മാജിക് മഷ്‌റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളില്‍ ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരില്‍ മികച്ച ഫലങ്ങള്‍ ലഭ്യമാകുമെന്ന് ഗവേഷകര്‍. ഇവയില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ രോഗിയുടെ കാഴ്ചപാടുകള്‍ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നും കണ്ടെത്തി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളില്‍ നിന്നുള്ള 233 ആളുകള്‍ക്ക് 1, 10, 25 മില്ലിഗ്രാം നിരക്കില്‍ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇതില്‍, 25 മി.ഗ്രാം മികച്ച ഫലം നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. 25 മില്ലിഗ്രാം സൈലോസിബിന്‍ ഗുളികകള്‍ രോഗികളെ സ്വപ്നതുല്യമായ അവസ്ഥയിലാക്കുമെന്നും ഇത് സൈക്കോളജിക്കല്‍ തെറാപ്പി വിജയിക്കാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. ഒരു വര്‍ഷത്തിലേറെയായി കടുത്ത വിഷാദത്തിലൂടെ കടന്നുപോയവരിലാണ് പഠനം നടത്തിയത്. പരീക്ഷണത്തില്‍ പങ്കെടുത്ത മൂന്നില്‍ ഒരാള്‍ക്ക് മൂന്നാഴ്ചയില്‍ വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയില്ല. അഞ്ചില്‍ ഒരാള്‍ക്ക് 12 ആഴ്ചയില്‍ കാര്യമായ പുരോഗതിയുണ്ടായെന്നും പഠനം ചൂണ്ടിക്കാട്ടി. അതേസമയം ചില രോഗികള്‍ക്ക് തലവേദന, ഓക്കാനം, കടുത്ത ക്ഷീണം, ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.