അടുത്തിടെ ഏറെ ഹൈപ്പോടെ പുറത്തിറക്കിയ ഫൈവ് ഡോര്‍ ജിംനിയ്ക്ക് ഒരുലക്ഷം രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ. നാല് മാസം മുന്‍പാണ് ഈ എസ്യുവി ഗ്ലാമര്‍ വിഭാഗമായ ഓഫ്റോഡ് വിപണിയില്‍ പ്രവേശിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ നെക്സ ഔട്ട്‌ലെറ്റ് വഴിയാണ് വാഹനം വില്‍ക്കുന്നത്. മാരുതി സുസുക്കി ജിംനി ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിന്റെ മുഖ്യ എതിരാളിയാണ്. ജൂണ്‍ മുതല്‍ മാരുതി ജിംനിയുടെ 12,604 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതേ കാലയളവില്‍ മഹീന്ദ്ര ഥാറിന്റെ 20,532 യൂണിറ്റുകളും ഉപഭോക്താക്കളിലേക്ക് എത്തി. ഥാറിന്റെ 5,100 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസം 3,100 യൂണിറ്റുകളാണ് ജിംനിയുടെ ശരാശരി വില്‍പ്പന. എന്‍ട്രി ലെവല്‍ സീറ്റ, ടോപ്പ്-സ്‌പെക്ക് ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ജിംനി ലഭ്യമാണ്. വിവിധ ഡീലര്‍ഷിപ്പ് ഉറവിടങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സീറ്റ വേരിയന്റിന് 50,000 രൂപയുടെ മുന്‍കൂര്‍ കിഴിവും 50,000 രൂപയുടെ ലോയല്‍റ്റി ബോണസും ഉണ്ട്. ഇതിനകം മാരുതി കാര്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി ബോണസ് ലഭിക്കും. 105പിഎസ് പരമാവധി കരുത്തും 134എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന കെ15ബി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയുടെ ഹൃദയഭാഗത്ത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് എംടി, 4സ്പീഡ് എടി എന്നിവ ഉള്‍പ്പെടുന്നു.