ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 87,599 കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2021 ജൂലായ് 5-നും 2023 ഫെബ്രുവരി 15-നും ഇടയില്‍ നിര്‍മ്മിച്ച എസ്-പ്രസ്സോ, ഇക്കോ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനങ്ങളിലെ സ്റ്റിയറിങ്ങ് ടൈ റോഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ചില സന്ദര്‍ഭങ്ങളില്‍ ഈ മോഡല്‍ വാഹനങ്ങളുടെ സിറ്റിയറിംഗ് കണ്‍ട്രോളിനെയും ഹാന്‍ഡലിംഗിനെയും ഇത് ബാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റീ കോള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മാരുതി സുസുക്കി അറിയിച്ചു. വാഹനം പരിശോധിക്കുന്നതിന് കമ്പനിയുടെ അംഗീകൃത ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍നിന്ന് ഉടമകള്‍ക്ക് അറിയിപ്പ് ലഭിക്കും. പരിശോധനയ്ക്ക് ശേഷം തകരാര്‍ സംഭവിച്ച ഭാഗം മാറ്റി പുതിയത് സൗജന്യമായി സ്ഥാപിച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചു. തിരിച്ചു വിളിക്കല്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.