താജ് മഹൽ കെട്ടിട സമുച്ചയം സംസ്കാരികവും, ഭൂമിശാസ്ത്രപരവുമായി വളരെയധികം പ്രാധാന്യമുള്ള ഒന്നായതു കൊണ്ട് ഇതിനെ ചുറ്റിപ്പറ്റി ഒരു പാട് പഴങ്കഥകൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം…!!!
താജ് മഹൽ പണിതതിനു ശേഷം ഷാജഹാൻ ഒരു കറുത്ത താജ് മഹൽ യമുനയുടെ അക്കരെ ഇപ്പോഴത്തെ താജ് മഹലിന് എതിരായി പണിയാൻ ഉദ്ദേശിച്ചിരുന്നു എന്നത് നിലനിൽക്കുന്ന ഒരു കഥയാണ്. ഈ ആശയം ഉരുത്തിരിഞ്ഞത്, 1665 ൽ ആഗ്ര സന്ദർശിച്ച യുറോപ്യൻ സന്ദർശകനും ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ എന്ന എഴുത്തുകാരന്റെ ഭാവനയിൽ നിന്നാണ്.
കറുത്ത താജ് മഹൽ പണിയുന്നതിനു മുൻപ് ഷാജഹാനെ മകനായ ഔറംഗസേബ് തടവിലാക്കിയതിനാൽ ഇത് നടന്നില്ലെന്ന് അദ്ദേഹം എഴുതി. യമുന നദിയുടെ എതിർഭാഗത്ത് മൂൺലൈറ്റ് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കറുത്ത മാർബിൾ കല്ലുകൾ ഇതിനെ താങ്ങുന്ന തെളിവുകളായിരുന്നു. പക്ഷേ 1990-കളിൽ നടത്തിയ ഗവേഷണങ്ങളിൽ ഇത് തെറ്റാണെന്ന് കണ്ടെത്തുകയും,ഇവ വെള്ള മാർബിളിന്റെ കഷണങ്ങൾ കാലപ്പഴക്കത്താൽ കറുത്തതായി തീർന്നതാണെന്നും കണ്ടെത്തുകയുണ്ടായി.
കറുത്ത താജ് പണിയുന്നതിന്റെ കഥ തെറ്റാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണം 2006ൽ പുരാവസ്തുഗവേഷകർ നടത്തി. മൂൺലൈറ്റ് ഉദ്യാനത്തിൽ ഒരു ചെറിയ കുളം ഇപ്പോഴത്തെ താജ് മഹലിൽ ഉള്ളതിന്റെ അതേ അളവുകളിൽ പണിയുകയും അതിൽ വെള്ള കുടീരത്തിന്റെ കറുത്ത പ്രതിഫലനം കാണുകയും ചെയ്തു. ഇതായിരിക്കാം കറുത്ത താജ് എന്ന മിത്ത് രൂപപ്പെടുത്തിയത് എന്നും പഴങ്കഥകൾ ഉണ്ട് .
ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രധാന വാസ്തുശിൽപ്പികളെ, പണി തീർന്നതിനുശേഷം ഷാജഹാൻ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത് മറ്റൊരു കഥയായി കേൾക്കപ്പെടുന്നു. മറ്റുചില കഥകൾ പ്രകാരം ഇതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാസ്തുശിൽപ്പികൾ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറിൽ ഒപ്പു വച്ചു എന്നും പറയുന്നു. പക്ഷേ, ഇതിന് സ്ഥായിയായ ഒരു തെളിവും ഇല്ല.
1830 ൽ ഇന്ത്യ ഗവണ്മെന്റ് ഗവർണ്ണറായിരുന്ന വില്യം ബെനഡിക്ട് പ്രഭു, താജ് മഹൽ പൊളിക്കാൻ ഉദ്ദേശിക്കുകയും, ഇതിലെ മാർബിൾ ലേലം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതായി പറയുന്നു. പക്ഷേ, ഇതിനും വ്യക്തമായ തെളിവുകളില്ല. ബെനടിക്ട് പ്രഭുവിന്റെ ജീവചരിത്രകാരനായ ജോൺ റോസല്ലി, ബെനഡിക്ട് പ്രഭു, ധനസംഭരണത്തിനു വേണ്ടി ആഗ്ര കോട്ടയിൽ പണിയിൽ ബാക്കി വന്ന മാർബിൾ വിൽക്കാൻ തീരുമാനിച്ചതിൽ നിന്നുണ്ടായ കഥയാണ് ഇതെന്ന് വെളിപ്പെടുത്തുന്നു.
2000-ൽ പി. എൻ. ഓക്ക് നൽകിയ ഒരു അപേക്ഷ പ്രകാരം ഒരു ഹിന്ദു രാജാവാണ് താജ് മഹൽ പണിതത് എന്ന അവകാശ വാദം സുപ്രീം കോടതി തള്ളിയിരുന്നു. ഓക്ക് തന്റെ അപേക്ഷയിൽ പറയുന്നതു പ്രകാരം, മറ്റ് ചരിത്ര സ്മാരകങ്ങളുടെ പോലെ താജ് മഹലും മുസ്ലീം സുൽത്താന്മാരുടെ പേരിലാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ അത് പണിതത് ഒരു ഹിന്ദു രാജാവാണെന്നുമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉന്നം വെച്ചുള്ള ഈ വാദങ്ങൾ സുപ്രീം കോടതി തള്ളുകയായിരുന്നു.
ആഗ്രയിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡെൽഹിയിൽ നിന്ന് റോഡ്, റെയിൽ മാർഗ്ഗമാണ്. ഡെൽഹി സരായി കാലേ ഖാൻ അന്തർദേശീയ ബസ് ടെർമിനലിൽ നിന്നും ബസ്സുകൾ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്. താജ്മഹലിനോട് ഏറ്റവും അടുത്ത വിമാനത്താവളം ആഗ്ര വിമാനത്താവളം, ഡെൽഹി വിമാനത്താവളം എന്നിവയാണ്.ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ – ആഗ്ര കന്റോൺമെന്റ് സ്റ്റേഷനും, രാജാ കി മണ്ടി സ്റ്റേഷനും ആണ്. താജ്മഹലിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ടെർമിനൽ ആഗ്ര ബസ് ടെർമിനൽ ആണ് . ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്. താജ്മഹലിനെ കുറിച്ച് ഏകദേശം ധാരണയായി കാണുമല്ലോ. അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ പുതിയൊരു കഥയുമായി എത്താം.