രാജ്യത്തെ ഏറ്റവും ചെലവേറിയതും നീളം കൂടിയതുമായ ആറുവരി ഉയരപ്പാത ദേശീയപാത 66 ലെ അരൂർ മുതൽ തുറവൂർ തെക്കു വരെ നിർമ്മിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 20 ഇടങ്ങളിലായി നിർമ്മിക്കുന്ന ദേശീയ പാതകളിൽ ഒന്നാണിത്.
ഒറ്റ തൂണിൽ 26 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ഈ ഉയരപ്പാത രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയാണ്. ഇതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർ നിർണയവും കല്ലിടലും പൂർത്തിയായി. പുതുവർഷത്തിൽ പണി തുടങ്ങും.മൂന്നുവർഷത്തിനകം പണിപൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന് 1082.07 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 39,749 നിർമിതികൾ പൊളിച്ചുമാറ്റേണ്ടിയും വരും. എന്നാൽ, അരൂർ-തുറവൂർ ഭാഗത്തെ ആറുവരി ഉയരപ്പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുക കഷ്ടിച്ച് ഒന്നേകാൽ ഏക്കർ ഭൂമി മാത്രം. അമ്പതിൽത്താഴെ കെട്ടിടങ്ങൾ മാത്രമാണ് പൊളിക്കേണ്ടത്. നിലവിലെ 30 മീറ്ററിൽ ത്തന്നെ
ദേശീയപാത വികസനം സാധ്യമാകുന്നതിനാലാണ് ഇത്. ഉയരപ്പാതയിലേക്ക് വാഹനങ്ങൾക്ക് കടക്കാനുള്ള സൗകര്യംഏർപ്പെടുത്തേണ്ട ഭാഗങ്ങളിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക.
മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അശോക് ബിൽകോൺ കമ്പനിയാണ് കരാർ ഏറ്റിരിക്കുന്നത്. 1668.50 കോടി രൂപയ്ക്കാണ് കരാർ.
അരൂർ തുറവൂർ ഭാഗത്ത് നിലവിലുള്ള നാല് വരി പ്പാതയുടെ നടുക്കാണ് കൂറ്റൻ തൂണ് നിർമ്മിക്കുക. 1 തൂണിന്റെ ഇരുവശത്തേയ്ക്കും വിരിഞ്ഞു നിൽക്കുന്ന വിധമാകും നിർമ്മാണം .