ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെറ്റ. ഇന്ത്യയില്‍ ഷോര്‍ട്ട് വിഡിയോകളായ റീല്‍സിനുള്ള ജനപ്രീതി കൂടി തിരിച്ചറിഞ്ഞാണ് മെറ്റയുടെ നീക്കം. മണികണ്‍ട്രോളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പഠനം 2024ന്റെ ആദ്യപാദത്തില്‍ മെറ്റ നടത്തുമെന്നാണ് സൂചന. 10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുടെ ചെറു ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിക്കുന്നത്. എത്ര തുക ഇതിനായി ഫേസ്ബുക്ക് മുടക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ ടയര്‍ 4 ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നതിന് വേണ്ടി വരുന്ന ചെലവ് 50 മുതല്‍ 60 കോടി രൂപ വരെയാണ്. ഇതനുസരിച്ച് പുതിയ പദ്ധതിക്കായി ഇന്ത്യയില്‍ 500 മുതല്‍ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് വിവരം.ഇന്ത്യയിലെ റീല്‍സ് തരംഗമാണ് ഡാറ്റ സെന്റര്‍ തുടങ്ങാന്‍ മെറ്റയെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. 2020 ജൂലൈയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യയില്‍ റീല്‍സ് കൊണ്ട് വന്നത്. ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധനത്തോടെ ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് കാണുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു.