ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ജൂണ്‍പാദത്തിലെ ഡേറ്റ അനുസരിച്ച് നിക്ഷേപം നടത്തിയിരിക്കുന്നത് 277 കമ്പനികളില്‍. മൊത്തം പോര്‍ട്ട്ഫോളിയോ മൂല്യമാകട്ടെ 15.5 ലക്ഷം കോടിയും. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജനപ്രിയ ഓഹരികളായ 81 ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപത്തില്‍എല്‍.ഐ.സി മാറ്റം വരുത്തി. ജൂണ്‍ പാദത്തില്‍ നാല് പൊതുമേഖല പ്രതിരോധ ഓഹരികള്‍ക്കാണ് എല്‍.ഐ.സി പ്രാധാന്യം കൊടുത്തിരിക്കുന്നത്. എല്‍.ഐ.സിക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലാണ്. കഴിഞ്ഞ പാദത്തില്‍ 0.19 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി. ഇതോടെ 1.3 ലക്ഷം രൂപ മൂല്യം വരുന്ന 6.93 ശതമാനം ഓഹരികളാണ് എല്‍.ഐ.സിക്ക് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ റിലയന്‍സിലുള്ളത്. രണ്ടാം സ്ഥാനത്ത് എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സിയാണ്. കഴിഞ്ഞ പാദത്തില്‍ 0.28 ശതമാനം ഓഹരികള്‍ കൂടിവാങ്ങിയതോടെ മൊത്തം നിക്ഷേപ വിഹിതം 15.8 ലക്ഷവും നിക്ഷേപ മൂല്യം 82,200 കോടി രൂപയുമായി. എച്ച്.ഡി.എഫ്.സി ബാങ്ക് (68,600 കോടി രൂപ), എസ്.ബി.ഐ (66,300 കോടി രൂപ), എല്‍ ആന്‍ഡ് ടി (64,100 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍. എല്‍.ഐ.സിയുടെ പോര്‍ട്ട്ഫോളിയോയിലെ ആദ്യ പത്ത് ഓഹരികളുടെ മാത്രം മൂല്യം ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.