◾അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം തയാറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2019 നവംബര്‍ ഏഴിനോ മുന്‍പോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെയും കേരള പഞ്ചായത്തീരാജ് ആക്ടിലെയും വകുപ്പുകള്‍ ഭേഗദതി ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് പറഞ്ഞു.
◾എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെയെ അനുമോദിച്ച് നേതാക്കള്‍. തനിക്കെതിരെ മത്സരിച്ച ശശി തരൂരിന് എല്ലാ ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും തരൂര്‍ അടക്കം എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും ഖാര്‍ഗെ പറഞ്ഞു. (മല്ലികാവസന്തം – https://youtu.be/8IRH-Ot_D0I )
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ പാടില്ലെന്ന് വിലക്ക്. പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പുതുക്കിയിറക്കി. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാവു. യാത്രാ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ഗതാഗത വകുപ്പിനേയും അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണമെന്നും നിര്‍ദേശം.
◾സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തീവ്രയജ്ഞത്തിന്റെ സമയപരിധി ഒരു മാസത്തേക്കു കൂടി നീട്ടി. കഴിഞ്ഞ മാസം മുപ്പതിനകം ഫയല്‍ തീര്‍പ്പാക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. കെട്ടിക്കിടന്നിരന്ന 8,53,088 ഫയലുകളില്‍ തീര്‍പ്പാക്കിയത് 3, 28,910 ഫയലുകളാണ്. 5,24,178 ഫയലുകള്‍ കൂടി തീര്‍പ്പാക്കാനുണ്ട്.
◾സുപ്രീം കോടതി ലാവലിന്‍ കേസ് 33 ാം തവണയും മാറ്റിവയ്ക്കുമോയെന്ന് ഇന്നറിയാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തു കേസിന്റെ തുടര്‍വിചാരണ മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജിയിലും ഇന്ന് തീര്‍പ്പുണ്ടാകും. രണ്ടു ഹര്‍ജികളും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. ഇന്ന് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം സ്വന്തം നിലയില്‍ നടത്തുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മൂന്നു മാസംകൊണ്ട് പഠനം പൂര്‍ത്തിയാക്കും. ഇതിനായി ഏഴംഗ സമിതിയെ നിയോഗിച്ചു. പഠന സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുമെന്ന് ലത്തീന്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ ആറിലും അനുകൂല തീരുമാനം ഉറപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് സമരസമിതി.
◾എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്കു പോകുന്ന സാഹചര്യത്തിലാണ് എം.ആര്‍ അജിത്ത് കുമാറിനെ നിയമിച്ചത്. നേരത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെതുടര്‍ന്നാണ് മാറ്റിയത്.
◾സ്വര്‍ണം കടത്ത് കേസിലെ പ്രതിയുടെ വീട് പരിശോധിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം ആക്രമിച്ചു. വിമാനത്താവളം വഴി രാവിലെ സ്വര്‍ണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധിക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനും ഡ്രൈവര്‍ അരുണിനും പരിക്കേറ്റു. സ്വര്‍ണം മറ്റൊരു സംഘത്തിനു നല്‍കിയ അസിമിനെ പിന്തുടര്‍ന്ന് പൊന്നാനിയില്‍നിന്നുള്ള സംഘം വീട്ടിലെത്തി. ഇതിനിടെ കസ്റ്റംസ് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അസിമിനെ കസ്റ്റഡിയിലെടുത്തു.
◾പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
◾മഹാമാരിക്കാലത്തെ കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് കാലത്ത് 500 രൂപയ്ക്കുള്ള പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങി കോടികള്‍ തട്ടിയെടുത്തു. 1033 കോടി രൂപയ്ക്കാണു വാങ്ങിയത്. തീവെട്ടിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
◾നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തിരമായി സംഭരണം ആരംഭിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളില്‍ തുറസായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ശബരിമലയിലേക്കുള്ള 19 റോഡുകളില്‍ 16 എണ്ണത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കൊല്ലം പത്തനാപുരത്ത് റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതിന്റെ പേരില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. പത്തനാപുരം അങ്ങാടി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
◾മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ മനപൂര്‍വ്വമായ നരഹത്യ കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ കോടതിവിധിക്കെതിരേ ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നരഹത്യ കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി നീതി നിഷേധമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.
◾പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഓണ്‍ലൈന്‍ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ അന്തരിച്ചു. 52 വയസായിരുന്നു.
◾കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ആഢംബര കാര്‍ കണ്ടെത്തി. അഞ്ച് കിലോയോളം സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശി റിയാസിന്റെ കാറാണ് ഫറോക്കിലെ ബന്ധുവീട്ടില്‍നിന്നു പിടിച്ചെടുത്തത്.
◾ഓണ്‍ലൈന്‍ വഴി ജോലി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സോജനെയാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
◾മലപ്പുറത്ത് കുഴിമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസും സ്ഥലംമാറ്റവും. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദറിനെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് മാറ്റും. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലുള്ള അബ്ദുല്‍ അസീസിനെതിരെയും കേസെടുത്തു.
◾വാളയാറില്‍ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്ന മക്കളെ പൊലീസ് മര്‍ദ്ദിച്ചു. പൊലീസ് ജീപ്പ് ഇവരുടെ കാറില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണു മര്‍ദനം. ഉപ്പുകുഴി സ്വദേശികളായ ഹൃദയ സ്വാമിയും ജോണ്‍ ആല്‍ബര്‍ട്ടും ആശുപത്രിയില്‍ ചികില്‍സ തേടി.
◾കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ്. സൈനികനേയും സഹോദരനേയും മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കിയ കിളികൊല്ലൂര്‍ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
◾കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീര്‍പ്പാക്കുന്നതിനെ എതിര്‍ത്ത് പൊലീസ്. മോഷണം നടത്തിയ പ്രതി പൊലീസുകാരനായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും ഗൗരവതരമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് പറഞ്ഞു.
◾മലപ്പുറത്ത് ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
◾തിരുവനന്തപുരം പൂന്തുറയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിയായ കമാല്‍ റാഫി (52) ആണ് ഭാര്യ തസ്നീമിനെ (42) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോള്‍ ചെയ്ത 287 വോട്ടില്‍ 130 വോട്ടുകള്‍ ശശി തരൂരിനു ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ശശി തരൂരിന്റെ കേരളത്തിലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയ എം.കെ. രാഘവന്‍ എംപിയാണ് ഇക്കാര്യം വെളിപെടുത്തിയത്. ശശി തരൂരിനെ പരസ്യമായി പിന്തുണച്ച ഹൈബി ഈഡന്‍ എംപി തെരഞ്ഞെടുപ്പിനുശേഷം ‘ഷമ്മി തന്നെയാണ് താര’മെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ആശംസകളുമായി മുതിര്‍ന്ന നേതാക്കള്‍. ഖാര്‍ഗെയുടെ വസതിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖാര്‍ഗേക്ക് ആശംസകള്‍ അറിയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂരും ഖാര്‍ഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.
◾മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമെന്ന് ശശി തരൂര്‍. വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി മുന്നോട്ടു പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്നും തരൂര്‍ പ്രതികരിച്ചു.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് എന്റെ ആശംസകള്‍ എന്നാണ് നരേന്ദ്രമോദി ട്വിറ്ററിലൂടെ ആശംസിച്ചത്.
◾കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലെ വരവാട്ടിയില്‍ മാപ്പണ്ണ ഖാര്‍ഗെയുടെയും സബവ്വയുടെയും മകനായി 1942 ജൂലൈ 21 നാണ് മാപ്പണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനനം. ഗുല്‍ബര്‍ഗയിലെ നൂതന്‍ വിദ്യാലയത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഗുല്‍ബര്‍ഗയിലെ ഗവണ്‍മെന്റ് കോളജില്‍നിന്ന് ആര്‍ട്സ് ബിരുദവും ഗുല്‍ബര്‍ഗയിലെ സേത് ശങ്കര്‍ലാല്‍ ലഹോട്ടി ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി. ജൂനിയര്‍ വക്കീലായി പ്രാക്ടീസ് തുടങ്ങിയപ്പോഴേക്കും പൊതുപ്രവര്‍ത്തനം ആരംഭിച്ചു.
◾കോണ്‍ഗ്രസ് അധ്യക്ഷ മല്‍സരത്തില്‍ പരാജയപ്പെട്ട ശശി തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തി. തരൂരിനോട് ഒരു ശത്രുതയും ഇല്ല. സുധാകരന്‍ പറഞ്ഞു.
◾യു എസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിനെതിരെ 82.90 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ.
◾താക്കറെ കുടുംബത്തിനുള്ള അനധികൃത സ്വത്ത് സംബന്ധിച്ച് സിബിഐയും എന്‍ഫോഴ്സ്മെന്റും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മുംബൈ സ്വദേശിനിയായ ഗൗരി ഭിഡെയാണ് ഹര്‍ജി നല്‍കിയത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മക്കളായ തേജസ്, ആദിത്യ താക്കറെ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം.
◾സ്വീഡനില്‍ കാലാവസ്ഥാ വകുപ്പ് മന്ത്രിയായി ഇരുപത്താറുകാരി. ലിബറല്‍ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായ റൊമിന പൗര്‍മോഖ്താരിയെയാണ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ മന്ത്രിയാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോഡാണ് റൊമിന സ്വന്തമാക്കിയത്.
◾ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രോവര്‍മാന്‍ രാജിവച്ചു. ഔദ്യോഗിക രേഖ സ്വന്തം ഇ മെയില്‍ വിലാസത്തില്‍നിന്ന് അയച്ചതിനെത്തുടര്‍ന്നാണു രാജി.
◾കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്. ടീം ബസില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസില്‍ അഞ്ച് തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് സസ്പെന്‍ഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
◾ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്കില്ലെന്ന ബിസിസിഐ യുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ താരം സയീദ് അന്‍വര്‍. മറ്റെല്ലാ ടീമുകളും രാജ്യാന്തര താരങ്ങളും പാക്കിസഥാനിലേക്കു വരുമ്പോള്‍ ബിസിസിഐയ്ക്കു മാത്രം എന്താണു പ്രശ്നമെന്നാണ് സയീദ് അന്‍വര്‍ ചോദിക്കുന്നത്.
◾ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 83 കടന്നു. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 82.32 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 82.40 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, അസംസ്‌കൃത എണ്ണയുടെ വില വര്‍ധന തുടങ്ങിയ ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്.
◾പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാക്‌സ് അഡ്വാന്‍ഡേജ് കറന്റ് അക്കൗണ്ട്, അസന്റ് കറന്റ് അക്കൗണ്ട്, ആക്ടിവ് കറന്റ് അക്കൗണ്ട്, പ്ലസ് കറന്റ് അക്കൗണ്ട്, പ്രീമിയം കറന്റ് അക്കൗണ്ട് തുടങ്ങി വിവിധ കറന്റ് അക്കൗണ്ടുകളിലേയ്ക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് ചാര്‍ജാണ് പുതുക്കിയത്. നേരത്തെ ആയിരം രൂപയ്ക്ക് മൂന്ന് രൂപ അല്ലെങ്കില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 50 രൂപ എന്നതായിരുന്നു നിരക്ക്. നവംബര്‍ ഒന്നുമുതല്‍ ആയിരം രൂപയ്ക്ക് മൂന്നര രൂപ ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
◾വരുണ്‍ ധവാന്‍ നായകനായെത്തുന്ന ഹൊറര്‍ കോമഡി ചിത്രം ‘ഭേഡിയ’ ട്രെയിലര്‍ എത്തി. ചെന്നായ കടിച്ച് അദ്ഭുത ശക്തി ലഭിക്കുന്ന യുവാവ് ആയി വരുണ്‍ എത്തുന്നു. കൃതി സനോണ്‍ ആണ് നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഭാസ്‌കര്‍ എന്ന കഥാപാത്രമായിട്ടാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ഡോ. അനിക എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
◾മാരുതി സംവിധാനം ചെയ്യുന്ന ‘രാജ ഡിലക്സ്’ എന്ന ചിത്രത്തില്‍ പ്രഭാസ് നായകനാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. പഴയ തിയറ്റര്‍ ഉടമസ്ഥനായും പ്രേതമായും ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘രാജ ഡീലക്സ്’ എത്തുക. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനാകുന്ന മറ്റൊരു ചിത്രമാണ് ‘ആദിപുരുഷ്’. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക.
◾ജീപ്പ് ബ്രാന്‍ഡിങ്ങിലുള്ള ഏറ്റവും ചെറിയ എസ്യുവിയാണ് അവഞ്ചര്‍ ഇവി. ഈ വര്‍ഷത്തെ 4എക്സ്ഇ ഡേയുടെ ഭാഗമായി കഴിഞ്ഞ മാസമാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ജീപ്പ് ഈ വാഹനത്തിന്റെ പവര്‍ട്രെയ്നും ദൂരക്ഷമതയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ ഈ വാഹനം യൂറോപ്യന്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ സ്റ്റെല്ലാന്റിസ് എസ്ടിഎല്‍എ എന്ന ചെറു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യ വാഹനവും ഇതു തന്നെയാകും. 154 എച്ച്പി 260 എന്‍എം ശേഷിയുള്ള 2 അല്ലെങ്കില്‍ 4 മോട്ടറുകളായിരിക്കും വദഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹനത്തിന് നല്‍കുന്നത്. ജീപ്പ് അവെഞ്ചറിന് 2 വീല്‍ ഡ്രൈവ് 4 വീല്‍ ഡ്രൈവ് വകഭേദങ്ങളും ഉണ്ടായിരിക്കും.
◾സെഡറിക് അലന്‍ വെബേഴ്‌സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പിലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക്തിയിലൂടെ ശാരീരിക സംയോജനം വിജയകരമായിരുന്നെങ്കിലും മാനസികതലത്തില്‍ ഉടലെടുക്കുന്ന ദ്വന്ദവ്യക്തിത്വം കഥയുടെ ഗതി മാറ്റിമറിക്കുന്നു. ഹ്യൂബര്‍ട്ട് ഹദ്ദാദ് എന്ന ടുണീഷ്യന്‍ എഴുത്തുകാരന്റെ ശ്രദ്ധേയമായ ഒരു നോവല്‍. ‘മാറ്റിവെച്ച ഉടല്‍’. വിവര്‍ത്തനം – ശോഭ ലിസ ജോണ്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും നേരിടുന്ന ഒരു സംശയമാണ് ഭക്ഷണക്രമത്തില്‍ പാലും പാലുത്പന്നങ്ങളും ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ പാല് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം പാല് പ്രോട്ടീനിന്റെ മികച്ച ഉറവിടവുമാണ്. അങ്ങനെവരുമ്പോള്‍ വെയിറ്റ് ലോസ് ഡയറ്റ് എടുക്കുന്നവര്‍ പാല് ഒഴിവാക്കണോ? ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് റുജുത ദിവേകര്‍. പാലിന്റെ ഗുണങ്ങള്‍ വിശദീകരിച്ച റുജുത ഇവയോട് എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഇല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ പാല് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് പറയുന്നത്. പാലും പാലുത്പനങ്ങളും ഇന്ത്യന്‍ പാചകത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ നിങ്ങളുടെ പ്രാദേശിക പാചകരീതിയില്‍ പാല് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ട കാര്യമില്ല. പാലിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. എന്നാല്‍ പാല് ഇഷ്ടമില്ലാത്തവര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണക്രമം പരിശീലിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ മാനും പൂച്ചയും കൂട്ടുകാരായിരുന്നു. പക്ഷേ, കൂട്ടുകാരനാണെങ്കിലും തരം കിട്ടുമ്പോഴെല്ലാം പൂച്ചയെ തരംതാഴ്ത്തി സംസാരിക്കുക എന്നത് മാനിന്റെ ശീലമായിരുന്നു. ഒരു ദിവസം സംഭാഷണത്തിനിടെ മാന്‍ ചോദിച്ചു: ഇപ്പോള്‍ ഒരു സിംഹം പിടിക്കാന്‍ വന്നാല്‍ നീ എന്തു ചെയ്യും? പൂച്ച പറഞ്ഞു: എനിക്ക് ഒരേ ഒരു വഴിയേ അറിയൂ. അത് ഉപയോഗിച്ച് ഞാന്‍ രക്ഷപ്പെടും. അപ്പോള്‍ മാന്‍ പൂച്ചയെ കളിയാക്കി: ഇതാണ് നിന്റെ കുഴപ്പം, ഒരു മാര്‍ഗ്ഗം മാത്രമറിഞ്ഞിരുന്നാല്‍ അത് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും? എനിക്ക് രക്ഷപ്പെടാന്‍ നൂറ് വഴികളറിയാം. ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഇവരെ സിംഹം ആക്രമിച്ചു. പൂച്ച തനിക്ക് അറിയാവുന്ന വഴിയിലൂടെ രക്ഷപ്പെട്ടു. പക്ഷേ, മാന്‍ രക്ഷപ്പെടാന്‍ ഏത് മാര്‍ഗ്ഗം വേണമെന്ന് ആലോചിക്കുന്നതിനിടയില്‍ സിംഹത്തിന്റെ പിടിയിലുമായി. അറിവിലായാലും അനുഭവത്തിലായാലും അളവിനേക്കാള്‍ പ്രധാനമാണ് അഭ്യാസക്ഷമത. എല്ലാം ആവശ്യത്തിലധികം പഠിച്ചിട്ടും ഒന്നിന്റെയും അടിസ്ഥാന ഉപയോഗം പോലും അറിയാതെ ജീവിക്കുന്നവരേക്കാള്‍ എത്രയോ ഭേദമാണ് കുറച്ചുമാത്രമേ പഠിച്ചുള്ളൂവെങ്കിലും അനുദിന ജീവിതത്തില്‍ അത് പ്രയോഗത്തില്‍ വരുത്തുന്നവര്‍. എന്ത്, എവിടെ ഉപയോഗിക്കണമെന്നറിയാതെ പഠിക്കുന്ന ഒരു കാര്യവും തത്സമയ പ്രതികരണങ്ങള്‍ക്കുതകില്ല. നമുക്ക് അറിവിന്റെ പ്രയോഗം അറിയാന്‍ പഠിക്കാം – ശുഭദിനം.