◾കേരളത്തെ കണ്ണീരിലാഴ്ത്തി ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടം. വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച അഞ്ചു വിദ്യാര്‍ത്ഥികളുടേയും അധ്യാപകന്റേയും മൃതദേഹങ്ങള്‍ സ്‌കൂള്‍ മുറ്റത്ത് എത്തിയപ്പോള്‍ ഒരു ദേശം മുഴുവന്‍ തേങ്ങി. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങള്‍ പിന്നീട് വീടുകളിലേക്കു കൊണ്ടുപോയി. വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമെല്ലാം കണ്ണീരോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു. മന്ത്രിമാരായ ആന്റണി രാജു, മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.
◾വടക്കഞ്ചേരി ബസപകടത്തില്‍പെട്ട ടൂറിസ്റ്റു ബസിന്റെ ഡ്രൈവറെ അറസ്റ്റു ചെയ്തു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിയമലംഘനം നടത്തിയ ബസുകള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പരിശോധന. വിദ്യാലയങ്ങള്‍ നടത്താനിരുന്ന വിനോദയാത്രകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് വിലക്കി. ബുക്കു ചെയ്തിരുന്ന വാഹനങ്ങള്‍ നിയമലംഘനം നടത്തിയവയായതുകൊണ്ടാണ് യാത്ര വിലക്കിയത്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ട ടൂറിസ്റ്റു ബസിന്റെ ഡ്രൈവര്‍ എറണാകുളം ഇലഞ്ഞി പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസിനെ അറസ്റ്റു ചെയ്തു. കൊല്ലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. രക്ഷപെടാന്‍ സഹായിച്ച രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
◾സാഹിത്യ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്‌കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.
◾ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ലോകാരോഗ്യ സംഘടന ആരോപണം ഉന്നയിച്ച കമ്പനിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനേപഥിലുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ നാല് കഫ് സിറപ്പുകള്‍ക്കെതിരെയാണ് അന്വേഷണം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖
◾എണ്‍പതു കോടി രൂപയുടെ ഹെറോയിനുമായി ഒരു മലയാളി കൂടി പിടിയിലായി. മലയാളിയായ ബിനു ജോണ്‍ മുംബൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ ഹെറോയിനാണ് പിടികൂടിയത്. അതേസമയം ഓറഞ്ച് ഇറക്കുമതിക്കിടെ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റും ഉടനുണ്ടാവും. ഡിആര്‍ഐ കസ്റ്റഡിയിലുള്ള വിജിന്‍ വര്‍ഗീസിന്റെ പങ്കാളി മന്‍സൂറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.
◾1400 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതി ദക്ഷിണാഫ്രിക്കയിലുള്ള മലപ്പറം സ്വദേശി മന്‍സൂര്‍ തച്ചംപറമ്പിലെന്ന് ഡിആര്‍ഐ. നാലു വര്‍ഷമായി സംഘം ലഹരി കടത്തുന്നുണ്ട്. ഇയാളെ പിടികൂടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടും. ഓറഞ്ചെന്നു പറഞ്ഞ് എത്തിച്ച 46,000 പെട്ടികളില്‍ 320 പെട്ടികളില്‍ ലഹരിവസ്തുക്കളായിരുന്നു. മന്‍സൂര്‍ വിജിന്‍ വര്‍ഗീസിനെ വിളിച്ച് ലഹരിപെട്ടികള്‍ മാറ്റണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതിനായി രാഹുലിനെ നിയോഗിച്ചു. രാഹുല്‍ അയച്ച മഹേഷ് ട്രക്കില്‍ ലഹരിപെട്ടികള്‍ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്.
◾കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍നിക്ഷേപം നടത്തുമെന്ന് നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെയുടെ സിഇഒ ആറ്റ്ലെ വിഡര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്. ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരി വാങ്ങിയ കമ്പനിയാണ് ഓര്‍ക്കലെ. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയവയെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ തുടങ്ങാനാണ് നീക്കം.
◾വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ രാവിലെ പത്തര മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ചോദ്യം ചെയ്തത്.
◾വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത്. ബസിന്റെ വേഗപ്പൂട്ടില്‍ മാറ്റം വരുത്തിയിരുന്നു. നിയമം ലംഘിച്ചുള്ള ഫിറ്റിംഗുകളും ബസില്‍ ഉണ്ടായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.
◾വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു മോട്ടോര്‍ വാഹന വകുപ്പിന്റെ ടൂറിസ്റ്റു ബസ് പരിശോധന. അഞ്ചു ബസുകള്‍ക്കെതിരേ കേസ്. അങ്കമാലി സെന്റ് പാട്രിക് സ്‌കൂളിലെ വിനോദയാത്ര മോട്ടോര്‍ വാഹനവകുപ്പ് വിലക്കി. 17 ടൂറിസ്റ്റ് ബസുകളിലായി വിനോദയാത്ര പോകാനിരുന്നതാണ്. ചില ബസുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് യാത്ര വിലക്കിയത്. കൊല്ലം കൊട്ടാരക്കര തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളജ് വിനോദയാത്രയ്ക്കു പോകാന്‍ ബുക്കു ചെയ്ത ടൂറിസ്റ്റ് ബസിനും വിലക്ക്.
◾വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്നു നിര്‍ത്തിയതുകൊണ്ടാണ് ടൂറിസ്റ്റു ബസ് പിറകില്‍ ഇടിച്ചതെന്ന വാദം ശരിയല്ലെന്ന് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍. കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പെട്ടെന്നു നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അടുത്ത സ്റ്റോപ്പ് എത്താറാകുന്നതിനു മുമ്പേയാണ് ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും യാത്രക്കാര്‍.
◾എല്‍ഡിഎഫില്‍ മുസ്ലീം ലീഗിനെ ചേര്‍ക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗ് യുഡിഎഫ് വിട്ടശേഷം ഇക്കാര്യം ആലോചിക്കാം. സിപിഐ അംഗസംഖ്യ കൂടിയതിനനുസരിച്ച് മുന്നണിയില്‍ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും കാനം പറഞ്ഞു.
◾ആലപ്പുഴയില്‍ സ്വകാര്യ ബസില്‍ പൊലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ച യുവതി അടക്കമുള്ള മൂന്നംഗ സംഘത്തെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മോഷണം. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.
◾സംസ്ഥാനത്ത് ഇന്നലെ 100 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഹര്‍ത്താല്‍ അക്രമങ്ങള്‍ നടത്തിയതിനാണ് അറസ്റ്റ്. ഇതുവരെ 360 കേസുകളിലായി 2,526 പേരെയാണ് അറസ്റ്റു ചെയ്തത്.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ. 45 പേരെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. നിരോധനത്തിനുശേഷം സംസ്ഥാന പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേരള പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്ലെന്നും എന്‍ഐഎ.
◾കോഴിക്കോട് – പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് പാതയുടെ സര്‍വേക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ജില്ലയിലെ അരീക്കോടാണ് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കുള്ള കല്ലിടലിനെതിരെ പ്രതിഷേധമുണ്ടായത്. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ സ്ത്രീ കുഴഞ്ഞുവീണു. ഭാരത് മാല പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് പാത നിര്‍മ്മിക്കുന്നത്. 121 കിലോമീറ്റര്‍ നീളമുള്ള പാതയാണിത്.
◾രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥയുണ്ടെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതയ്ക്കു നിരക്കുന്നതല്ല ഈ പ്രചാരണം. ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി.
◾ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മാധ്യമപ്രവവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് ജയിലിലടച്ചിട്ട് രണ്ടു വര്‍ഷമായ ഇന്നലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. സിദ്ദിഖ് കാപ്പന്‍ രാജ്യദ്രോഹം നടത്തിയതിനു രണ്ട് വര്‍ഷമായിട്ടും തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷ എം.വി വിനിത പറഞ്ഞു.
◾സ്വകാര്യ ടെലികോം കമ്പനി ജീവനക്കാര്‍ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍. ആലുവയിലുള്ള ഷോറൂമില്‍ ചെന്നപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറി. തര്‍ക്കമായപ്പോള്‍ ഷോറൂമിന്റെ ഷട്ടര്‍ അടച്ച് കൈയേറ്റത്തിനു ശ്രമിച്ചെന്നു പോലീസില്‍ പരാതിപ്പെട്ടു. ജീവനക്കാര്‍ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ നടി പരാതി പിന്‍വലിച്ചു.
◾സര്‍ക്കാര്‍ നഴ്സിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള കേസില്‍ പ്രതിക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നു പരാതി. പ്രതി മുന്‍വിദ്യാര്‍ത്ഥി കൂടിയായ ജഗില്‍ ചന്ദ്രനെ അറസ്റ്റു ചെയ്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോളേജ് അധികൃതരും പൊലീസും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദുരനുഭവമുണ്ടായ വിദ്യാര്‍ത്ഥിനി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. വഞ്ചിയൂര്‍ നഴ്സിംഗ് കോളജില്‍ സ്പോര്‍ട്സ് മീറ്റിനിടെ മര്‍ദിച്ചെന്നാണു പരാതി.
◾വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ പോയ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥന്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കാത്തതിനാലാണ് കീഴടങ്ങിയത്. എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണു കേസ്.
◾കോഴിക്കോട് മാനാഞ്ചിറ എസ്ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നിന്ന എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസുള്ള മകളുടെ പാദസരം കവര്‍ന്ന തമിഴു നാടോടി സ്ത്രീകള്‍ പിടിയിലായി. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി ( 27) പ്രിയ എന്നിവരെയാണ് പിടികൂടിയത്.
◾ജോലിക്കു വിദേശത്തു പോകാനുള്ള പണം സമ്പാദിക്കാന്‍ മയക്കുമരുന്ന് ഇടപാടു നടത്തിയയാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ തിരുവണ്ടൂരില്‍ രജിന്‍ രാജു(28) വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയൂം 0. 149 ഗ്രാം ഹാഷിഷുമായി പിടികൂടിയത്.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഇന്ന് പ്രിയങ്ക ഗാന്ധിയും. കര്‍ണാടകയിലുള്ള പദയാത്രയില്‍ പ്രിയങ്ക പങ്കെടുക്കും. ഇന്നലെ സോണിയാ ഗാന്ധി നാലര കിലോമീറ്റര്‍ പദയാത്ര നടത്തി.
◾എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ശത്രുവല്ലെന്നും ആദരണീയനായ മുതിര്‍ന്ന നേതാവുമായുളള മത്സരമാണിതെന്നും ശശി തരൂര്‍. പ്രചാരണത്തിനായി ചെന്നൈയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജീവ് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തരൂര്‍, കാമരാജ് സ്മാരകത്തിലും എത്തി. ഐഐടി ചെന്നൈയിലെ വിദ്യാര്‍ത്ഥികളുമായും സംവദിച്ചു.
◾ഇന്ത്യ ആറര ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. കൊവിഡ് കാലത്തെ ഏറ്റവും ശക്തമായി അതിജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സേവന മേഖലയിലും, സേവന കയറ്റുമതിയിലുമാണ് ഇന്ത്യ മുന്നേറിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ 16 പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി. 14 വിദ്യാര്‍ത്ഥികളുടെയും രണ്ട് അധ്യാപകരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. 14 പേരെ രക്ഷപ്പെടുത്തി. തിരച്ചില്‍ തുടരും. മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്.
◾പോത്തുകളെ ഇടിച്ച് ഗാന്ധിനഗര്‍ -മുംബൈ വന്ദേഭാരത് ട്രെയിനിനു കേടുപാടുകള്‍ പറ്റി. ഗുജറാത്തിലെ മണിനഗറിനടുത്താണ് സംഭവം. ട്രെയിനിന്റെ മുന്‍വശത്തെ പാളികള്‍ ഇളകി പോയി. തകരാറുകള്‍ പരിഹരിച്ച് സര്‍വീസുകള്‍ തുടര്‍ന്നെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു.
◾കേന്ദ്രീയ വിദ്യാലയത്തില്‍ 11 കാരിയെ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗം ചെയ്തെന്ന വിവരം പോലീസില്‍ അറിയിക്കാത്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഡല്‍ഹി പോലീസിനും ഡല്‍ഹി വനിതാ കമ്മീഷന്റെ നോട്ടീസ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ നോട്ടീസ് ലഭിച്ചതോടെ പോലീസ് കേസെടുത്തു.
◾ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലിക്കൊന്നു. കാടിഹാര്‍ ജില്ലയില്‍ ഹസന്‍ഗന്‍ജില്‍ മുഹമ്മദ് സാഗിര്‍ ആണ് കൊല്ലപ്പെട്ടത്.
◾യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുക്രെയിനിലെ സപോറിഷ്യ ന്യൂക്ലിയര്‍ പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ റഷ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെയാണ് ജയശങ്കര്‍ ഇക്കാര്യം വെളിപെടുത്തിയത്.
◾തായ്‌ലന്‍ഡില്‍ ശിശുപരിപാലന കേന്ദ്രത്തില്‍ 22 കുട്ടികളടക്കം 34 പേരെ വെടിവച്ചുകൊന്ന മുന്‍ പൊലീസുകാരന്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. പോലീസില്‍നിന്ന് ഇയാളെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിനാണ് ഇയാള്‍ കൂട്ടക്കുരുതി നടത്തിയത്.
◾അമേരിക്കയിലെ ഇന്ത്യാനപൊളിസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ സഹപാഠിയായ ഉത്തരകൊറിയക്കാരന്‍ കൊലപ്പെടുത്തി. പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി വരുണ്‍ മനീഷ് ചെദ്ദ (20) യാണ് കൊല്ലപ്പെട്ടത്. സഹപാഠിയും ഉത്തര കൊറിയക്കാരനുമായ ജിമിന്‍ ജമ്മിഷായെ അറസ്റ്റു ചെയ്തു.
◾സഞ്ജു ജയിച്ചു, ടീം ഇന്ത്യ തോറ്റു. സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിനും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ രക്ഷിക്കാനായില്ല. മോശം കാലാവസ്ഥ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് എട്ട് വിക്കറ്റിന് 240 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 63 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ പുറത്താകാതെ നിന്ന സഞ്ജു അവസാന ഓവര്‍ വരെ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഒമ്പത് റണ്‍സിന്റെ തോല്‍വി വഴങ്ങി. 65 പന്തില്‍ 74 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയുടെ ഹെന്റിക് ക്ലാസനാണ് മാന്‍ ഓഫ് ദ മാച്ച്.
◾ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ കായിക ലേഖകന്‍ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്.
◾ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചനം. കഴിഞ്ഞ ജൂണില്‍ 7.5 ശതമാനമാണ്, ഇന്ത്യന്‍ വളര്‍ച്ചാനിരക്കായി ലോകബാങ്ക് കണക്കാക്കിയിരുന്നത്. അന്തര്‍ദേശീയ സാഹചര്യം മോശമായ പശ്ചാത്തലത്തിലാണ് വളര്‍ച്ചാനിരക്കില്‍ ഇടിവ് പ്രവചിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും, ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസില്‍ ബാങ്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 8.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സേവന മേഖലയിലും സേവന കയറ്റുമതിയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അന്തര്‍ദേശീയ സാമ്പത്തിക സാഹചര്യം മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് പരിഗണിച്ചാണ് വളര്‍ച്ചാനിരക്കില്‍ ഇടിവ് കണക്കാക്കുന്നത്.
◾കേരളം ആസ്ഥാനമായ 4 വാണിജ്യ ബാങ്കുകള്‍ക്കും മികച്ച തോതിലുള്ള വായ്പ വളര്‍ച്ച. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയാണ് നിരക്കു വര്‍ധനയുടെ പശ്ചാത്തലത്തിലും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ ബാങ്കുകള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കനുസരിച്ച് ഇവയുടെ മൊത്തം വായ്പ മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ചു 41,831.28 കോടി രൂപ വര്‍ധിച്ചിരിക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഈ ബാങ്കുകളുടെ വായ്പ 2,16,880.74 കോടി മാത്രമായിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇത് 2,58,712.02 കോടിയായാണു വര്‍ധിച്ചിരിക്കുന്നത്. വര്‍ധന 19.29%.
◾നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമാണ് ഇത്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇംഗ്ലീഷില്‍ വരികളുള്ള ഗാനത്തിന് ഈണം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും ജേക്സ് ബിജോയ് ആണ്. വരികള്‍ എഴുതിയിരിക്കുന്നതും ജേക്സ് ബിജോയ്യും ഷായും ചേര്‍ന്നാണ്. സ്റ്റാന്‍ലി എന്നാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവീന്‍ ഭാസ്‌കറിന്റേതാണ് രചന. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’ ഇപ്പോള്‍ ഹിന്ദിയിലും ശ്രദ്ധ നേടുകയാണ്. ഹൃത്വിക് റോഷന്‍ നായകനായ ചിത്രം കളക്ഷനില്‍ 55 കോടി മറികടന്നിട്ടുണ്ട്. റിലീസ് ദിവസം 10.35 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍, 12.55 കോടി, 13.50 കോടി, 5.60 കോടി, ആറ് കോടി എന്നിങ്ങനെ നേടിയ ചിത്രം മൊത്തം കളക്ഷന്‍ 55 കോടിയിലെത്തി. ‘വിക്രം വേദ’ റിലീസ് ചെയ്ത അതേ ദിവസം പ്രദര്‍ശനത്തിന് എത്തിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ഇതിനകം 300 കോടി സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 5640 സ്‌ക്രീനുകളിലായിട്ടാണ് ഹിന്ദി ‘വിക്രം വേദ’ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‌ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
◾ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ജനപ്രിയ കാറുകളിലൊന്നായ റെനോ 4 എന്ന ഐക്കണിക് നെയിംപ്ലേറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറാണ് എന്ന് റിപ്പോര്‍ട്ട്. 1960-കളുടെ തുടക്കം മുതല്‍ 1990-കളുടെ പകുതി വരെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഇപ്പോഴിതാ ഈ മോഡല്‍ വീണ്ടും എത്തുകയാണ്. ഇലക്ട്രിക്ക് കരുത്തില്‍ എത്തുന്ന പുത്തന്‍ റെനോ 4 ഈ ഒക്ടോബര്‍ 17 ന് ആഗോളതലത്തില്‍ വാഹനം അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റെനോ 4 കണ്‍സെപ്റ്റിന്റെ പുതിയ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തിറക്കി.
◾സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ‘സലില്‍ ചൗധരി ജീവിതവും സംഗീതവും’. ഡോ എം ഡി മനോജ്. മാതൃഭൂമി ബുക്സ. വില 275 രൂപ.
◾അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം. പയര്‍വര്‍ഗങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. മത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് മത്സ്യം കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ച്, ‘സാല്‍മണ്‍ ഫിഷ്’ (കോര). ഹൃദയത്തിന് ഏറ്റവുമധികം ആവശ്യമായ ഒമേഗ- 3 ഫാറ്റി ആസിഡാണ് ഈ മീനില്‍ ഏറെയും അടങ്ങിയിരിക്കുന്നത്. കൂടാതെ ധാരാളം പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചീര ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണവുമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
1986 ല്‍ കര്‍ണ്ണാടകയിലെ ഭുവനഹള്ളിയില്‍ അരുണ്‍കുമാറിന്റെയും പുഷ്പയുടേയും മകനായാണ് നവീന്‍ കുമാര്‍ ഗൗഡ ജനിക്കുന്നത്. അച്ഛന്‍ അരുണ്‍കുമാര്‍ കര്‍ണ്ണാടകയിലെ കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ ആയിരുന്നു. അമ്മ പുഷ്പ ഒരു സാധാരണ വീട്ടമ്മയും. സ്‌കൂള്‍കാലഘട്ടം മുതല്‍ അഭിനയം ആയിരുന്നു നവീന്‍കുമാറിന്റെ ഇഷ്ടമേഖല. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് തങ്ങളാല്‍ ആവുന്ന വിധം അതിനെ പരിപോഷിപ്പിക്കാന്‍ അച്ഛനമ്മമാര്‍ കൂടെ നിന്നു. പക്ഷേ അഭിനയം എന്ന മോഹം സിനിമയിലേക്ക് ചെന്നെത്തിയപ്പോള്‍ അവിടേയെയ്‌ക്കെത്താന്‍ ഒരു മിഡില്‍ക്ലാസ്സ് കുടുംബത്തിന് അതത്ര എളുപ്പമായിരുന്നില്ല. തന്റെ സ്വപ്നത്തിന് വേണ്ടി നവീന്‍ കയ്യിലുണ്ടായിരുന്ന 300 രൂപയുമായി ബാംഗ്ലൂരിലേക്ക് വണ്ടി കയറി. ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കൊടുവില്‍ ഒരു ചെറിയ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യാന്‍ അവസരം ലഭിച്ചു. പക്ഷേ കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ആ സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വന്നു. വീണ്ടും നിരന്തരമായ അന്വേഷണങ്ങള്‍, അലച്ചിലുകള്‍. ആ അന്വേഷണം ചെന്നെത്തിയത് ബേനക എന്ന നാടകട്രൂപ്പില്‍ ആയിരുന്നു. അവിടെ നിന്നും മികച്ച രീതിയിലുള്ള നാടകങ്ങളുടെ ഭാഗമാവുകയും നാടകവേദികളില്‍ പ്രസിദ്ധിനേടുകയും ചെയ്തു. വൈകാതെ നന്ദനഗോകുല എന്ന സീരിയലില്‍ നവീനിന് അവസരം ലഭിച്ചു. പിന്നീടുള്ള തട്ടകം സീരിയലായി മാറി. ലഭിക്കുന്ന ഓരോ അവസരങ്ങളും തന്റെ 100 ശതമാനം മികവുറ്റതാക്കാന്‍ നവീന്‍ കഠിനമായി പരിശ്രമിച്ചിരുന്നു. 2007 ല്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വളരെ ചെറിയ ഒരു റോളില്‍ കടന്നുവന്നു. 2008 ല്‍ ഒരു ലീഡിങ്ങ് ക്യാരക്ടര്‍ നവീനെ തേടി വന്നു. ആ റോള്‍ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ്ങ് ക്യാരക്ടറിനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. കാലം കടന്നുപോയി. 2018 ഡിസംബര്‍ 21 കുറെ സിനിമകള്‍ റിലീസ് ചെയ്ത ദിവസം. അന്ന് മറ്റേതൊരു സിനിമയേയും പോലെ തിയറ്ററില്‍ എത്തിയതായിരുന്നു ആ പടം. തിയേറ്റര്‍ ഉടമകള്‍ക്ക് ആ കന്നട മൊഴിമാറ്റ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അത്ര വലിയ താല്‍പര്യം ഒന്നും ഉണ്ടായിരുന്നുമില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് 2022 ഏപ്രില്‍ മാസം 14-ാം തിയതി തിയേറ്റര്‍ ഉടമകള്‍ മറ്റ് സിനിമകളെല്ലാം മാറ്റി വെച്ച് മറ്റൊരു കന്നട മൊഴിമാറ്റ ചിത്രത്തിന് വേണ്ടി ക്യൂ നിന്നു.. അതെ ആദ്യ ദിനം തന്നെ കോടികള്‍ വാരിയ KGF II എന്ന ബ്രഹ്‌മാണ്ഡ ചിത്രം 2018 ല്‍ KGF I എന്ന കന്നട ചിത്രത്തിലൂടെ കന്നടസിനിമാ മേഖലയെ ലോകത്തിന് മുന്നില്‍ എത്തിച്ചയാള്‍… അതെ നവീന്‍ കുമാര്‍ ഗൗഡ എന്ന യാഷ്. കുട്ടിക്കാലം മുതല്‍ താന്‍ ഏത് കാര്യമാണോ ആഗ്രഹിച്ചത് ആ സ്വപ്നത്തിലേക്ക് യാഷ് എന്ന വ്യക്തി തന്റെ 36-ാമത്തെ വയസ്സില്‍ എത്തി നില്‍ക്കുകയാണ്. പ്രയത്‌നിക്കുക… പ്രയത്‌നിക്കുക.. പ്രയത്‌നിക്കുക.. കാലം നമുക്ക് ആ പ്രയത്‌നത്തിനുളള ഫലം തിരിച്ചു തരിക തന്നെ ചെയ്യും – ശുഭദിനം.