ഉയരം കൂടിയ വ്യക്തികള്‍ക്ക് പ്രായമാകുമ്പോഴേക്കും ചിലതരം രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്ന് ജനിതക പഠനം. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള നാഡീവ്യൂഹങ്ങള്‍ക്ക് ക്ഷതം വരുന്ന പെരിഫെറല്‍ ന്യൂറോപതി, രക്തചംക്രമണവുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ തുടങ്ങിയവ ഉയരം കൂടിയവരെ അലട്ടാന്‍ സാധ്യതയേറെയാണെന്ന് പിഎല്‍ഒഎസ് ജനറ്റിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മില്യണ്‍ വെറ്ററന്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്ത 2.8 ലക്ഷം വൃദ്ധസൈനികരുടെ ജനിതക, മെഡിക്കല്‍ േഡറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. ഉയരം കൂടിയവര്‍ക്ക് ഹൃദ്രോഗ രോഗങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ അനുബന്ധ പ്രശ്‌നങ്ങളും ഇവരില്‍ താരതമ്യേന കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ മോശം രക്തയോട്ടത്തിന് കാരണമാകുന്ന താളം തെറ്റിയ ഹൃദയതാളം ഉയരക്കാരില്‍ വരാന്‍ സാധ്യത ഏറെയാണ്. നാഡീവ്യൂഹ തകരാറുമായി ബന്ധപ്പെട്ട ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മൂത്രസഞ്ചി പൂര്‍ണമായി ഒഴിക്കാന്‍ പറ്റാതാകുന്ന യൂറിനറി റിറ്റന്‍ഷന്‍ എന്നിവയും ഉയരക്കൂടുതല്‍ ഉള്ളവരില്‍ വരാമെന്ന് പഠനം കൂട്ടിച്ചേര്‍ക്കുന്നു. സെല്ലുലൈറ്റിസ്, ചര്‍മ രോഗങ്ങള്‍, കാലുകളിലെ അള്‍സര്‍, എല്ലുകളിലെ അണുബാധയായ ഓസ്റ്റിയോമൈലിറ്റിസ് എന്നിവയും ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വെരിക്കോസ് വെയ്ന്‍, ത്രോംബോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യതയും പൊക്കമുള്ളവരില്‍ അധികമാണ്.