ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിച്ച് സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തില്‍ ഗവര്‍ണര്‍ക്കെതിരേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തെ ബഹുസ്വരതയെ തര്‍ക്കാനുള്ള ശ്രമം നടക്കുന്നു. പിന്തിരപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറക്കാനായി പാഠപുസ്തങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്നു. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാവുവെന്ന് കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിനെ വരുതിയിലാക്കാനാണ് കെപിസിസി അച്ചടക്ക സമിതി ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ സമാന്തര പരിപാടികള്‍ പാടില്ല. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
സാധാരണക്കാരില്‍നിന്ന് അകന്നു പോകുന്നതാണ് കോണ്‍ഗ്രസ് പിറകോട്ടു പോകാന്‍ കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രത്യയ ശാസ്ത്രത്തെയല്ല, സഹായിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ജനങ്ങള്‍ക്കു താല്‍പര്യം. അതിനാല്‍ നേതാക്കള്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണം. പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, എം.കെ രാഘവന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിനു വേണ്ടത് പരിപൂര്‍ണ ഐക്യമാണെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. ആര്‍ക്കും വിലക്കില്ല. എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മില്‍ അകല്‍ച്ചയിലാണെന്ന പ്രചാരണം ശരിയല്ലെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
തലശേരി ഇരട്ട കൊലപാതകത്തിനു കാരണം ലഹരി വില്‍പന ചോദ്യം ചെയ്തതു മാത്രമല്ല, പൊലീസിന് ഒറ്റിക്കൊടുത്തെന്ന സംശയവും. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. കേസിലെ രണ്ടാം പ്രതി ജാക്‌സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയാണ് കൊലനടത്തിയത്.
സിപിഎം നേതൃത്വത്തോടു പിണങ്ങിനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടര്‍ നോട്ടീസ് നല്‍കി. കുടിയിറക്കാനുള്ള ശ്രമം രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് രാജേന്ദ്രന്‍ പ്രതികരിച്ചു. കോടതിയെ സമീപിച്ചിട്ടുണ്ട്. തത്കാലം വീട് ഒഴിയില്ല. 10 സെന്റില്‍ താഴെ ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി വീണ്ടും കോര്‍പറേഷന്‍. പ്രദേശ വാസികളുടെ ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ പ്രവൃത്തികള്‍ മുടങ്ങിയിരുന്നു. പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. കനത്ത പോലീസ് കാവലുണ്ട്. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്.
മലപ്പുറത്തെ അഞ്ചാംപനി വ്യാപനം പരിശോധിക്കാന്‍ കേന്ദ്ര സംഘം എത്തി. മൂന്നു പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. രോഗബാധിത സ്ഥലങ്ങളായ കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദര്‍ശിക്കും. ഇതുവരെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും സ്വാഭാവികമാണെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് തയാറാക്കിയാല്‍ ആരും അതിനു പുറത്തു പോകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്. സുരക്ഷ ആവശ്യപ്പെട്ട് വീണ്ടും സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തും. സമരക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.
പാലക്കാട് മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ പതിന്നാലുകാരന് മര്‍ദ്ദനം. സൈക്കിള്‍ തട്ടിയതിന്റെ പേരിലാണ് അയല്‍വാസി മര്‍ദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റു. മര്‍ദ്ദിച്ച അലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.
2002 ലെ ഗുജറാത്ത് കലാപത്തില്‍ കോണ്‍ഗ്രസ് കലാപകാരികളെ സഹായച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അമിത് ഷാ. എന്നാല്‍ അക്രമികളെ ബിജെപി പാഠം പഠിപ്പിച്ചു. 2002 മുതല്‍ 2022 വരെ സംസ്ഥാനത്ത് കലാപം ആവര്‍ത്തിച്ചില്ല. ബിജെപി സംസ്ഥാനത്ത് സ്ഥിരമായ സമാധാനം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ മഹുധ നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ത്തുനായ കുരച്ചതിനാണ് ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഇന്ത്യന്‍ നഴ്‌സ്. പിടിയിലായ രാജ്വീന്ദര്‍ സിങ് (38) ഡല്‍ഹി പോലീസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ക്വീന്‍സ് ലാന്‍ഡിനു സമീപത്തെ വാങ്കെറ്റി ബീച്ചില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്ലി (24) എന്ന യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.