◾ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു. ബാലഗോപാലിന്റെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. അതേസമയം പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും ഒരു കാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
◾സംസ്ഥാനത്തെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നിരിക്കേ ഗവര്‍ണ്ണര്‍ കത്തയക്കുന്നു. ലൈംഗികാരോപണം, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ അടവാണ് ഇതെല്ലാം. കാര്‍ഷികമേഖല തകര്‍ന്നു. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നു. ഇതൊക്കെ മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളാണ് ഇതെല്ലാം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾കത്തയക്കാന്‍ പോസ്റ്റ് ഓഫിസുള്ളപ്പോള്‍ ആര്‍ക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രന്‍. ധനമന്ത്രിക്കെതിരേ ഗവര്‍ണ്ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. മന്ത്രിമാരെ തീരുമാനിക്കുന്നത് സഭയുടെ നാഥനായ മുഖ്യമന്ത്രിയാണ്. ഇങ്ങനെ കത്തയച്ചാലുടന്‍ ആരെങ്കിലും പിരിച്ചു വിടുമോ? ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്രം തയ്യാറാകണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഗവര്‍ണര്‍ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
◾മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. മുന്‍ അദ്ധ്യക്ഷ സോണിയഗാന്ധി ചുമതലകള്‍ കൈമാറി. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖാര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം മധുസൂദന്‍ മിസ്ത്രി വായിച്ചതിനെ തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.
◾രാജ്യത്തിന് ഐശ്വര്യം വരാന്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നമ്മുടെ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ വളരെയധികം പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം ആവശ്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. എന്നാണ് സ്റ്റാറ്റസ് . സ്ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയിട്ടത്. മരിച്ച ജമേഷ മുബീന്റെ മൃതദേഹത്തില്‍ കത്താന്‍ സഹായിക്കുന്ന ലായനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.കൂടുതല്‍ പരിശോധനകള്‍ നടക്കുന്നു.
◾കണ്ണൂര്‍ ജില്ലയിലെ ധര്‍മടം അഴിമുഖത്തിന് സമീപം ബീച്ചില്‍ കുളിക്കവേ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വിനോദയാത്രാസംഘത്തിലെ രണ്ട് യുവാക്കളാണ് മുങ്ങിമരിച്ചത്.ഗൂഢല്ലൂര്‍ എസ്.എഫ്. നഗര്‍ സ്വദേശികളായ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഗൂഢല്ലൂരില്‍നിന്നും ഏഴുപേരടങ്ങിയ സംഘം ദീപാവലി ആഘോഷിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് .
◾താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ് . കാറിലെത്തിയ സംഘമാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഷ്‌റഫിനെ (55) തട്ടിക്കൊണ്ട് പോയത്.
◾
◾പോലിസിലെ കള്ളനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഞാറക്കലില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ കൊച്ചി എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്റിലാണ്.
◾എറണാകുളം ഇളംകുളത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്ലപ്പെട്ടതാരെന്നും കൊലപാതകിയാരെന്നും തിരിച്ചറിയാനാവാതെ പൊലീസ്. കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
◾കൊല്ലം ചടയമംഗലത്തെ ഒളിവില്‍ പോയ മന്ത്രവാദി അബ്ദുള്‍ ജബ്ബാറിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്ത്. നേരത്തെ ആറ്റിങ്ങള്‍ സ്വദേശിയായ യുവതിയെ നഗ്നപൂജക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലിസ് കേസെടുത്തിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദി അബ്ദുല്‍ ജബ്ബാര്‍, സഹായി സിദ്ദീഖ്, യുവതിയുടെ ഭര്‍ത്താവ് എന്നിവര്‍ ഒളിവില്‍ പോയി. പോലിസ് അന്വേഷണം തുടരുകയാണ്.
◾സ്‌കൂള്‍ കുട്ടികള്‍ക്കും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവല്‍ ഹൗസില്‍ അനീഷ് (20) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത് .ലഹരി കടത്തിനായി ഇയാള്‍ ഉപയോഗിക്കുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ബൈക്കും പൊലീസ് കണ്ടെടുത്തു. വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണിത്.
◾എടപ്പാള്‍ ട്രാഫിക് റൗണ്ടില്‍ ഇന്നലെയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ ട്രാഫിക് റൗണ്ട്സില്‍ വെച്ച് പടക്കത്തിന് തീകൊളുത്തുന്ന ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്.
◾എയര്‍പിസ്റ്റള്‍ ചൂണ്ടി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേരെ പൊലീസ് പിടികൂടി. അമ്പനാകുളങ്ങര പുതുവല്‍വെളി വീട്ടില്‍ രാജേഷ്(46), മക്കളായ യാദവ് (20), ദേവനാരായണന്‍(18), ഇന്ദ്രജിത്ത്(22),ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ രാജേഷ് ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
◾കൊച്ചി മരടില്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് മരിച്ചത്.
◾മഴ ശമിച്ചതിന് പിന്നാലെ കൊടും തണുപ്പിലേക്ക് കടന്ന് ബെംഗളൂരു നഗരം. പതിനാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയായ 15.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാധാരണയേക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്.
◾സിത്രംഗ് ചുഴലിക്കാറ്റ് അസമിലെ നിരവധി ഗ്രാമങ്ങളെ ദുരിതത്തിലാഴ്ത്തി. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫെസണ്‍, നാരയിലിലെ ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
◾പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നല്‍കിയ രോഗി മരിച്ച ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രി ബുള്‍ഡോസര്‍ വച്ച് ഇടിച്ചു നിരത്താന്‍ യുപി സര്‍ക്കാര്‍. അനധികൃതമായാണ് ആശുപത്രി നിര്‍മിച്ചതെന്നും വെള്ളിയാഴ്ചയ്ക്കകം ആശുപത്രി ഒഴിയണമെന്നും പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റരിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.
◾പരോളില്‍ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ദീപാവലി ദിനത്തിലാണ് യൂട്യൂബ് ചാനലില്‍ പഞ്ചാബി സംഗീത വീഡിയോ പുറത്തിറങ്ങിയത്. ഗാനത്തിന്റെ രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവയെല്ലാം ഗുര്‍മീതിന്റെ പേരിലാണ്. ഗാനം പുറത്തിറങ്ങി 22 മണിക്കൂറിനുള്ളില്‍ 59 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ 20 വര്‍ഷത്തെ തടവ് ശിക്ഷക്കിടയിലാണ് ഗുര്‍മീത് പുറത്തിറങ്ങിയത്.
◾വ്യാജ രേഖകളുമായി ഒരു ചൈനീസ് വനിത കൂടി പിടിയിലായി. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ നിന്നാണ് വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിലായത് .ഇവരില്‍ നിന്നും ആറര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടികൂടി. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ഡല്‍ഹിയില്‍ ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തില്‍ ഒരു ചൈനീസ് വനിതാ പിടിയിലായിരുന്നു.
◾കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുന്നോട്ടു വരാനുള്ള ക്യാംപെയിനിന്റെ ഭാഗമായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാവരും വാക്സിനെടുക്കണമെന്നും എങ്കിലേ എല്ലാവര്‍ക്കും സുരക്ഷിതമായൊരു അവധിക്കാലം ആസ്വദിക്കാനാവൂയെന്നും ബൈഡന്‍ പറഞ്ഞു
◾ട്വന്റി20 ലോകകപ്പിലെ അയര്‍ലണ്ടിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ മഴ ഇംഗ്ലണ്ടിനെ ചതിച്ചു. അയര്‍ലന്‍ഡിന് ആദ്യ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം ഇംഗ്ലണ്ടിന് ആവശ്യമായതിലും അഞ്ച് റണ്‍സ് പിന്നിലായിരുന്നു. മത്സരം തുടരാനാകില്ലെന്ന് വ്യക്തമായതോടെ അയര്‍ലന്‍ഡ് 5 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3890 രൂപയാണ്.
◾രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്‌മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 170ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നല്‍കാന്‍ ഇവരില്‍ കമ്പനി സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെല്ലായിടത്തുനിന്നുമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഒരുങ്ങുന്നത് എന്നാണ് സൂചന.
◾കത്രീന കൈഫ് നായികയാകുന്നു പുതിയ ചിത്രമാണ് ‘ഫോണ്‍ ഭൂത്’. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോണ്‍ ഭൂതി’ന്റെ പുതിയ പ്രൊമോ പുറത്തുവിട്ടു. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
◾ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രമാണ് ‘ബര്‍മുഡ’. വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യും. ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപന്‍’ ‘സബ് ഇന്‍സ്പെക്ടര്‍ ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. ‘ജോഷ്വ’യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഷെയ്ലീ കൃഷന്‍, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍ ‘ബര്‍മുഡ’ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനില്‍ക്കുന്നു.
◾ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350നെ ഇന്ത്യയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ ഓഗസ്റ്റില്‍ ആണ്. കഴിഞ്ഞ മാസം റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന്റെ 17,118 യൂണിറ്റുകള്‍ ആണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ വിറ്റ 18,197 മോട്ടോര്‍സൈക്കിളുകള്‍ യൂണിറ്റുകളെ അപേക്ഷിച്ച് നേരിയ കുറവാണ്. ക്ലാസിക് 350-ന്റെ ഓഗസ്റ്റിലെ വില്‍പ്പന നമ്പറായ 18,993 യൂണിറ്റുകളില്‍ നിന്ന് ആ സംഖ്യ വളരെ അടുത്തായിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം സെപ്റ്റംബറില്‍ 3,980 സിബി350 യൂണിറ്റുകളും ഓഗസ്റ്റില്‍ 3,714 യൂണിറ്റുകളും വില്‍ക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന്റെ വില 1.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
◾ഭാവന, ജീവിതം, നുണ എന്നിവയോടൊപ്പം പ്രാവാസത്തിന്റെ പൊള്ളുന്ന ചൂടും ചേര്‍ത്ത് തയ്യാറാക്കിയ 10 കഥകളുടെ സമാഹാരം. ‘തട്ടിന്‍ പുറത്തെ വിപ്ലവം’. രജീഷ് ഒളവിലം. ജിവി ബുക്സ്. വില 121 രൂപ.
◾നേരിയ കൊവിഡ് പോലും മാരകമായ രക്തം കട്ടപിടിക്കാനുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ഏത് തലത്തിലുള്ള തീവ്രതയിലും കൊവിഡ് 19 രോഗികളുടെ സിരകളില്‍ ആരംഭിച്ച് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന അപകടകരമായ രക്തം കട്ടപിടിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുകെ പഠനത്തില്‍ പറയുന്നു. നേരിയ കൊവിഡ് ബാധിച്ചവര്‍ക്ക് വെനസ് ത്രോംബോബോളിസം എന്ന അപകടകരമായ കട്ടപിടിക്കാനുള്ള സാധ്യത 2.7 മടങ്ങ് കൂടുതലാണെന്ന് ലണ്ടന്‍ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 54,000 ആളുകളിലാണ് പഠനം നടത്തിയത്. നാലാരമാസം വരെ ഇവരെ ഗവേഷകര്‍ ഇവരെ നിരീക്ഷിച്ചു. കൊവിഡ് ത്രോംബോസിസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് കൊവിഡ് രോഗിയെ എത്തിച്ചേക്കാം. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് ത്രോംബോസിസ്. ഏതെങ്കിലും അവയവത്തിലേക്കുള്ള രക്തപ്രവാഹമോ അവയവത്തില്‍ നിന്ന് തിരിച്ചുള്ള രക്തപ്രവാഹമോ പരിപൂര്‍ണ്ണമായി തടസപ്പെടാന്‍ വരെ ഇത് കാരണമായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.