◾പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല.
◾ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്.
◾പാറശാല ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഗ്രീഷ്മ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും വീഴ്ചവരുത്തിയ രണ്ടു പൊലീസികാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പാറശാല ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയതില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛന്‍ ജയരാജ്. ഷാരോണും ഗ്രീഷ്മയും തനിച്ച് കാണാനുള്ള സൗകര്യം ഗ്രീഷ്മയുടെ അമ്മ ഒരുക്കി. വിഷം കലര്‍ന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണെന്നും ജയരാജ് ആരോപിച്ചു. പ്രണയത്തില്‍നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ അയച്ച വീഡിയോ പൊലീസിന് നല്‍കുമെന്നും ജയരാജ്.
◾ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തിന് ഒരുവയസു മാത്രം. ബസ് യാത്രയിലാണ് ഇരുവരും പരിചയപ്പെട്ടത്. അഴകിയമണ്ഡപം മുസ്ലിം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ഗ്രീഷ്മ ബിഎ റാങ്ക് ജേതാവായിരുന്നു.
◾ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണു സംഭവം. പാറശ്ശാലയിലെ തമിഴ്നാട്ടില്‍പെട്ട പൂമ്പള്ളിക്കോണത്തെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തശേഷം ഇന്നലെ രണ്ടു പോലീസ് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾താലി കെട്ടിയ ശേഷമുള്ള ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്ത്. ഷാരോണിന്റെ ഫോണിലുണ്ടായിരുന്ന ഈ വീഡിയോ ഷാരോണിന്റെ കുടുംബമാണ് പൊലീസിന് കൈമാറിയത്.
◾ഹൈക്കോടതിയില്‍ അഭിഭാഷക സമരം. കോടതി നടപടികള്‍ ബഹിഷ്‌കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കേസുകളെല്ലാം മാറ്റിവച്ചു. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ കേസില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
◾ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി. ഓണ്‍ലൈന്‍ പാസ് ഇല്ലാതെ ഇനി കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്കു പ്രവേശിക്കാനാവില്ല. ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ കയറി ഹര്‍ജിക്കാരന്‍ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
◾രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം രൂപ നല്‍കിയത് ഗവര്‍ണറെ അനുനയിപ്പിക്കാനല്ലെന്നു ധനമന്ത്രി ബാലഗോപാല്‍. ധനമന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപ അനുവദിച്ചത്. രാജ്ഭവനില്‍ കേന്ദ്രീകൃത നെറ്റ് വര്‍ക്കിംഗും ഇ ഓഫീസും ഒരുക്കാനായാണ് തുക അനുവദിച്ചത്.
◾തൃശൂര്‍ ഗവണ്‍മെന്റ് എംടിഐയില്‍ പോലീസ് സംരക്ഷണത്തോടെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടം. പ്രിന്‍സിപ്പലിന്റെ മുട്ടുകാലു തല്ലിത്തകര്‍ക്കുമെന്ന് എസ്എഫ്ഐ ജില്ലാ ഭാരവാഹിയാണെന്നു പറഞ്ഞുകൊണ്ടാണ് ഭീഷണിപ്പെടുത്തിയത്. രണ്ടു പോലീസുകാര്‍ നോക്കിനില്‍ക്കേയാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.വി.ഗോവിന്ദനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിര്‍ദേശിച്ചു.
◾പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ്. കേരള പ്രവാസി അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
◾യുഡിഎഫ് സമര പരമ്പര നാളെ മുതല്‍. കേരളപ്പിറവി ദിനമായ നാളെ യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയില്‍. നവംബര്‍ രണ്ടിന് മഹിളാ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്. നവംബര്‍ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. എട്ടാം തീയതി യുഡിഎഫിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തും.
◾മുതിര്‍ന്ന ആര്‍എസ്പി നേതാവ് പ്രൊഫ ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 83 വയസുള്ള അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്‌കാരം അമേരിക്കയിലുള്ള മകള്‍ നാട്ടിലെത്തിയ ശേഷം.
◾ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് ഒരു നിശ്ചയവുമില്ലെന്നും സര്‍ക്കാരില്‍നിന്ന് ഒരു പ്രതികരണവും ഇല്ലെന്നും മകന്‍ സെല്‍വരാജ്. 20 ദിവസമായി മൃതദേഹത്തിനായി കാത്തിരിക്കുകയാണെന്നും മറ്റു പണികള്‍ക്കൊന്നും പോകാന്‍ കഴിയുന്നില്ലെന്നും സെല്‍വരാജ് പറഞ്ഞു.
◾വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി ഉടമയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവ് അനില്‍കുമാറിനെതിരെ പരാതിയുമായി സ്ത്രീ തൊഴിലാളി. സിഐടിയു നേതാക്കള്‍ക്ക് കൈക്കൂലി നല്‍കാത്തതിനാല്‍ കരാര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്നാണ് പാരിപ്പള്ളി സ്വദേശിനി അനീസ ബീവിയുടെ ആരോപണം.
◾കര്‍ണാടക ആര്‍ടിസിയുടെ എസി സ്ലീപ്പര്‍ കോച്ച് ബസ് താമരശേരി ചുരത്തില്‍ സുരക്ഷാഭിത്തിയില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ ചുരത്തിലെ എഴാംവളവ് തിരിയുന്നതിനിടെയാണ് അപകടം. മുന്‍ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്നുനിന്ന അവസ്ഥയാണ്. ബസ് താഴേയ്ക്കു പതിക്കാതിരുന്നതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
◾എഴുപത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസകളുമായി നടന്‍ മമ്മൂട്ടി. ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന ആലുവാ പാലസിലാണ് മമ്മൂട്ടി എത്തിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ജര്‍മനിയില്‍ ചികിത്സയ്ക്കു പോകുന്ന ഉമ്മന്‍ ചാണ്ടി വേഗം സുഖം പ്രാപിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
◾ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനു മുന്‍ പഞ്ചായത്ത് അംഗത്തെ എസ്ഐ കള്ളകേസില്‍ കുടുക്കിയെന്നു പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുന്‍ എസ്ഐക്കെതിരെയാണ് നിജേഷ് എന്നയാളും മക്കളും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ക്കു പരാതി നല്‍കിയത്.
◾ഇരിട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച പതിനേഴുകാരിയെ പീഡിപ്പിച്ചതിന് മലപ്പട്ടം സ്വദേശി കൃഷ്ണന്‍ എന്ന അമ്പത്തിമൂന്നുകാരനെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
◾പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പൈങ്ങോട്ടുപുറം സ്വദേശി ഇര്‍ഷാദുല്‍ ഹാരിസ് (34) നെയാണു വീട്ടില്‍ കയറി മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയത്.
◾എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെണ്‍സുഹൃത്തും കായംകുളത്ത് അറസ്റ്റില്‍. കലംഅനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ കാമുകി ഷംന (30) എന്നിവരാണ് പിടിയിലായത്.
◾താമരശേരി ബസ് സ്റ്റാന്‍ഡില്‍ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. പതിനഞ്ചുകാരിയായ പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് .
◾കുന്നംകുളം പാറേമ്പാടത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പമ്പിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കൊള്ളയടിച്ചു.
◾വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ബസിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ട ഇന്നോവ കാറിന്റെ നമ്പര്‍ മന്ത്രിയുടെ കാറിന്റേത്. കേരള സ്റ്റേറ്റ് പന്ത്രണ്ട് എന്ന് എഴുതിയ ബോര്‍ഡുവച്ച കാറില്‍ രക്ഷപ്പെട്ട് ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ അനസിനെ കണ്ടെത്താനായിട്ടില്ല. അനസിനു രക്ഷപ്പെടാന്‍ സഹായിച്ച തൃക്കാക്കര സ്വദേശി അജാസ് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾യുവതിയെ ബലാത്സംഗം ചെയ്ത രക്ഷിതാവിനെ ഇരട്ടജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച് കോടതി. ഒന്നേകാല്‍ ലക്ഷം രൂപ പിഴയൊടുക്കാനും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ഉത്തരവിട്ടു.
◾ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളുടെ കന്യാകാത്വ പരിശോധന എന്ന പേരിലുള്ള രണ്ടു വിരല്‍ പ്രയോഗം സുപ്രിം കോടതി നിരോധിച്ചു. ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
◾തെലങ്കാനയിലെ മുനുഗോഡിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.രാജഗോപാല്‍ റെഡ്ഡി ചെലവാക്കിയ അഞ്ചേകാല്‍ കോടി രൂപയുടെ ഇടപാടുകള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനത്തില്‍നിന്ന് 23 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഭീമമായ തുക അയച്ചെന്ന തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ പരാതിയിലാണ് നടപടി.
◾പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പൗരത്വ ഭേദതഗതി നിയമം നിര്‍ദോഷകരമായ നിയമനിര്‍മ്മാണമാണ്. നിയമം ഭരണഘടനാ വിരുദ്ധമല്ല. ഇന്ത്യയിലെ ഒരു പൗരന്റെയും അവകാശം കവര്‍ന്നെടുക്കുന്നതല്ല ഈ നിയമമെന്നും കേന്ദ്രം വാദിച്ചു.
◾ചെന്നൈ കേന്ദ്രീകരിച്ച് വന്‍ തൊഴില്‍ തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികളടക്കം നൂറുകണക്കിനു ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിയെടുത്തത്. മറൈന്‍ ആന്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനത്തിന്റെ പേരിലാണു ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍നിന്നും ഒന്നര ലക്ഷം രൂപ വരെ തട്ടിയെടുുത്തത്.
◾ട്വിറ്ററില്‍ യൂസര്‍ വെരിഫിക്കേഷന്‍ നടത്തിയതിന്റെ അടയാളമായ ബ്ലൂ ടിക്കിന് ട്വിറ്റര്‍ ചാര്‍ജ് ഈടാക്കും. ട്വിറ്റര്‍ അതിന്റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നല്‍കുന്ന നീല നിറത്തിലുള്ള ശരിയടയാളത്തിന് ഇനി പ്രതിമാസം 1648 രൂപ വരിസംഖ്യ നല്‍കണം. നാളെ മുതല്‍ തുക ഈടാക്കണമെന്നാണ് ഇലോണ്‍ മസ്‌ക് അന്ത്യാശാനം നല്‍കിയിരിക്കുന്നത്.
◾ഇടതു നേതാവ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ്. നിലവിലെ പ്രസിഡന്റ് ബൊല്‍സനാരോയെയാണു ലുല തോല്‍പ്പിച്ചത്. ബൊല്‍സനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ലുലക്ക് കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിച്ചു.
◾മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ലോംഗ് മാര്‍ച്ചിനിടെ അദ്ദേഹവുമായി അഭിമുഖം നടത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തക വാഹനത്തില്‍ നിന്നു വീണ് മരിച്ചു. ചാനല്‍ 5 റിപ്പോര്‍ട്ടര്‍ സദഫ് നയീമാണു മരിച്ചത്. ഇതേത്തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് ഒരു ദിവസത്തേക്കു നിര്‍ത്തിവച്ചു. നാലാം ദിവസമായ ഇന്ന് കാമോകെയില്‍നിന്ന് മാര്‍ച്ച് പുനരാരംഭിക്കും.
◾മയക്കുമരുന്ന് നല്‍കിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ യുഎന്‍ ജീവനക്കാരന് 15 വര്‍ഷം തടവ്. ന്യൂജേഴ്‌സിയിലെ 39 കാരനായ കരിം എല്‍കൊരാനി എന്ന യുഎന്‍ മുന്‍ജീവനക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇറാഖില്‍ യുഎന്‍ കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകയ്ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന കേസിലാണു ശിക്ഷ.
◾ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഫോണ്‍ റഷ്യ ചോര്‍ത്തി. ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോള്‍ മുതലാണ് ഫോണ്‍ ചോര്‍ത്തിയത്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
◾ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു ചരിത്ര കിരീടം. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം ചൈനീസ് തായ്പേയ് സഖ്യത്തെ തോല്‍പിച്ചാണു കിരീടം നേടിയത്. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ജോഡി 21-13, 21 -19 എന്ന സ്‌കോറിനാണ് ജേതാക്കളായത്.
◾സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് സ്വന്തം മൈതാനത്ത് സമനില. ആദ്യം മുന്നിലെത്തിയ റയലിനെ ജിറോണ സമനിലയില്‍ തളയ്ക്കുകയായിരുന്നു. എഴുപതാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറിന്റെ ഗോളിന് റയല്‍ മുന്നിലെത്തി. എണ്‍പതാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സ്റ്റുവാനിയാണ് ജിറോണയുടെ സമനില ഗോള്‍ നേടിയത്. ഇഞ്ചുറിടൈമില്‍ ടോണി ക്രൂസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായത് റയലിനു തിരിച്ചടിയായി.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 3850 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾ഒരിടവേളയ്ക്കുശേഷം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് എത്തുന്നത് നാല് കമ്പനികള്‍. സമാഹരണലക്ഷ്യം ആകെ 4,500 കോടി രൂപയും. മേദാന്ത ബ്രാന്‍ഡില്‍ ആശുപത്രി ശൃംഖലകളുള്ള ഗ്ളോബല്‍ ഹെല്‍ത്തിന്റെ ഐ.പി.ഒ മൂന്നുമുതല്‍ ഏഴുവരെയാണ്. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവില ഓഹരി ഉടമകളുടെ 5.07 കോടി ഓഹരികളുമാണ് കമ്പനി വിറ്റഴിക്കുന്നത്. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പന ഉള്‍പ്പെടെ മൊത്തം 1,104 കോടി രൂപയുടെ സമാഹരണത്തിനാണ് ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ഒരുങ്ങുന്നത് ബംഗളൂരു കേന്ദ്രമായുള്ള ഡി.സി.എക്‌സ് സിസ്റ്റംസ് 400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിക്കുക. ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണലാണ് ഐ.പി.ഒയിലേക്ക് ചുവടുവയ്ക്കുന്ന മറ്റൊരു കമ്പനി. 1,000 കോടി രൂപയുടെ ഉന്നമാണ് ബികാജി ഫുഡ്‌സിനുള്ളത്.
◾അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭൂമി എന്ന സുത്തുതേ’യുടെ ട്രെയിലര്‍ പുറത്ത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്. ഒരു ദിവസം തന്നെ വീണ്ടും റിപ്പീറ്റ് ആയി കൊണ്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രാഹുല്‍ വിജയിയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അദ്ദേഹം രാം വിഘ്നേഷും ചേര്‍ന്നാണ്. ടി ജി വിശ്വ പ്രസാദ്, പവന്‍ കുമാര്‍, വിവേക് കുച്ചിബോട്ല എന്നിവരാണ് ‘ഭൂമി എന്ന സുത്തുതേ’യുടെ നിര്‍മ്മാതാക്കള്‍. വിജയ രാജേഷ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി.
◾അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഷാഹുരാജ് ഷിന്‍ഡെയുടെ അവസാന കന്നട ചിത്രമായ ചാമ്പ്യന്‍ മലയാളത്തിലേക്ക്. സച്ചിന്‍ ധന്‍പാലും അദിതി പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്. ഒരു ഗാന രംഗത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് സച്ചിന്റെയും അദിതിയുടെയും കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ആണ് പശ്ചാത്തലമെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ട്. ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമന്‍, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശര്‍മ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ചില സാങ്കേതിക തകരാറുകള്‍ മൂലം മാരുതി സുസുക്കി ഇന്ത്യ അതിന്റെ മൂന്ന് മോഡലുകളായ വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്നിസ് എന്നിവയുടെ 9,925 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. റിയര്‍ ബ്രേക്ക് അസംബ്ലിയിലെ തകരാര്‍ പരിഹരിക്കുന്നതിനായിട്ടാണ് നടപടി. 2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് ഈ അപകട ഭീഷണി നേരിടുന്നത്. റിയര്‍ ബ്രേക്ക് അസംബ്ലിയുടെ ചില ഭാഗങ്ങളിലെ ഒരു തകരാര്‍ മൂലം ഇത് ഒരു പ്രത്യേക സാഹചര്യത്തില്‍ പൊട്ടുകയും ഒരു പ്രത്യേക ശബ്ദവും ഉണ്ടാക്കാം. ഇക്കാരണത്താല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രേക്ക് പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിഎസ്ഇയിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു.
◾അരനൂറ്റാണ്ടിന് അരികെത്തിയ അരങ്ങുകാലത്തിന്റെ രേഖാപുസ്തകമാണിത്. സര്‍ഗാനുഭവങ്ങളുടെ പ്രകാശരേണുക്കള്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതത്തിന്റെയും ശമിക്കാത്ത സൗഹൃദചേര്‍ച്ചകളുടേയും ഏടുകള്‍ വീണ്ടെടുക്കുകയാണ് നടനും അധ്യാപകനുമായ പ്രൊഫ. അലിയാര്‍. ‘നാട്യഗൃഹം’. മനോരമ ബുക്സ്. വില 313 രൂപ.
◾കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന് സഹായകമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷണങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാകം ചെയ്‌തോ പച്ചയ്‌ക്കോ ഒക്കെ മുട്ട കഴിക്കാവുന്നതാണ്. സാലഡ്, ജ്യൂസ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് കാരറ്റ്. കാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളിലെ അണുബാധയെയും മറ്റ് ഗുരുതരമായ നേത്രപ്രശ്‌നങ്ങളെയും തടയുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും സഹായകമായ പോഷണങ്ങളാണ് വൈറ്റമിന്‍ ഇയും ഒമേഗ ഫാറ്റി ആസിഡും. ഇത് രണ്ടും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടും നട്‌സുമെല്ലാം കാഴ്ചശക്തിക്ക് ഉത്തമമാണ്. എന്നാല്‍ ഇവയില്‍ കാലറിയും അധികമായിരിക്കുന്നതിനാല്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിക്കനും ബീഫിനുമെല്ലാം പകരം കടല്‍ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കും. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡാണ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത്. സസ്യഹാരികള്‍ക്ക് മീന്‍ എണ്ണ സപ്ലിമെന്റുകളായും ഇത് കഴിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.44, പൗണ്ട് – 95.37, യൂറോ – 81.82, സ്വിസ് ഫ്രാങ്ക് – 82.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.73, കുവൈത്ത് ദിനാര്‍ -266.20, ഒമാനി റിയാല്‍ – 214.12, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.42.