ഹൈക്കോടതിയില്‍ അഭിഭാഷക സമരം. കോടതി നടപടികള്‍ ബഹിഷ്‌കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കേസുകളെല്ലാം മാറ്റിവച്ചു. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ കേസില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല.
പാറശാല ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഗ്രീഷ്മ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും വീഴ്ചവരുത്തിയ രണ്ടു പൊലീസികാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ.
പാറശാല ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയതില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛന്‍ ജയരാജ്. ഷാരോണും ഗ്രീഷ്മയും തനിച്ച് കാണാനുള്ള സൗകര്യം ഗ്രീഷ്മയുടെ അമ്മ ഒരുക്കി. വിഷം കലര്‍ന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണെന്നും ജയരാജ് ആരോപിച്ചു. പ്രണയത്തില്‍നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ അയച്ച വീഡിയോ പൊലീസിന് നല്‍കുമെന്നും ജയരാജ്.
ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തിന് ഒരുവയസു മാത്രം. ബസ് യാത്രയിലാണ് ഇരുവരും പരിചയപ്പെട്ടത്. അഴകിയമണ്ഡപം മുസ്ലിം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ഗ്രീഷ്മ ബിഎ റാങ്ക് ജേതാവായിരുന്നു.