ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് മഗ്‌നീഷ്യം. ഊര്‍ജ്ജ ഉല്‍പാദനം, പ്രോട്ടീന്‍ സിന്തസിസ്, പേശി, നാഡി പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദ നിയന്ത്രണം എന്നിവയില്‍ ഇത് സഹായിക്കുന്നു. മഗ്‌നീഷ്യം കുറവ്, അല്ലെങ്കില്‍ ഹൈപ്പോമാഗ്‌നസീമിയ, പല വ്യക്തികളെയും ബാധിക്കുന്നു. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ക്ഷീണം, ബലഹീനത, ഓക്കാനം, വിശപ്പില്ലായ്മ, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, അസ്ഥികളുടെ ആരോഗ്യം മോശമാകല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിനും, വീക്കം നിയന്ത്രിക്കുന്നതിനും, ന്യൂറോണുകളെ സംരക്ഷിക്കുന്നതിനും മഗ്‌നീഷ്യം വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തില്‍ മഗ്‌നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്‌നീഷ്യത്തിന്റെ അഭാവം ന്യൂറോഇന്‍ഫ്‌ലമേഷനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനും കാരണമായേക്കാം. ഇവ രണ്ടും അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കൂട്ടുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ, മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് വൈജ്ഞാനിക പ്രവര്‍ത്തനത്തിലെ വൈകല്യത്തിനും ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചീര, ഇലക്കറികള്‍, നട്സ്, ബദാം, കശുവണ്ടി, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നത് ആരോഗ്യകരമായ മഗ്‌നീഷ്യം അളവ് നിലനിര്‍ത്താന്‍ സഹായിക്കും, കാരണം സമ്മര്‍ദ്ദം ശരീരത്തിലെ മഗ്‌നീഷ്യത്തെ ഇല്ലാതാക്കും.
