web cover 76

പത്ത് ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ റോസ്ഗര്‍ മേളക്ക് തുടക്കമായി. കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവും തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും ബാധിക്കാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്.

വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍. കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കുന്നത്. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയില്‍ ആശങ്ക നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിധി ആയുധമാക്കുന്നത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ലഹരിക്കെതിരേ സംസ്ഥാനത്തെ വീടുകളില്‍ തിങ്കളാഴ്ച ദീപം തെളിയും. മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നും ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് അഭ്യര്‍ത്ഥിച്ചു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും.

സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണമെന്നും നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേയെന്നും കെ.സുധാകരന്‍. എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന്‍ ചോദിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. മണിയും പ്രാദേശിക നേതാവ് കെ.വി ശശിയും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ജാതീയമായി വേര്‍തിരിവുണ്ടാക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടി പുറത്താക്കിയാലും സിപിഎം വിടുന്നില്ലെന്നും മറ്റു പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം ഉണ്ടായിയെന്നും ഇപ്പോള്‍ അതൊന്നും സ്വീകരിക്കുന്നില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എം എം മണി. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകുമെന്നും എം.എം.മണി. രാജേന്ദ്രന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ലെന്നും അയാള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും മണി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വള്ള്യായിയില്‍ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.

വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വാളയാര്‍ സിഐയ്ക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. സഹോദരങ്ങള്‍ പരാതി നല്‍കി 5 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. സംഭവത്തില്‍ വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിയിരുന്നു.

കിളികൊല്ലൂര്‍ പോലീസ് മര്‍ദനത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.

എംഡിഎംഎയുമായി തൃശൂര്‍ കൈപ്പമംഗലത്ത് രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് 15.2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ കണ്ടെടുത്തുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് വയനാട് പൊഴുതനയില്‍ ഒരാള്‍ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികള്‍ ചികിത്സയിലാണ്.

നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. പോലീസ് പിടിയിലായ ബന്ധുവായ റിന്‍ജുസാമിന് മാനസിക വിഭ്രാന്തി ഉള്ളതായി പ്രാഥമിക നിഗമനം.

അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെതിരേയും സംവിധായകക്കെതിരേയും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും നേരത്തെ രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന് 9 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി 12.07 ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഏറ്റവും കരുത്തുള്ള ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഐഎസ്ആര്‍ഒ ഏറ്റെടുക്കുന്നത്.

ദീപോത്സവത്തിനായി രാജ്യം ഒരുങ്ങി. ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയില്‍. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

തമിഴ്‌നാട്ടില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം 40-50 കോടി രൂപയ്ക്കാണ് വിറ്റിരുന്നതെന്ന ഗുരുതര ആരോപണവുമായി പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്. നേരത്തെ നാല് വര്‍ഷം തമിഴ്‌നാട് ഗവര്‍ണറായിരുന്നു ബന്‍വാരി ലാല്‍ പുരോഹിത്. അതേസമയം പഞ്ചാബിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് ജമ്മു കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടു. ബംഗ്ലാവ് ഒഴിയാന്‍ രണ്ട് വര്‍ഷത്തിനിടെ രണ്ടാമത്തെ നോട്ടീസാണ് മെഹബൂബ മുഫ്തിക്ക് നല്‍കുന്നത്.

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് വെടിക്കെട്ട് തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസിനെതിരെ ന്യൂസിലാണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 201 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. 58 പന്തില്‍ 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടേയും 16 പന്തില്‍ 42 റണ്‍സ് നേടിയ ഫിന്‍ അലെന്റെയും പ്രകടനമാണ് ന്യൂസിലാണ്ടിനെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ദ്ധിച്ചത്. ദീപാവലി വിപണിയില്‍ സ്വര്‍ണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 75 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3895 രൂപയാണ്. 65 രൂപയാണ് കുത്തനെ ഉയര്‍ന്നത്.

ഇന്ത്യയില്‍ നിന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ കുറവ്. മുഖ്യമായും ബംഗ്ളാദേശും നേപ്പാളും വാങ്ങല്‍ കുറച്ചതാണ് തിരിച്ചടി. ഈ രാജ്യങ്ങള്‍ വിദേശ നാണയശേഖരത്തില്‍ വന്‍ ഇടിവ് നേരിടുന്നുണ്ട്. പ്രതിസന്ധി തരണം ചെയ്യാനായി ഇവ ഇറക്കുമതി നിയന്ത്രിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി താഴ്ന്നത്. നടപ്പുവര്‍ഷം ആഗസ്റ്റ് വരെ കയറ്റുമതി 10.7 ശതമാനം കുറഞ്ഞ് 1,190 കോടി ഡോളറാണ്. ആഗസ്റ്റില്‍ മാത്രം കയറ്റുമതി 10.5 ശതമാനം കുറഞ്ഞ് 210 കോടി ഡോളറിലെത്തി. ഇന്ത്യയ്ക്ക് പുറമേ ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവയാണ് ദക്ഷിണേഷ്യയിലുള്ളത്. ഇതില്‍ പാകിസ്ഥാന്‍ ഒഴികെയുള്ളവയുടെ ഉത്പന്ന ഇറക്കുമതിയുടെ മുഖ്യ സ്രോതസാണ് ഇന്ത്യ. ആഗസ്റ്റില്‍ ഇന്ത്യയുടെ മൊത്തം വാണിജ്യ കയറ്റുമതി 10.6 ശതമാനം ഉയര്‍ന്ന് 3,690 കോടി ഡോളറാണ്.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി എത്തുന്ന ചിത്രമാണിത്. ‘കരളോ വെറുതെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയത് സിദ് ശ്രീറാം ആണ്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

തമിഴകത്ത് തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തതത്. ബോക്സ് ഓഫീസില്‍ വന്‍ തരംഗമുണ്ടാക്കാന്‍ ‘സര്‍ദാറി’ന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്ന് ‘സര്‍ദാര്‍’ 6.91 കോടി രൂപയാണ് നേടിയിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

റേഞ്ച് റോവറിന്റെ എസ്യുവി സ്വന്തമാക്കി വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. റേഞ്ച് റോവര്‍ നിരയിലെ ചെറു എസ്യുവി ഇവോക്കാണ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 72.09 ലക്ഷം രൂപയിലാണ്. ഇവോക്കിലെ രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിന്‍ 150 കിലോവാട്ട് കരുത്ത് ഉല്‍പാദിപ്പിക്കും. രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന്റെ കരുത്ത് 184 കിലോവാട്ടും. ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടിലെത്തുന്ന കാറിലുള്ളത് ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ്. ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ഉയര്‍ന്ന വേഗം 213 കിലോമീറ്ററും പെട്രോളിന്റേത് 230 കിലോമീറ്ററുമാണ്.

ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ഇരുപതു കഥകളുടെ സമാഹാരമാണ് സ്മിത ദാസിന്റെ ‘ ശംഖുപുഷ്പങ്ങള്‍ ‘. അങ്ങേയറ്റം പാരായണക്ഷമമായ കഥകള്‍. ഈ കഥകളില്‍ ജീവിതമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശില്‍പത്രന്തവുമുണ്ട്. സീഡ് ബുക്സ്. വില 132 രൂപ.

ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. ഓരോ ദിവസവും ചെറിയ അളവില്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമായ ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡ് ബ്യൂട്ടിറേറ്റിന്റെ സമന്വയത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുതായി പഠനം പറയുന്നു. ലണ്ടന്‍ കിംഗ്സ് കോളേജിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടല്‍ സൂക്ഷ്മാണുക്കളുടെ ഘടനയില്‍ മുഴുവനും പൊടിച്ചതുമായ ബദാമിന്റെ സ്വാധീനത്തെക്കുറിച്ച് പരിശോധിച്ചു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പഠനം പ്രസിദ്ധീകരിച്ചു. കുടലില്‍ വസിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മാണുക്കള്‍ അടങ്ങിയതാണ് ഗട്ട് മൈക്രോബയോം. പോഷകങ്ങള്‍ ദഹിപ്പിക്കുന്നതില്‍ ഇവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല നമ്മുടെ ദഹന, രോഗപ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ ആരോഗ്യത്തെ പോസിറ്റീവോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തും. ബദാം കഴിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള വിധത്തില്‍ ബാക്ടീരിയല്‍ മെറ്റബോളിസത്തിന് ഗുണം ചെയ്യുമെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.54, പൗണ്ട് – 93.31, യൂറോ – 81.40, സ്വിസ് ഫ്രാങ്ക് – 82.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.45, ബഹറിന്‍ ദിനാര്‍ – 218.97, കുവൈത്ത് ദിനാര്‍ -266.15, ഒമാനി റിയാല്‍ – 214.36, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 60.52.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *