രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ രണ്ട് പുതിയ മോഡലുകളുമായി മഹീന്ദ്ര. എക്സ്.ഇ.വി 9ഇ, ബിഇ 6ഇ എന്ന് പേരിട്ടിരിക്കുന്ന വാഹനം മഹീന്ദ്രയുടെ സ്വന്തം ഇവി പ്ലാറ്റ്ഫോമായ ഇന്‍ഗ്ലോയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫോക്സ് വാഗണുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ആദ്യ മോഡലുകളാണിത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഷോറൂമുകളിലെത്തുന്ന വണ്ടി ഫെബ്രുവരിയോടെ ഡെലിവറി ആരംഭിക്കും. എക്സ്.ഇ.വി 9ഇയ്ക്ക് 659 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 79 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ്. 286 ബി.എച്ച്.പി കരുത്തും 380 എന്‍.എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറുമുണ്ട്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 6.8 സെക്കന്‍ഡ് മതിയാകും. 21.90 ലക്ഷം രൂപ മുതലാണ് വില. ബി.ഇ 6ഇ യ്ക്ക് 682 കിലോമീറ്ററാണ് എ.ആര്‍.എ.ഐ സര്‍ട്ടിഫൈഡ് റേഞ്ച്. ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്ററെങ്കിലും ഓടും. 281 ബി.എച്ച്.പി കരുത്താണ് വാഹനത്തിനുള്ളത്. 0-100 കിലോമീറ്ററെത്താന്‍ 6.7 സെക്കന്‍ഡ് മതിയാകും. എക്സ്.ഇ.വി 9ഇയുടേതിന് സമാനമായ ബാറ്ററി പാക്കാണ് ഇതിലും. 18.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.