web cover 70

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഭാരവാഹികളെ നിയോഗിക്കുന്നതും ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് ഖാര്‍ഗെയുടെ മുന്നിലുള്ള മുഖ്യമായ വെല്ലുവിളി. ഒരാള്‍ക്ക് ഒരു പദവി, യുവതലമുറയ്ക്കു കൂടുതല്‍ പ്രാതിനിധ്യം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചേക്കും.

ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും, പരാതിക്കാരിയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. അറസ്റ്റു ചെയ്താല്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്നുതന്നെ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷി കക്കി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പൊലീസിനു നല്‍കിയ മൊഴിയാണ് ശരിയെന്ന് കോടതിയില്‍ സമ്മതിച്ചു. പ്രതികളെ പേടിച്ചാണ് നേരത്തെ മൊഴിമാറ്റിയതെന്നും മാപ്പു ചോദിക്കുന്നുവെന്നും കക്കി കോടതിയില്‍ പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കി. യുവതി നിരവധി കേസുകളിലെ പ്രതിയാണെന്നും മറുപടിയിലുണ്ട്. മറുപടി പരിശോധിച്ച് നേതാക്കളുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ആദ്യം യുവതിയെ തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണു കേസെടുത്തത്. പിന്നീടാണ് ലൈംഗിക അതിക്രമം ആരോപിച്ചുള്ള വകുപ്പുകള്‍കൂടി ചുമത്തിയത്. ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനുശേഷം എല്‍ദോസിനെതിരെ വധശ്രമ വകുപ്പുകൂടി പൊലീസ് ചുമത്തി.

ഫിഷറീസ് വകുപ്പിലെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥിയായ യുവതിയോട് കോഴ ആവശ്യപ്പെടുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തു. ഫിഷറീസ് ഓഫീസര്‍ സുജിത് കുമാറിനെയാണു സസ്‌പെന്‍ഡു ചെയ്തത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

രണ്ടു മാസം മുമ്പ് കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ വിഷ്ണുവിനേയും സഹോദരന്‍ വിഘ്നേഷിനേയും മര്‍ദിച്ച് വിരലുകളൊടിച്ചശേഷം കള്ളക്കേസെടുത്ത പോലീസുകാര്‍ക്കെതിരേ നടപടി വന്നേക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദിനോട് ചുമതലകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ തിരുവനന്തപുരം ഐജി നിര്‍ദേശിച്ചു. പോലീസിന്റെ അതിക്രമംമൂലം വിഘ്നേഷിന് ജോലിക്കുള്ള ഫിസിക്കല്‍ ടെസ്റ്റും വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. പൊലീസിന്റെ വീഴ്ച അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചവരെ പിടിക്കാനുള്ള ക്വാട്ട തികയ്ക്കാത്ത എഎസ്ഐ ക്കെതിരെ അച്ചടക്ക നടപടി. നോട്ടീസ് പുറത്തുവിട്ടതിനും അച്ചടക്ക നടപടിക്കു നീക്കം. ക്വാട്ട തികയ്ക്കാത്തതിനുള്ള നടപടിക്കു പുറമേ, തൃശൂര്‍ കണ്‍ട്രോള്‍ റൂം സി.ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പുറത്തുവിട്ടതിനു വകുപ്പു തല നടപടിക്കാണു നീക്കം.

പത്തനംതിട്ട മലയാലപ്പുഴ മന്ത്രവാദ കേസില്‍ പ്രതികളായ ശോഭനയ്ക്കും ഉണ്ണികൃഷ്ണനും ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണു ജാമ്യം. പ്രതികളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തില്ല.

ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകള്‍ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടര്‍ന്നെന്നാണ് ആരോപണം.

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടെ കര്‍ഷകര്‍ നെല്ലുമേന്തി ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്കു മാര്‍ച്ചു നടത്തി പ്രധാന കവാടം ഉപരോധിച്ചു. മന്ത്രിമാരെ വഴിതടയുന്നത് ഉള്‍പ്പെടെ സമരപരിപാടികള്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. സംഭരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ നെല്ല് പാടശേഖരങ്ങളില്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്.

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനു സാമൂഹ്യ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും ആശംസ നേര്‍ന്നു. പക്ഷാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. പിറന്നാള്‍ ആഘോഷം കുടുംബാംഗങ്ങള്‍ മാത്രമായി ഒതുക്കി.

വടക്കഞ്ചേരി ബസപകടത്തിലെ പ്രതി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജിയണല്‍ ഫയര്‍ ഓഫീസറായിരുന്ന കെ.കെ. ഷിജുവിനെയാണ് തിരിച്ചെടുത്തത്. അതേ തസ്തികയില്‍ പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസിലാണ് നിയമനം.

പന്ത്രണ്ടു മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയ പാറശാല ഡിപ്പോയില്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ മിന്നല്‍ പരിശോധന. ഹാജര്‍ പട്ടികയില്‍ തിരുത്തലുകള്‍ കണ്ടെത്തി. മാസം 16 ഡ്യൂട്ടി ചെയ്യാത്തവര്‍ക്കും ശമ്പളം അനുവദിച്ചതായി കണ്ടെത്തി. സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും സ്ഥലം മാറ്റി.

‘ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ ബീഫ് പാചക വീഡിയോ പോസ്റ്റ് ചെയ്തതിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരേയുള്ള കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്നാണു കേസ്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്നതുപോലെയായെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സൈബര്‍ ആക്രമണം പോലും നടന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ അപമാനിച്ചെന്നും മുരളീധരന്‍.

ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം. ഇന്നലെ വൈകുന്നേരം മുതല്‍ പെയ്ത മഴയാണ് നഗരത്തില്‍ വെള്ളക്കെട്ടുണ്ടാക്കിയത്. അടുത്ത മൂന്നു ദിവസം യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. സെപ്റ്റംബര്‍ 26 ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിനു ഗവര്‍ണര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സാണ് നിയമമാക്കി പാസാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബെഞ്ചില്‍ ഇരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പ്രധാനമന്ത്രിയെ സ്‌കൂളില്‍ എത്തിച്ചു ബഞ്ചില്‍ ഇരുത്തിയത് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്കായി സോണിയ തരൂരിനെ വസതിയിലേക്കു വിളിച്ചുവരുത്തിയതാണ്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി അധ്യക്ഷനായതിനു പിറകേ, അദ്ദേഹത്തിന്റെ സംസ്ഥാനമായ കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ പുതിയ കരുനീക്കങ്ങള്‍. ദളിത് വിഭാഗം നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയ്ക്കുവേണ്ടിയാണ് ഈ വാദം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടത് കര്‍ണാടകത്തിന്റെ ഭാഗ്യമാണെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

കര്‍ണാടകത്തില്‍ വീണ്ടും ദുരഭിമാനക്കൊല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. ബേവിനമട്ടി ഗ്രാമത്തിലെ പിന്നാക്ക ജാതിക്കാരനായ നിര്‍മാണ തൊഴിലാളി വിശ്വനാഥനെയും രാജേശ്വരിയേയുമാണ് കൊലപ്പെടുത്തിയത്.

ദുബൈയിലെ ഏറ്റവും വിലയുള്ള ആഡംബര വസതി മുകേഷ് അംബാനി സ്വന്തമാക്കി. 1,350 കോടി രൂപ നല്‍കിയാണ് അംബാനി ദുബായ് പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത്.

ശ്രീലങ്ക ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍-12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിന്റെ ജയം നേടിയാണ് ശ്രീലങ്ക സൂപ്പര്‍-12ല്‍ എത്തിയത്. 163 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ ഒമ്പത് വിക്കറ്റിന് 146 റണ്‍സ് നേടാനേ സാധിച്ചുള്ളു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4635 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3840 രൂപയാണ്.

പൂനെ ആസ്ഥാനമായ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്ര നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറില്‍ 103 ശതമാനം വളര്‍ച്ചയോടെ 535 കോടി രൂപ ലാഭം നേടി. കഴിഞ്ഞ ഏറെ പാദങ്ങളായി ഏറ്റവും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 264 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം (എന്‍.ഐ.ഐ) ഉയര്‍ന്നതും കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാദ്ധ്യത (പ്രൊവിഷന്‍സ്) കുറഞ്ഞതുമാണ് ബാങ്കിന് കഴിഞ്ഞപാദത്തില്‍ നേട്ടമായത്. വായ്പകളില്‍ നിന്നുള്ള പലിശ വരുമാനവും നിക്ഷേപങ്ങള്‍ വഴിയുള്ള പലിശച്ചെലവും തമ്മിലെ അന്തരമായ എന്‍.ഐ.ഐ 1,500 കോടി രൂപയില്‍ നിന്ന് 26 ശതമാനം വര്‍ദ്ധിച്ച് 1,887 കോടി രൂപയായി.

പിറന്ന മണ്ണില്‍ ജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന അതിജീവത്തിന്റെ കഥയുമായി നിവില്‍ പോളി ചിത്രം പടവെട്ട് നാളെ തീയേറ്ററുകളില്‍. ലിജു കൃഷ്ണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മേലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തിലൂടെ പോരാട്ടത്തിന്റെ കഥ പറയുന്നു. നമ്മുടെ മണ്ണ്, നമ്മുടെ നാട്, നമ്മുടെ വീട്, നമ്മുടെ വയല്‍ നമ്മള്‍ക്ക് എന്ന് പറഞ്ഞു വെക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കണ്ണൂരിലെ മലയോര ഗ്രാമമായ മാലൂരില്‍ നടക്കുന്ന കഥ, ഇന്ത്യയില്‍ എല്ലായിടത്തും നടക്കുന്ന സംഭവങ്ങളുടെ പരിച്ഛേദമാണ്.

സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ആളാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ഇപ്പോഴിതാ കരിയറില്‍ ആദ്യമായി മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥയൊരുക്കുകയാണ് രതീഷ് ബാലകൃഷ്ണന്‍. രതീഷിന്റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്ന മദനോത്സവമാണ് ആ ചിത്രം. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജീത്തൊ പ്ലാറ്റ്ഫോമിലെ ആദ്യ വാഹനം ജീത്തോയുടെ രണ്ടുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2015 ജൂണ്‍ 23-ന് ലോഞ്ച് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മഹീന്ദ്ര ജീത്തോയുടെ 200,000 യൂണിറ്റ് എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. 2018 ഓഗസ്റ്റ് 30-ന്, 100,000 – ആമത്തെ ജീത്തോ പുറത്തിറങ്ങിയിരുന്നു. അതായത് അടുത്ത 100,000 വില്‍പ്പന നാലു വര്‍ഷത്തിനുള്ളില്‍ കമ്പനി സ്വന്തമാക്കി എന്നാണ് കണക്കുകള്‍. മഹീന്ദ്ര ജീത്തോ എസ് സി വി ഡീസല്‍, പെട്രോള്‍, പെട്രോ+സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്.

പൂക്കൈതയൂരിന്റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്റെയും ദളിത് ജീവിതത്തിന്റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും പെണ്മയുടെ നന്മയും ഉയിര്‍പ്പും പ്രകൃതിയുടെ ഹൃദയ രേഖകളും വായനക്കാരന് ദൃശ്യാനുഭവമാക്കുന്ന എഴുത്ത്. കായലമ്മയുടെ തലോടലും അനുഗ്രഹവും പ്രണയത്തിന്റെ വാത്സല്യഭാവവും അധികാരത്തിന്റെ രാഷ്ട്രീയതയും ജന്മിത്വത്തിന്റെ അധീശത്വവും അനന്യമായ ആഖ്യാന ചാരുതയില്‍ ആവിഷ്‌കരിക്കപ്പെട്ട ‘കുഞ്ഞിക്കാളിക്കുരവ’ മലയാള നോവല്‍ സാഹിത്യത്തില്‍ ആസ്വാദനത്തിന്റെ നവീനവാതായനങ്ങള്‍ തുറന്നിടുന്നു. പ്രൊഫ. ജയലക്ഷ്മി. ഗ്രീന്‍ ബുക്സ്. വില 199 രൂപ.

നമ്മുടെ ജനിതകമായ പ്രത്യേകതകള്‍, ബാല്യം, വളരുന്ന സാഹചര്യം, തൊഴിലിടം തുടങ്ങി എല്ലാ ചുറ്റുപാടുകളും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഡയറ്റിനുള്ള പങ്ക് മറന്നുകളയാന്‍ സാധിക്കില്ല. അത്രമാത്രം നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. ഇത്തരത്തില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും മാനസികസൗഖ്യം നേടുന്നതിനുംപതിവായി ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ധാരാളം പോഷകമൂല്യങ്ങളുണ്ടെന്നതിനാല്‍ തന്നെ ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റ്സ്, ഡയറ്ററി ഫൈബര്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്ന് തുടങ്ങി അനവധി പോഷകഘടങ്ങള്‍ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഏറെ സ്വാധീനിക്കാന്‍ കഴിവുള്ള ഭക്ഷണമാണ് പഴങ്ങളും വിവിധയിനം ബെറികളും. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും പെട്ടെന്ന് പ്രായം തോന്നിപ്പിക്കാതിരിക്കാനും എല്ലാം ഇവ സഹായകമാണ്. പല പഠനങ്ങളും പഴങ്ങളും ബെറികളും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു. നോണ്‍- വെജ് പ്രത്യേകിച്ച് മീന്‍ കഴിക്കുന്നവരാണെങ്കില്‍ ഇതും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മനസിലാക്കുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് കാര്യമായും തലച്ചോറിനെ സ്വാധീനിക്കുന്നത്. ഒമേഗ-3 ഫാറ്റി ആസിഡ് കുറയുന്നത് വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങളില്‍ പങ്ക് പറ്റാറുണ്ടെന്ന് പല പഠനങ്ങളും പറയുന്നതും ശ്രദ്ധേയമാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സ്. ബദാം, വാള്‍നട്ടസ് എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.16, പൗണ്ട് – 93.30, യൂറോ – 81.44, സ്വിസ് ഫ്രാങ്ക് – 82.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.09, ബഹറിന്‍ ദിനാര്‍ – 220.56, കുവൈത്ത് ദിനാര്‍ -267.65, ഒമാനി റിയാല്‍ – 215.97, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.40.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *