വയനാട് ഉരുൾപൊട്ടൽ മേഖലയിൽ നടത്തിയ ജനകീയ തെരച്ചിലിൽ ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാനായില്ല. തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെ അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. എന്നാൽ മൃതദേഹങ്ങൾ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ നൽകാത്തതിനാൽ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. രാവിലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും മാറ്റാൻ കഴിയാതെ വന്നത്. 4 മൃതദേഹങ്ങളും ഇപ്പോഴും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളത്. ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജില്ലാഭരണകൂടം രംഗത്തെത്തി. സമയം വൈകിയതിനാൽ മൃതദേഹങ്ങൾ ഇന്ന് എയർ ലിഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു.