കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഥാര്‍ റോക്സിനെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വിവിധ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ പ്ലാറ്റ്ഫോം വരുന്ന ഓഗസ്റ്റ് 15ന് പുറത്തിറക്കും. ഫ്രീഡം നൂ എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമിന്റെ ടീസറും കമ്പനി പുറത്തിറക്കി. നേരത്തെ എന്‍.എഫ്.എ എന്ന് പേരിട്ടിരുന്ന പ്ലാറ്റ്ഫോമാണിത്. മഹീന്ദ്രയുടെ ഐസ് വാഹനങ്ങള്‍ നിര്‍മിക്കുന്ന മഹീന്ദ്ര ഓട്ടോമോട്ടീവിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് പ്ലാറ്റ്ഫോമിന്റെ ടീസര്‍ പുറത്തുവിട്ടത്. എന്നാല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലോഗോയും ഹാഷ്ടാഗും ടീസറിലുണ്ട്. മഹീന്ദ്രയുടെ വരാനിരിക്കുന്ന പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ നൂ പ്ലാറ്റ്ഫോമിലായിരിക്കുമെന്നാണ് വിവരം. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ ബൊലേറോ നൂ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണ് സൂചന. ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഥാര്‍ സ്പോര്‍ട്സിലും ഇതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.