മൂന്ന് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പുറത്തിറക്കി മൈക്രോസോഫ്റ്റ്. ചിത്രങ്ങള്‍ സൃഷ്ടിക്കല്‍, ശബ്ദം നിര്‍മ്മിക്കല്‍, ശബ്ദം ടെക്സ്റ്റിലേക്ക് മാറ്റല്‍ എന്നീ പ്രക്രിയകള്‍ക്കായാണ് ഈ എഐ മോഡലുകള്‍ വികസിപ്പിച്ചിരിക്കുന്നത്. എംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ പേരുകളിലാണ് ഇവ പുറത്തിറക്കിയത്. 25 പ്രമുഖ ഭാഷകളില്‍ മികച്ച നിലവാരത്തിലുള്ള സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കാന്‍ എംഎഐ-ട്രാന്‍സ്‌ക്രൈബ്-1 ന് കഴിയും. എംഎഐ-വോയിസ്-1 മോഡല്‍ ഒരു സെക്കന്‍ഡില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. അതേസമയം, എംഎഐ- ഇമേജ്-2 മോഡല്‍ കൂടുതല്‍ ഗുണമേന്മയുള്ള ചിത്രങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഗൂഗിള്‍, ഓപ്പണ്‍എഐ പോലുള്ളവയേക്കാള്‍ മികച്ചതാണിതെന്നാണ് കമ്പനി അവകാശം.
പുതിയ എഐ മോഡലുകളുമായി മൈക്രോസോഫ്റ്റ്
