സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടത്തിലും പിഴവുകള്‍. സര്‍വേ നമ്പരുകള്‍ പലതും തെറ്റാണെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കുന്ന സര്‍വേ നമ്പരുള്ള ഭൂപടത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ക്കു പുതിയ പരാതി നല്‍കാം. പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി ഏഴിന് അവസാനിക്കും.
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും എതിരേ തെളിവില്ലെന്നു സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ആറു പീഡനകേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
സോളാര്‍ പീഡനകേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിയെക്കുറിച്ചു പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോടു ‘തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്ന’തെന്നു ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയാനുള്ളതു സമയമാകുമ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളതു പറയിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരിതിക്കാരി പറഞ്ഞു.
ഒളിമ്പിക്‌സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസില്‍ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താനുള്ള വേദികളുണ്ട്. മറ്റു ജില്ലകളില്‍ കൂടി സൗകര്യമുുണ്ടാക്കിയാല്‍ എല്ലാ ജില്ലകളിലും കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താനാകും. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സ്വന്തമായി സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ടു നിയമസഭ പാസാക്കിയ ബില്ലില്‍ എന്തു നിലപാടെടുക്കണമെന്ന് രാജ്ഭവന്‍ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ബില്‍ കണ്ടിട്ടില്ല. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും അധികാരപരിധിയിലുള്ള വിദ്യാഭ്യാസ വകുപ്പില്‍ കേരളത്തിനു മാത്രമായി നിയമ നിര്‍മാണം പറ്റില്ല. കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനും ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും എതിരെ വിജിലന്‍സില്‍ പരാതി. വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്യായ സ്വാധീനം ഉപയോഗിച്ചെന്നാണ് ആരോപണം. ആന്തൂര്‍ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്.
തിരുവനന്തപുരം വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. ആണ്‍ സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപുവിനെ അറസ്റ്റു ചെയ്തു. രാത്രി ഒന്നരയോടെ വീടിനു പുറത്തേക്കു വിളിച്ചിറക്കിയാണ് കൊലപ്പെടുത്തിയത്. മറ്റൊരു വാട്‌സ്ആപ് നമ്പറില്‍നിന്ന് ചാറ്റ് ചെയ്താണ് പെണ്‍കുട്ടിയെ ഗോപു രാത്രി വീടിനു പുറത്തേക്കു വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സോളാര്‍ പീഡന കേസില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് സിബിഐ. മൊഴി മാറ്റിപറയാന്‍ കെ സി വേണുഗോപാല്‍ പണം നല്‍കിയെന്ന് വരുത്താനായിരുന്നു പരാതിക്കാരിയുടെ ശ്രമം. പരാതിക്കാരിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍ മൊഴി നല്‍കാന്‍ സിബിഐ ഓഫീസില്‍ എത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന 50,000 രൂപ വേണുഗോപാലിന്റെ സെക്രട്ടറി തന്നതാണെന്നു രാജശേഖരന്‍ മൊഴി നല്‍കി. പണം നല്‍കിയത് പരാതിക്കാരിതന്നെയാണെന്ന് സിബിഐ കണ്ടെത്തി.
സോളാര്‍ കേസ് സിബിഐ അന്വേഷിച്ചതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെ സുധാകരന്‍. കേരള പൊലീസ് ആയിരുന്നെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ല. സുധാകരന്‍ പറഞ്ഞു.
സോളാര്‍ സമരത്തിന്റെ പേരില്‍ കോടികളുടെ പൊതുമുതല്‍ നശിപ്പിച്ച പിണറായിയും സി പി എമ്മും കേരള ജനങ്ങളോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ സംശയമുനയില്‍ നിര്‍ത്താന്‍ ആസൂത്രിത ഗൂഢാലോചന നടന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോസഫ് പറഞ്ഞു.
തന്നെ പുകഴ്ത്തി കണ്ണൂരിലെ കപ്പക്കടവില്‍ ഉയര്‍ന്ന ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. ഫ്‌ളക്‌സ് വച്ചത് വലതുപക്ഷ ഗൂഢാലോചനയാണ്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നു വരുത്താനാണ് ശ്രമം. ജയരാജന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാന്‍ ആലോചനയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സുധാകരനെതിരെ എഐസിസിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ്‌നായ ലിഡോ വിരമിച്ചു. ഒമ്പതുവര്‍ഷത്തെ സേവനമാണു പൂര്‍ത്തിയാക്കിയത്. ആലപ്പുഴ കെ-9 സ്‌ക്വാഡിലെ സീനിയര്‍ ഡോഗായിരുന്നു. ഇനി തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ‘വിശ്രാന്തി’ എന്ന കേന്ദ്രത്തിലേക്കു മാറ്റും. ട്രാക്കര്‍ വിഭാഗത്തില്‍പെട്ട നായയാണ് ലിഡോ.
മലപ്പുറത്ത് അന്ധയായ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്കു പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ആണ് പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസിന്റെ പിടിയിലായി.
മദ്യപാനം മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്നു പറഞ്ഞു കബളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അമ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വയനാട് പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍, ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി, മജീദ്, മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
അയല്‍വാസികളായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 15 കൊല്ലം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശി നെടുപുരക്കല്‍ മുഹമ്മദ് ഇസ്മയിലിനെയാണ് ശിക്ഷിച്ചത്.
കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയില്‍. സുധീഖ് ഷാ, ലിജു, ഉണ്ണികൃഷ്ണന്‍, അനന്ദു, ആരോമല്‍, മോഹന്‍ രാജ് എന്നിവരാണ് പിടിയിലായത്.
ജനറേറ്ററില്‍നിന്ന് പെട്രോള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വെള്ളറടയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദ്ദിച്ചു. കത്തിപ്പാറ കോളനിയിലെ മഹേഷ് (40) നെ മര്‍ദിച്ചതിന് കുടപ്പനമൂട് സ്വദേശിയായ രാജേഷ് (20) അറസ്റ്റിലായി. ക്രിസ്മസ് ആഘോഷത്തിനു സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററില്‍നിന്നും മഹേഷ് പെട്രോള്‍ അപഹരിച്ചെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മര്‍ദ്ദിച്ചത്.
ഭാരത് ജോഡോ യാത്രയെ ബിജെപിക്കു ഭയമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തടയാാന്‍ ശ്രമിച്ചാലും മുന്‍പോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ എഐസിസി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുകള്‍ തോറും എത്തിക്കാനുള്ള പ്രചാരണ പരിപാടിയ ഹാഥ് സേ ഹാഥ് ജോഡോ അഭയാന്‍ പരിപാടി ഉടനേ ആരംഭിക്കും. ഇതിനായി സംസ്ഥാന നിരീക്ഷകരെ നിയോഗിച്ചു. തമിഴ്‌നാട് മുന്‍ പിസിസി അധ്യക്ഷന്‍ തിരുനാവുക്കര്‍ശിനാണ് കേരളത്തിന്റെ ചുമതല. കൊടിക്കുന്നില്‍ സുരേഷ് എംപിക്കു തമിഴ്‌നാടിന്റെ ചുമതല നല്‍കി.
ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണിഷ ശര്‍മ്മയുടെ അന്ത്യകര്‍മ്മത്തിന് എത്തി പൊട്ടിക്കരഞ്ഞ് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും. ടുണിഷയുടെ മൃതദേഹം കണ്ട ഷീസാന്‍ ഖാന്റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണു.
കടലില്‍ ഒരു മാസം തടി ബോട്ടില്‍ കഴിച്ചുകൂട്ടിയ 185 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍ എത്തി. ബോട്ടിലുണ്ടായിരുന്ന 26 പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു.