സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിനു ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും സ്‌പേസുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. എ, ഐ ഗ്രൂപ്പുകളുള്ള പാര്‍ട്ടിയില്‍ ഇനി വേണ്ടത് യു ആണെന്നും അതായതു യുണൈറ്റഡ് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകണം. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.
പാണക്കാട് തറവാട്ടിലെത്തി മുസ്ലിം ലീഗ് നേതൃത്വത്തെ സന്ദര്‍ശിച്ച ശശി തരൂര്‍ എംപി മലപ്പുറം ഡിസിസിയില്‍ എത്തി. ഡിസിസിയില്‍ പ്രത്യേക പരിപാടികള്‍ ഇല്ലായിരുന്നു. ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍കുമാര്‍ അടക്കം പ്രമുഖ നേതാക്കള്‍ ഡിസിസിയില്‍ വന്നതുമില്ല. കാരണം വരാത്തവരോടു ചോദിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.
പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുള്ള നേതാവാണ് ശശി തരൂര്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. അ്‌ദേഹത്തിന്റെ പാണക്കാട് സന്ദര്‍ശനം ലീഗുമായുള്ള സൗഹര്‍ദത്തിന്റെ അടയാളമാണ്. തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ലഹരി ഇടപാടുകളിലെ പ്രധാനികളായ 162 പേരെ കരുതല്‍ തടങ്കലിലടയ്ക്കണമെന്നു പോലീസ്. ലഹരി ഇടപാടുകളില്‍ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ട്.
രാജ്ഭവനില്‍ നിയമിക്കുന്നത് ആജീവനാന്ത പെന്‍ഷന്‍ നല്‍കാനല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങളുടെ നികുതി പണം പാര്‍ട്ടിക്കാര്‍ക്കു പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ലെന്നു തീരുമാനിക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവിനു രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം കോര്‍പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമനക്കത്തിലൂടെ തട്ടിപ്പു നടത്താന്‍ ശ്രമിച്ചതിനല്ല, വ്യാജരേഖ ചമച്ചെന്ന് ആരോപിച്ചാണു കേസെടുക്കുക. സംഭവത്തില്‍ നേരത്തെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റേഷന്‍ വിതരണത്തിനു കേന്ദ്ര പദ്ധതിയുടെ കമ്മീഷന്‍ തരാത്തതിനാലാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയായി വെട്ടിക്കുറയ്‌ക്കേണ്ടി വരുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍. കേന്ദ്ര വിഹിതംകൂടി സംസ്ഥാനം വഹിക്കേണ്ടി വരുന്നതിനാലാണ് രണ്ടുമാസമായി കമ്മീഷന്‍ വൈകുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നു. എന്തിനും ഏതിനും സമരം വേണോ എന്ന് അവര്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്റ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ് കോഡ്) ഇല്ലാത്തതാണ് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രത്തിനുള്ള അനുമതി പിന്‍വലിക്കാന്‍ കാരണമെന്നു റിപ്പോര്‍ട്ട്. ഐഎസ്പിഎസ് കോഡനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തതാണ് കാരണം. രണ്ടു വര്‍ഷം സര്‍ക്കാരിന് നല്ല വരുമാനം ലഭിച്ച ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് പിന്‍വലിച്ചത്. കോടികളാണ് സംസ്ഥാന സര്‍ക്കാരിന് ഇതുമൂലം നഷ്ടം.
മംഗളൂരു സ്‌ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയിലെ ലോഡ്ജില്‍ അഞ്ചു ദിവസം താമസിച്ചു. സെപ്റ്റംബറില്‍ താമസിച്ച ലോഡ്ജിന്റെ ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു.
ശബരിമലയില്‍ ഭക്തജനത്തിരക്ക്. ഉച്ചപൂജയ്ക്കുശേഷം മൂന്നിന് നട തുറക്കും. രാവിലത്തെ ദര്‍ശന സമയം രണ്ടു മണിക്കൂര്‍ കൂട്ടിയിരുന്നു. ഇന്നലെ 76,000 പേര്‍ ദര്‍ശനം നടത്തിയിരുന്നു
മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്.
അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വയസുകാരന്‍ മകന്‍ മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. ഭാര്യ റഹീന, അമ്മ എന്നിവരുമായി പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങവേയാണ് അപകടം.
ഫുട്ബോള്‍ കളി കണ്ടതിനുശേഷം വീട്ടിലേക്കുപോയ അറുപത്തിനാലുകാരന്‍ തോട്ടില്‍ മരിച്ച നിലയില്‍. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (64) ആണ് മരിച്ചത്. ഇല്ലത്തുമൂലയിലെ മിലാന ക്ലബ്ബില്‍ ഫുട്ബോള്‍ കളി കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങിയ ജോര്‍ജ്ജിനെ പുലര്‍ച്ചെയാണ് മരിച്ചതായി കണ്ടെത്തിയത്. ചെറിയ മരപ്പാലത്തില്‍നിന്നു കാല്‍ തെന്നി താഴെവീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കാലടി സര്‍വകലാശാല കൊയിലാണ്ടി സെന്ററില്‍ അധ്യാപികയോട് മോശമായി പെരുമാറിയ ഒരു അധ്യാപകന് സസ്‌പെന്‍ഷന്‍. ഉറുദു വിഭാഗം അധ്യാപകന്‍ കെ.സി. അതാവുള്ള ഖാനെ സസ്‌പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയില്‍ ആണ് നടപടി.
പത്തനംതിട്ട സീതത്തോട് ഉറാനി വനത്തില്‍ കുന്തിരിക്കം ശേഖരിക്കാന്‍ ശേഖരിക്കാന്‍ കാട്ടിലേക്കുപോയ ആദിവാസി യുവാവിനെ കാണാനില്ല. ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി ബോധരഹിതനായി തേയില തോട്ടത്തില്‍ മണിക്കൂറുകള്‍ കിടന്നു.
കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ. രാമര്‍ (55) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെ കഴുത്തറുത്തു കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. വിജയകൃഷ്ണന്‍ മാനസിക വെല്ലുവിളികളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
മംഗ്ലൂരു സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നെന്നു പോലീസ്. ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. താഹ ഷാരീഖിന്റെ അക്കൗണ്ടിലേക്ക് ദുബായില്‍നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.
യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ യുദ്ധ ഇരകളുടെ പദവി അപേക്ഷിച്ച് സുപ്രീം കോടതിയില്‍. കേന്ദ്രനിലപാട് തേടി കോടതി നോട്ടീസയച്ചു. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജികള്‍ അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവും ബിയറും നിരോധിച്ചതിനാല്‍ വെട്ടിലായ ലോകകപ്പിന്റെ മുഖ്യ സ്‌പോണ്‍സറായ ബിയര്‍ നിര്‍മാതാക്കള്‍ ബഡ്വെയ്സര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. സ്റ്റേഡിയത്തില്‍ വില്‍ക്കാമെന്നു മോഹിച്ചു സജ്ജമാക്കിയ ബിയര്‍ ഫുട്‌ബോള്‍ ജേതാക്കളുടെ രാജ്യത്തു വില്‍ക്കുമെന്നാണ് പുതിയ പ്രഖ്യാപനം.