തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ‘മുകള്‍പ്പരപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശന്‍ കെ കെയാണ് നിര്‍മ്മാതാവ്. അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും മുകള്‍പ്പരപ്പിനുണ്ട്. അപര്‍ണ ജനാര്‍ദ്ദനന്‍ നായികയാകുന്നു. സംഗീതത്തിനും പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് വികസിക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിള ഉണ്ണി, ചന്ദ്രദാസന്‍ ലോകധര്‍മ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവര്‍ക്കൊപ്പം നൂറോളം പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്തും.