രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വകാര്യ ബാങ്കായ ആര്‍.ബി.എല്‍ ബാങ്കില്‍ 10 ശതമാനം ഓഹരി വാങ്ങുന്നു. ഓട്ടോമൊബൈല്‍, ഐ.ടി, ബാങ്ക്-ഇതര ധനകാര്യ സ്ഥാപനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള സ്ഥാപനമാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര നേതൃത്വം നല്‍കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബാങ്കിംഗ് മേഖലയിലും സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവില്‍ ആര്‍.ബി.എല്ലിന്റെ 3.5 ശതമാനം ഓഹരികള്‍ മഹീന്ദ്രയുടെ കൈവശമാണ്. ഏറ്റെടുക്കലിനു ശേഷം ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായ മേപ്പിളിനൊപ്പം ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി മഹീന്ദ്ര മാറും. ബാങ്കിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കണമെങ്കില്‍ മഹീന്ദ്രയ്ക്ക് റീസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. 2023 ജൂണ്‍ പാദത്തില് ബാങ്കിന്റെ ലാഭം 43.2% ഉയര്‍ന്ന് 288 കോടി രൂപയായി. ഉയര്‍ന്ന പലിശ വരുമാനവും കുറഞ്ഞ നീക്കിയിരുപ്പുമാണ് ഇതിന് സഹായകമായത്. ഓഹരി സ്വന്തമാക്കുന്ന വര്‍ത്തകള്‍ക്കു പിന്നാലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികള്‍ 7 ശതമാനം ഇടിഞ്ഞു. വിപണി മൂല്യത്തില്‍ 12,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. അതേ സമയം, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആര്‍.ബി.എല്‍ ബാങ്കിന്റെ ഓഹരി വില 44 ശതമാനം ഉയര്‍ന്നു. ജൂണ്‍ 26 ന് 166 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 246 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 1.7 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.