ബോക്സ്ഓഫിസില്‍ അതിഗംഭീര പ്രതികരണവുമായി ‘മഞ്ഞുമ്മല്‍ ബോയ്സ്’. ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത് 3.35 കോടിയാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ കൂടിയാണിത്. മാത്രമല്ല സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും മഞ്ഞുമ്മലിനു സ്വന്തം. ആദ്യദിനം ഇന്ത്യയൊട്ടാകെ ലഭിച്ചത് 3.9 കോടി രൂപയും. അതേസമയം ആഗോള കളക്ഷന്‍ 7 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം 1.47 കോടി രൂപ അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം സിനിമയ്ക്കു ലഭിച്ചിരുന്നു. രണ്ടാം ദിവസവും ആവേശം അവസാനിക്കുന്നില്ല. 893 ഷോകളില്‍ നിന്നായി 1.38 കോടിയാണ് രണ്ടാം ദിനം സിനിമയുടെ അഡ്വാന്‍സ് ബുക്കിങിലൂടെ ലഭിച്ചത്. ‘ജാന്‍ എ മന്’ എന്ന ചിത്രത്തനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കേരളത്തിലും തമിഴിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. മധ്യവേനവധി കാലത്ത് കേരളത്തില്‍ നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ ടൗണിന് പുറത്താണ് ‘ഡെവിള്‍സ് കിച്ചന്’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള ‘ഗുണാ കേവ്സ്’ സ്ഥിതി ചെയ്യുന്നത്. ഈ ഗുഹയില്‍ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്. ചിത്രത്തില്‍ നടന് സലിം കുമാറിന്റെ മകന് ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.