ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടനാട്ടിലെ മങ്കൊമ്പില്‍ 1961 ലാണ് ബീയാര്‍ പ്രസാദിന്റെ ജനനം. കലയോടും സാഹിത്യത്തോടും ചെറുപ്പം മുതല്‍ താല്‍പര്യമുണ്ടായിരുന്ന പ്രസാദ് മലയാള സാഹിത്യത്തിലാണ് ബിരുദമെടുത്തത്. 1993 ല്‍ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു ഈ ചിത്രം.
അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്. അഭിനേതാവ് എന്ന നിലയിലും സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനായി സമീപകാലത്തും അദ്ദേഹം സജീവമായിരുന്നു.