മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രമാണ് ‘ബസൂക്ക’. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം വസുദേവ് മേനോനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂര്‍ണ്ണമായും ഗെയിം ത്രില്ലര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കഥയിലും അവതരണത്തിലും തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നവല്‍ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോര്‍ജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോന്‍ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.