‘മക്തൂബ്!” അവള് പറഞ്ഞു. ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള് നീ എന്റെ അരികില്‍ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ട്. എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ‘ആല്‍കെമിസ്റ്റ്’ വായിച്ചവര്‍ മറക്കാനിടയില്ലാത്ത വരികള്‍. ആല്കെമിസ്റ്റിനിതാ ഒരു സഹചാരി. മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നു കാണിക്കുന്ന ഒരുപിടി കഥകളും ദൃഷ്ടാന്തങ്ങളും ചേര്‍ത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരില്‍ ഒരാളായ പൗലോ കൊയ്ലോ രചിച്ച കൃതി. മക്തൂബ് എന്നാല്‍ ‘രചിക്കപ്പെട്ടത്’ എന്നാണര്‍ത്ഥം. ഈ പുസ്തകത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരന്. നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ച സത്യങ്ങളെ തുറന്നു കാണിക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. ‘മക്തൂബ് ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല- അനുഭവങ്ങളുടെ കൈമാറ്റമാണ്.’ ‘മക്തൂബ്’. ഡിസി ബുക്സ്. വില 240 രൂപ.