sunrise 22

https://dailynewslive.in/ ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല്‍ പാകിസ്താന്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം വെടിമരുന്ന് ആകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും ഇതിനോടകം കണ്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്താനെ മുട്ടുകുത്തിച്ചതിന് ഇന്ത്യന്‍ സായുധസേനയെ പ്രശംസിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ രാജസ്ഥാനിലെ ബിക്കാനേറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ സിരകളിലൂടെ ഒഴുകുന്നത് രക്തം മാത്രമല്ല, ചൂടുള്ള സിന്ദൂരവും കൂടിയാണെന്നും ഓരോ ഭീകരാക്രമണത്തിനും പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 3 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് നിങ്ങള്‍ രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത് എന്തിന്? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നാഷണല്‍ ഹൈവേയിലെ നിര്‍മ്മാണത്തില്‍ ചില പിഴവുകള്‍ വന്നു. അതോടെ അതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ദേശീയപാതയുടെ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയപാത 66ല്‍ മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ദേശീയപാത പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം നാഷണല്‍ ഹൈവേ അതോരിറ്റിക്കാണെന്നും പ്രവര്‍ത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് നാഷണല്‍ ഹൈവേ അതോരിറ്റിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. ്അതേസമയം സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ റീല്‍സ് തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണെന്നും എത്ര വിമര്‍ശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

https://dailynewslive.in/ മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച് നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സി. കൂരിയാട് ദേശീയപാത ഡിസൈനില്‍ പാളിച്ച വന്നെന്ന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതര്‍ സമ്മതിച്ചു. വേനല്‍ക്കാലത്താണ് ഈ റോഡിന്റെ ഫൗണ്ടേഷന്‍ പണികള്‍ നടന്നതെന്നും ആര്‍ഇ വാള്‍ തകര്‍ന്ന് വീണ 250 മീറ്റര്‍ ഭാഗത്ത് ഡിസൈന്‍ പാളിച്ച വന്നിട്ടുണ്ടെന്നും കെഎന്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി പറഞ്ഞു.

https://dailynewslive.in/ മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. വിഷയത്തില്‍ ശക്തമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മലപ്പുറത്ത് ദേശീയ പാത തകര്‍ന്ന സംഭവത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായും നിതിന്‍ ഗഡ്കരി രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.

https://dailynewslive.in/ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണത്തിനിടെ മലപ്പുറം കൂരിയാട് പാത ഇടിഞ്ഞ സംഭവം നിര്‍മാതാക്കളുടെ അശ്രദ്ധമൂലമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇതിന്റെ പരിഹാര പ്രവൃത്തികള്‍ നിര്‍മാതാക്കളായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ചെലവില്‍ തന്നെ നടത്തുമെന്നും നിര്‍മാതാക്കള്‍ക്കെതിരെ ദേശീയപാത അതോറിറ്റി കര്‍ശന നടപടി സ്വീകരിച്ചതായും നിലവിലെയും ഭാവിയിലെയും ലേലങ്ങളില്‍ പങ്കെടുക്കുന്നതിന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന് വിലക്കേര്‍പ്പെടുത്തിയതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

https://dailynewslive.in/ മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. നാളെ മന്ത്രി തല ചര്‍ച്ച നടക്കും. തൊഴില്‍, ക്ഷീര വികസന മന്ത്രിമാര്‍ യൂണിയനുകളുമായി സമരം ചെയ്ത ജീവനക്കാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തും. സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടക്കം പാല് വിതരണം തടസ്സപ്പെട്ടിരുന്നു. ഐ.എന്‍.ടി.യു.സി.യും സി.ഐ.ടി.യുവും സംയുക്തമായാണ് പണിമുടക്കിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേരള സഹകരണ സംഘം നിയമങ്ങള്‍ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം.

https://dailynewslive.in/ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും പോലീസിന്റെയും കോര്‍പ്പറേഷന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും സംശയനിവാരണം വരുത്തി രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ടുകളെല്ലാം ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നും കളക്ടര്‍ പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മാനസിക പീഡനത്തിനിരയാക്കിയ സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

https://dailynewslive.in/ 2025-26 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 23 മുതല്‍ ആരംഭിക്കും. 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്‍കി സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ മെയില്‍ ഐഡിയിലേയ്ക്ക് അയക്കണം.

https://dailynewslive.in/ വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. സൈറ്റോ റിഡക്ഷന്‍ ഹൈപെക് രീതിയാണ് മെഡിക്കല്‍ കോളേജില്‍ പുതിയതായി ആരംഭിച്ചത്. നൂതന ചികിത്സ നടപ്പിലാക്കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

https://dailynewslive.in/ പത്തനംതിട്ട കടമ്മനിട്ട സ്വദേശിനിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ശാരികയെ പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ശാരിക കൊല്ലപ്പെട്ട കേസില്‍, മുന്‍ സുഹൃത്ത് സജിലാണ് പ്രതി. അഡി. ജില്ലാ കോടതി – ഒന്ന് ആണ് കേസില്‍ വിധി പറയുക. 2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം.

https://dailynewslive.in/ ആലുവയില്‍ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ സഹോദരനെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ വീട്ടില്‍ ഫോറന്‍സിക്ക് സംഘം പരിശോധനയും പൂര്‍ത്തിയാക്കി.

https://dailynewslive.in/ കഞ്ചാവ് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്റെ ദുരൂഹമരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസ് സംശയനിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് 14 അംഗം സംഘത്തെ നിയോഗിച്ചുള്ള ഉന്നതതല അന്വേഷണം. എന്നാല്‍, അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കേസില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.

https://dailynewslive.in/ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കല്‍ വി.ടി. രമേശിന്റെ മകളും തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാര്‍ഥിനിയായിരുന്ന അബിദ പാര്‍വതിയാണ് (18) മരിച്ചത്. ചന്തക്കവലയില്‍ അമ്മയോടൊപ്പം റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്തുനിന്ന് എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ അമ്മ നിഷ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

https://dailynewslive.in/ രാമങ്കരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിന് പിന്നിലെ കാരണം സംശയമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യയെ (മതിമോള്‍ 42) ഭര്‍ത്താവ് കുത്തിക്കൊല്ലുകയായിരുന്നു.

https://dailynewslive.in/ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നും നിര്‍ണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാര്‍ക്ക് കൈമാറിയെന്നും ആരോപിച്ചാണ് അധികൃതരുടെ നടപടി.

https://dailynewslive.in/ തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമാക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍ പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 18 പുതിയ മാറ്റങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നിരിക്കുന്നത്. പോളിംഗ് സ്റ്റേഷനില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തിയത് മുതല്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം നടപ്പിലാക്കുന്നതുള്‍പ്പെടെയാണ് മാറ്റങ്ങള്‍.

https://dailynewslive.in/ ചാരപ്രവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ഇന്റ്ലിജന്‍സ് ഓപ്പറേറ്റീവുകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ഹരിയാന പൊലീസ്. എന്നാല്‍ തീവ്രവാദ സംഘടനകളുമായി യൂട്യൂബര്‍ ബന്ധം പുലര്‍ത്തിയിരുന്നതായി വിവരമില്ലെന്നും പൊലീസ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഉദ്ദേശം ജ്യോതി മല്‍ഹോത്രയ്ക്ക് അറിവുണ്ടായിരുന്നിരിക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം.

https://dailynewslive.in/ ജമ്മുകശ്മീരില്‍ ഭീകരര്‍ക്കതിരെ നടപടി കടുപ്പിച്ച് ഓപ്പറേഷന്‍ ത്രാഷിയുമായി സുരക്ഷാസേന. കിഷ്ത്വാറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പരിക്കേറ്റ സൈനികന്‍ വീരമൃത്യു വരിച്ചു. അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

https://dailynewslive.in/ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച് സിപിഎം. ചര്‍ച്ചകള്‍ക്കായുള്ള ആവര്‍ത്തിച്ചുള്ള മാവോയിസ്റ്റുകളുടെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാരും ബിജെപിയും അവഗണിക്കുന്നുവെന്നും സംഭാഷണത്തിലൂടെ പരിഹാരം തേടേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഢില്‍ 27 മാവോയിസ്റ്റുകളെ, അവരുടെ ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു ഉള്‍പ്പെടെയുള്ളവരെ ഏറ്റുമുട്ടല്‍ കൊല ചെയ്തതിനെ പിന്നാലെയാണ് സിപിഎമ്മിന്റെ പ്രതികരണം.

https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര പദ്ധതികള്‍ക്കുള്ള ധന വിനിയോഗ ബില്‍ ജനപ്രതിനിധി സഭ പാസാക്കി. 215-214 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സമ്പന്നര്‍ക്ക് നികുതി ഇളവ് ലഭ്യമാക്കുന്ന ബില്ലില്‍ സൈന്യത്തിനും അതിര്‍ത്തിയിലെ ആവശ്യങ്ങള്‍ക്കും കൂടുതല്‍ പണം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം, ചെലവ് കുറയ്ക്കാന്‍ മെഡികെയ്ഡ്, ഭക്ഷണ സഹായ പദ്ധതികള്‍, വിദ്യാഭ്യാസം, ശുദ്ധഊര്‍ജ പരിപാടികള്‍ തുടങ്ങിയവ വെട്ടിച്ചുരുക്കും.

https://dailynewslive.in/ ആക്സിയം 4 ദൗത്യം ജൂണ്‍ 8 ന് തന്നെ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 നാണ് വിക്ഷേപണം നടക്കുക. ആക്സിയം സ്പേസിന്റെ ആഭ്യന്തര ഫ്ലൈറ്റ് റെഡിനസ് റിവ്യൂ പൂര്‍ത്തിയായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 യാത്രയ്ക്കുണ്ട്.

https://dailynewslive.in/ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് സൈനിക മേധാവിയായ വക്കര്‍ ഉസ് സമന്‍. തിരഞ്ഞെടുപ്പ് നടത്താന്‍ യൂനുസ് സര്‍ക്കാര്‍ വൈകുന്നതും മ്യാന്‍മാറിലെ റാഖൈനില്‍ സഹായമെത്തിക്കാന്‍ ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് സൈനികമേധാവിയുടെ പരസ്യപ്രതികരണത്തിലേക്ക് നയിച്ചത്.

https://dailynewslive.in/ കുവൈത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ സ്ത്രീകളുടെ വാഹനം പരിശോധിക്കാന്‍ പാടില്ലെന്ന് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ച് ക്രിമിനല്‍ കോടതി. ഈ നിബന്ധന ലംഘിച്ച് നടത്തുന്ന ഏതൊരു പരിശോധനയും നിയമപരമായി അസാധുവായി കണക്കാക്കപ്പെടും.

https://dailynewslive.in/ യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. രാജ്യത്ത് ചൂടേറിയ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

https://dailynewslive.in/ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനിടെ അരി വിലയേക്കുറിച്ച് നടത്തിയ പരാമര്‍ശം ജപ്പാനിലെ കൃഷി മന്ത്രിയുടെ രാജിയിലെത്തിച്ചു. അരിവില സമാനതകളില്ലാത്ത രീതിയില്‍ കുതിച്ച് കയറുമ്പോള്‍ ജീവിതത്തിലൊരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്നും അരി അനുയായികള്‍ സമ്മാനമായി നല്‍കാറാണ് എന്ന് തമാശയായി പറഞ്ഞതാണ് ജപ്പാന്‍ കൃഷിമന്ത്രി ടാകു ഏറ്റോയ്ക്ക് മന്ത്രി സ്ഥാനം നഷ്ടമാകാന്‍ കാരണമായിട്ടുള്ളത്. പരാമര്‍ശത്തില്‍ പ്രതിഷേധം കനത്തതോടെ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷം അവിശ്വാസത്തിലേക്ക് കടക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ടാകി ഏറ്റോ രാജിവച്ചത്. 1918ല്‍ അരി വില കുത്തനെ കൂടിയതിന് പിന്നാലെ അന്നത്തെ സര്‍ക്കാര്‍ രാജി വെച്ചിരുന്നു.

https://dailynewslive.in/ ഉത്തരകൊറിയയുടെ യുദ്ധകപ്പല്‍ അനാവരണ ചടങ്ങില്‍ തന്നെ മുങ്ങി. ഉത്തര കൊറിയന്‍ നാവിക സേനയെ അത്യാധുനികമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കരുതിയിരുന്ന, 70 മിസൈലുകള്‍ വഹിക്കാവുന്ന, 5000 ടണ്‍ഭാരമുള്ള യുദ്ധകപ്പലാണ് അനാവരണ ചടങ്ങില്‍ അടിഭാഗം തകര്‍ന്ന് മുങ്ങിയത്. കപ്പല്‍ ഡിസൈന്‍ ചെയ്തവരാണ് സംഭവിച്ച നാശനഷ്ടത്തിന്റെ ഉത്തരവാദിയെന്നും രാജ്യത്തിന്റെ അഭിമാനവും അന്തസും ഇവര്‍ ഹനിച്ചതായും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ കുറ്റപ്പെടുത്തി. അപകടത്തിന് കാരണമായവരുടെ പിഴവുകള്‍ പാര്‍ട്ടിയോഗത്തില്‍ പരിഗണിക്കുമെന്നും കിം വ്യക്തമാക്കി.

https://dailynewslive.in/ ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം.നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. അല്ലാത്ത പക്ഷം അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഹാര്‍വഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഹാര്‍വഡിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യയില്‍ നിന്ന് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളിലൊന്നാണ് ഹാര്‍വഡ്. അതേസമയം വിദേശ വിദ്യാര്‍ത്ഥികളുടെ വീസ സ്റ്റാറ്റസ് നിര്‍ത്തലാക്കുന്നതും, അവരെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കുന്നതും ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ആറ് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെയാണ് സാന്‍ഡിയാഗോയിലെ മര്‍ഫി ക്യാന്യോനില്‍ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറിയത്. പത്ത് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 10ലേറെ കെട്ടിടങ്ങള്‍ക്ക് അപകടത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കേരള ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ.നജ്മുദ്ദീന്‍ (73) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1975ലെ സന്തോഷ് ട്രോഫിയില്‍ നജ്മുദ്ദീന് മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമില്‍ അംഗമായിരുന്നു നജ്മുദ്ദീന്‍.

https://dailynewslive.in/ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 33 റണ്‍സിന്റെ ആശ്വാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 64 പന്തില്‍ 117 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ കരുത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

https://dailynewslive.in/ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ണാടകത്തില്‍ വലിയ പ്രതിഷേധം. രണ്ട് വര്‍ഷത്തേക്ക് 6.20 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതോടെ, ഇത്രയും ഭാഷ പ്രശ്നങ്ങളും മറ്റും നടക്കുന്നതിനിടെ കന്നട നടിയല്ലാത്ത ഒരാളെ എന്തിനാണ് തിരഞ്ഞെടുത്തതെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ക്കാര്‍ ഇറക്കുന്ന മൈസൂര്‍ സാന്‍ഡല്‍ ബ്രാന്റിന് വിപണിയുണ്ടാക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീല്‍ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പറയുന്നത്.

https://dailynewslive.in/ വമ്പന്‍ നിരക്കിളവുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയില്‍. ഫ്ലാഷ് സെയിലില്‍ 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭ്യമാണ്. 2025 സെപ്റ്റംബര്‍ 19 വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കുമാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ഇന്ന് മുതല്‍ തിയറ്ററുകളില്‍. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിക്ടറ്റീവ് ഉജ്ജ്വലന്‍. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ പ്രധാന അഭിനേതാക്കളായി വരുന്ന നരിവേട്ടയും ഇന്നാണ് തീയേറ്ററുകളിലെത്തുന്നത്.

https://dailynewslive.in/ സ്‌നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികള്‍ സ്‌നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്‌നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്‌നേഹവും വേര്‍പാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാര്‍ത്ഥങ്ങളെ കണ്ടെടുക്കുന്ന നോവലാണ് ബിനീഷ് പുതുപ്പണത്തിന്റെ സുന്ദരജീവിതം. ഡിസി ബുക്സ്, വില : 180 രൂപ.

https://dailynewslive.in/ പ്രമേഹം നിശ്ശബ്ദമായാണ് കടന്നുവരാറ്. അത് പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകളില്‍. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് പ്രമേഹരോഗം ബാധിക്കുന്നത്. പലരും പ്രീഡയബറ്റിക് അവസ്ഥയിലും ആയിരിക്കും. എങ്കിലും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. ശരീരഭാരത്തെയും ഊര്‍ജനിലയെയും മാത്രമല്ല, ഹൃദയാരോഗ്യം, വൃക്കകളുടെ പ്രവര്‍ത്തനം, കാഴ്ചശക്തി എന്നിവയെ പ്രമേഹം ബാധിക്കുന്നു. എന്തിനേറെ വന്ധ്യതയ്ക്ക് പോലും ഇത് കാരണമാകുന്നു. സ്ത്രീകളില്‍ ഗ്ലൂക്കോസും ഇന്‍സുലിനും ശരീരം പ്രോസസ്സ് ചെയ്യുന്നത് പുരുഷന്‍മാരുടേതില്‍ നിന്നും വ്യത്യസ്തമായാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഗംഭീരമായ ഒരുക്കങ്ങളോടെ രാജാവ് നായാട്ടിനു പുറപ്പെടാനൊരുങ്ങിയപ്പോള്‍ തൊട്ടു മുന്നില്‍ മുല്ല നാസറുദീന്‍ പ്രത്യക്ഷപ്പെട്ടു. അത് ഒരു ദുര്‍ലക്ഷണമായാണ് രാജാവിന്റെ മനസ്സില്‍ തോന്നിയത്. രാജാവിനു നല്ല ദേഷ്യം തോന്നി. നാസറുദ്ദീനെ പിടിച്ചുകെട്ടി കുറേ അടി കൊടുത്ത് പറഞ്ഞുവിടാന്‍ രാജാവ് ഭടന്മാരോട് ആജ്ഞാപിച്ചു. ഭടന്മാര്‍ അപ്രകാരം ചെയ്തു. ഇനി മേലാല്‍ ആ പ്രദേശത്തെങ്ങും കണ്ടുപോകരുതെന്നു താക്കീതും ചെയ്തുവിട്ടു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായി രാജാവിന്റെ നായാട്ട് വളരെ ഗംഭീരമായിത്തന്നെ നടന്നു. വളരെ സന്തോഷം തോന്നിയ രാജാവ് കൊട്ടാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആളെ വിട്ട് മുല്ല നാസറുദീനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.മുല്ല വന്നപ്പോള്‍ രാജാവ് പറഞ്ഞു: ‘രാവിലെ താങ്കളോട് മോശമായി പെരുമാറിയതില്‍ എനിക്ക് ദു:ഖമുണ്ട്. നിങ്ങളെ ഒരു ദു:ശകുനമായിട്ടാണ് ഞാന്‍ കരുതിയത്. പക്ഷെ ഇന്നത്തെ എന്റെ നായാട്ട് വളരെ ഗംഭീരമായിരുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എന്ത് സമ്മാനമാണ് തരേണ്ടത്?’ മുല്ല പ്രതിവചിച്ചു: ‘എന്നെ കണി കണ്ട് പോയതുകൊണ്ട് അങ്ങേക്ക് വളരെ സന്തോഷമുണ്ടായി. അങ്ങയുടെ നായാട്ട് ഗംഭീരമായി നടന്നു. പക്ഷേ അങ്ങയെ കണി കണ്ട എനിക്ക് എന്താണ് ലഭിച്ചത്? കുറേ അടി കിട്ടി. ഭടന്മാരില്‍ നിന്ന് താക്കീത് കിട്ടി. ആകെക്കൂടെ മനസ്സിന് വല്ലാത്ത വേദനയായി. അപ്പോള്‍ ആര് ആര്‍ക്കാണ് ദു:ശകുനം ആയതെന്ന് അങ്ങ് ഒന്ന് ചിന്തിച്ചാലും’ മുന്‍വിധികള്‍ പലപ്പോഴും നമ്മുടെ വഴി തെറ്റിക്കും. അതുകൊണ്ട് മുന്‍വിധികളില്ലാതെ യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കുകയാണ് നാം ചെയ്യേണ്ടത്. മുന്‍വിധികള്‍ ഉപേക്ഷിക്കുന്നവനും കാര്യങ്ങളെ ശരിയായി കാണുന്നവനുമാണ് യഥാര്‍ത്ഥ സാത്വികന്‍. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *