അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവരില്‍നിന്ന് പിഴയായി രണ്ടേമുക്കാല്‍ കോടി രൂപ ഈടാക്കി. അനര്‍ഹരെ കണ്ടെത്താന്‍ ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്. 2,78,83,024 രൂപയാണ് പിഴയായി ഈടാക്കിയത്. എപ്പോഴും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരങ്ങള്‍ അറിയിക്കാമെന്ന് ഭക്ഷ്യ മെന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാന്‍ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന ഉദ്യോഗസ്ഥര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കംമൂലം നടപ്പാക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറില്‍ നികുതി സമാഹരണത്തില്‍ കേരളം നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തി. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പുനസംഘടനയ്ക്കു തടസം നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ്.
സസ്ഥാന ബജറ്റ് ജനുവരി അവസാന വാരത്തോടെ അവതരിപ്പിച്ചേക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തേക്കു നീട്ടിവയ്ക്കാനാണ് ആലോചന. ക്രിസ്മസിനു മുമ്പ് പിരിഞ്ഞ സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ഇറക്കുകയോ ഗവര്‍ണറെ അറിയിക്കുകയോ ചെയ്യാത്തതിനാല്‍ ജനുവരി ആദ്യവാരം നിയമസഭാ സമ്മേളനം തുടരാനാകും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കുന്നുണ്ട്. നിയമസഭയില്‍ ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കുന്നുണ്ട്.
ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്തുകൊണ്ട് നിയമസഭാ പാസാക്കിയ ബില്‍ രാജ്ഭവന്‍ ഉടന്‍ തന്നെ നിയമോപദേശത്തിനു വിടും. നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്കു വിടും. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലായതിനാല്‍ സംസ്ഥാനത്തിനു മാത്രം തീരുമാനമെടുക്കാനാവില്ലെന്നാണു രാജ് ഭവന്‍ നിലപാട്.
കോഴിക്കോട് വിമാനത്താവളത്തില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈദ്യപരിശോധനക്ക് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് ഡോക്ടറോട് പീഡന വിവരം വെളിപ്പെടുത്തിയത്.
അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 31 വരെ ഗതാഗത നിയന്ത്രണം. മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഗതാഗത നിരോധനം. കുഴിനിറഞ്ഞ ഒമ്പതാം വളവില്‍ ഇന്റര്‍ ലോക്ക്പാകുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
ഭാരത് ജോഡോ യാത്രാ കണ്ടെയ്‌നറില്‍ ഡല്‍ഹി പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് പരാതി . രാഹുല്‍ ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്‌നറില്‍ മുന്നറിയിപ്പ് ഇല്ലാതെ പരിശോധന നടത്തിയെന്നാണ് പരാതി .
ആഴിമലയില്‍ യുവാവ് കടലില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ചു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിന്റെ മരണം ആത്മഹത്യയാണെന്നു പോലീസ് നിലപാടെടുത്തത്. കോടതിയില്‍ ഉടനേ കുറ്റപത്രം നല്‍കും. കിരണിന്റെ സുഹൃത്തായ പെണ്‍കുട്ടിയേയും ഇവരുടെ സഹോദരന്‍ ഹരി, സഹോദരീ ഭര്‍ത്താവ് രവി എന്നിവരെ കേസില്‍ പ്രേരണാകുറ്റം ചുമത്തി പ്രതി ചേര്‍ക്കാനും സാധ്യത.
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് പെണ്‍കുട്ടിയുടെ സഹോദരനും അളിയനും തട്ടിക്കൊണ്ടുപോയത്. പിന്നീട് കലലില്‍ മൃതദേഹം പൊള്ളുകയായിരുന്നു.
മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തില്‍നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചയ്ക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് മണ്ഡല പൂജ.
ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാര്‍ട്ടി കമ്മിറ്റിയല്ല അന്വേഷിക്കേണ്ടത്, ജുഡീഷ്യല്‍ അന്വേഷണമാണു വേണ്ടതെന്ന് കോണ്‍?ഗ്രസ് എംപി കെ.മുരളീധരന്‍. ആരോപണങ്ങള്‍ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാര്‍ട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊമ്പതുകാരി പൊലീസ് പിടിയില്‍. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്. അടിവസ്ത്രത്തുനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. അബ്ദുല്‍ ജലീല്‍ (43) എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്. നാളെ വരെ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉത്തരേന്ത്യ വിറക്കുന്നു. പലയിടത്തും താപനില പൂജ്യം ഡിഗ്രിയാണ്. കശ്മീരില്‍ താപനില മൈനസ് ഏഴാണ്. ഡല്‍ഹിയിലെ ചില മേഖലകളില്‍ കഴിഞ്ഞ രാത്രി താപനില മൂന്നു ഡിഗ്രിയായിരുന്നു. ചണ്ഡീഗഡില്‍ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെല്‍ഷ്യല്‍സ്. രാജസ്ഥാനിലെ ചുരുവില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കാം.
യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡ്മര്‍ സെലെന്‍സ്‌കിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ യുക്രൈന് നേരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പുടിന്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് ദിനത്തിലും റഷ്യ, യുക്രൈന്‍ തലസ്ഥാനമായ കീവിനു നേരെ മിസൈല്‍ വര്‍ഷം തുടരുകയാണ്.