംകെ സംഘം രാഷ്ട്രപതിയെ കാണും. ഇന്നലെ ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നില്‍ വിജയിന്റേയും അജിത്തിന്റേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇന്ന് റിലീസായ ഇരുവരുടേയും ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്.
ജോഷിമഠില്‍ വിള്ളല്‍ രൂപപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം 723 ആയി. 86 കെട്ടിടങ്ങള്‍ അപകടകരമായ അവസ്ഥയിലാണ്. 131 കുടുംബങ്ങളിലെ നാനൂറിലധികം പേരെ മാറ്റി താമസിപ്പിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാനാണ് സര്‍ക്കാര്‍ നീക്കം. നഷ്ടപരിഹാരം വേണമെന്നു നാട്ടുകാര്‍.
മിക്ക രാജ്യങ്ങളുടെയും വളര്‍ച്ചാ പ്രവചനങ്ങള്‍ കുറയുമെന്ന് ലോകബാങ്ക്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. യുക്രെയിന്‍ യുദ്ധവും പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കുമാണു മന്ദ്യത്തിന്റെ പ്രധാന കാരണം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രഖ്യാപിച്ച 6.9 ശതമാനത്തിനു പകരം 6.6 ശതമാനമേ ഉണ്ടാകൂവെന്നാണു പ്രവചനം.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനെ നികുതിവെട്ടിപ്പിനു ശിക്ഷിച്ചു. ട്രംപ് ഓര്‍ഗനൈസഷന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായിരുന്ന അലന്‍ വൈസല്‍ബെര്‍ഗി (75) നാണ് ന്യൂയോര്‍ക്ക് കോടതി അഞ്ച് മാസത്തെ തടവു ശിക്ഷ വിധിച്ചത്.
ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപരന്ത്യം ശിക്ഷ. നിലവില്‍ മൂന്നു ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോ. മനീഷ് ഷായ്ക്കാണ് വീണ്ടും ജീവപരന്ത്യം ശിക്ഷ വിധിച്ചത്. 115 കേസുകളാണ് മനീഷ് ഷായ്ക്ക് എതിരെയുള്ളത്.