web cover 65

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1072 വോട്ടു നേടി. 6825 വോട്ടിന്റെ ഭൂരിപക്ഷം. 89 ശതമാനം വോട്ടുകള്‍ ഖാര്‍ഗെ നേടി. ആകെ 9,497 വോട്ടര്‍മാരില്‍ 9385 വോട്ടുകളാണ് പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. കര്‍ണാടകയില്‍നിന്നുള്ള നേതാവാണ് ഖാര്‍ഗെ. 22 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളായ ശ്രീരാം വെങ്കിട്ടരാമന്റേയും വഫയുടേയും വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നരഹത്യാ കേസ് ഒഴിവാക്കിയത്. വാഹന അപകട കേസില്‍ മാത്രം വിചാരണ നടക്കും. കേസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് പ്രതിയുമൊത്ത് ഒത്തുകളിച്ചു തെളിവു നശിപ്പിച്ചിരുന്നു.

കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവ്. 30.45 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പണമില്ലാത്തതിന്റെ പേരില്‍ നീതി നിഷേധിക്കാനാവില്ലെന്നു കോടതി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഗവര്‍ണര്‍ അയോഗ്യരാക്കിയ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചെന്ന് ഉത്തരവിറക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നുതന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാബായി 18 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകളില്‍ വ്യക്തത വരുത്തുമെന്നും അവ പാലിക്കുമെന്നുമുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കു ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സമരം ചെയ്യുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍പ്പാക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ശാന്തിഗിരി ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയും. ഇരുവരും ആശുപത്രിയില്‍ സമരം തുടരുന്ന ദയാബായിയെ സന്ദര്‍ശിച്ചു

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്.

ഇരട്ട നരബലിക്കേസില്‍ മുഖ്യപ്രതി ഷാഫിയുടെ ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരില്‍ രണ്ടു വ്യാജ പ്രൊഫൈലുകള്‍ കൂടി കണ്ടെത്തി. സജ്നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകള്‍ നിര്‍മിച്ചത്. സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകള്‍ ഉപയോഗിച്ചിരുന്നത്. പ്രൊഫൈലുകളിലെ ചാറ്റുകളില്‍നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ എത്തിയ രണ്ടു പോലീസുകാരാണു മൊഴി നല്‍കിയത്. ഒപ്പമുള്ളത് ഭാര്യയാണെന്നു പറഞ്ഞാണ് തങ്ങളെ എംഎല്‍എ മടക്കി അയച്ചതതെന്നാണ് പൊലീസുകാരുടെ മൊഴി.

നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിലന്‍സ് കുറ്റപത്രം. കോര്‍പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.

അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ രണ്ടു സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അംഗീകരിച്ചു. മധുവിന്റെത് കസ്റ്റഡി മരണമാണോയെന്നു പരിശോധിക്കാന്‍ നടത്തിയ മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നതാണ് ഒടുവിലത്തേത്. 2018 ല്‍ മധു കൊല്ലപ്പെട്ടതിനു പിറകേ നടത്തിയ രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണു താമസം. സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐയും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ ശ്രമിച്ചതിനു സിപിഎമ്മും വേട്ടയാടിയ വിദ്യാഭ്യാസ വിചഷണനാണ് വിളനിലം.

വിദേശയാത്ര പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ പോകുന്നതെന്തിന്? 2019 ല്‍ ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞുവന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല. സതീശന്‍ കുറ്റപ്പെടുത്തി.

ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്, മൂന്നാറില്‍ ബസ് – ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്യത്തില്‍ തടഞ്ഞിട്ടു. ഇന്നലെ വൈകീട്ട് മൂന്നാറില്‍ ദേവികുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി രേഖകളില്ലാത്ത വാഹനങ്ങള്‍ക്കു പിഴ ചുമത്തിയതില്‍ പ്രകോപിതരായാണു ബസ് തടഞ്ഞത്.

മഞ്ചേരിയില്‍ അര്‍ദ്ധരാത്രി പത്തു വയസുകാരനായ മകന്‍ നോക്കിനില്‍ക്കേ യുവതിയെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കൂമംകുളം സ്വദേശി അമൃത എന്‍. ജോസിനെ അര്‍ധരാത്രി പോലീസ് ഇങ്ങനെ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. രാത്രി ടൗണില്‍ ചായ കുടിക്കാന്‍ പാര്‍ക്കു ചെയ്തതിനു തട്ടിക്കയറിയ പോലീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് തട്ടിയെടുത്തെന്നും പരാതിയുണ്ട്. വാഹനം പരിശോധിക്കാന്‍ അനുവദിക്കാതിരുന്നതിനാലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നാണു പോലീസ് ഭാഷ്യം.

അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം.കെ അഖില്‍, ഡോ. എ.പി ജനീഷ, പത്തനംതിട്ട സ്വദേശി എസ് അലന്‍ തോമസ് എന്നിവര്‍ക്കാണ് യുഎസ്എയിലെ ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ലഭിച്ചത്.

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഇലക്ട്രിക്ക് കാറിന് ഇന്തോനേഷ്യയിലെ ഷെല്‍ ഇക്കോ മാരത്തണില്‍ പുരസ്‌കാരം. മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്‌കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമര്‍ശവും വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി.

സാധാരണ കോണ്‍ഗ്രസുകാരനായി വളര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ അമ്പതു വര്‍ഷത്തോളം നിലയുറപ്പിച്ച നേതാവാണ് എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എണ്‍പതുകാരനായ മല്ലികാര്‍ജുന ഖാര്‍ഗെ. അധികാര ഭ്രാന്തും കുതികാല്‍വെട്ടും ശീലമാക്കാത്ത നേതാവ്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകാന്‍ മൂന്നു തവണ അവസരമുണ്ടായെങ്കിലും ചുണ്ടിനും കപ്പിനും ഇടയിലൂടെ തെന്നിപ്പോയി. ആരോടും പരിഭവമില്ലാതെ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന നേതാവാണ് കലബുറുഗി സ്വദേശിയായ പഴയ ഈ കബഡി കളിക്കാരന്‍.

കോണ്‍ഗ്രസില്‍ അന്തിമാധികാരം പാര്‍ട്ടി അധ്യക്ഷനാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ നിര്‍ദേശങ്ങള്‍ പുതിയ അധ്യക്ഷന് ആവശ്യമില്ല. തന്റെ പ്രവര്‍ത്തന മണ്ഡലം പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഖാര്‍ഗേയും തരൂരും മിടുക്കരാണ്. കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് ആശംസകളുമായി ശശി തരൂര്‍. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് ആശംസ അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളിക്കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വോട്ടെണ്ണിയത്. യുപിയിലെ 1,200 വോട്ടുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ശശി തരൂര്‍ ആരോപിച്ചത്. ബാലറ്റുപെട്ടിയിലെ സീലില്‍ തന്റെ പോളിംഗ് ഏജന്റിന്റെ ഒപ്പില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ച ശശി തരൂര്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സന്ദേശമാണ് അദ്ദേഹം നേതൃത്വത്തിനു നല്‍കിയത്. പിസിസികള്‍ അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി ഖാര്‍ഗെയെ വിലക്കു ലംഘിച്ചു പരസ്യമായി പിന്തുണച്ചെങ്കിലും യുവതലമുറയുടെ വികാരവും കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വേണമെന്ന താക്കീതുമാണ് ശശി തരൂര്‍ നേതൃത്വത്തിനു നല്‍കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴേക്കും മലയാളം ഉള്‍പ്പെടെ 20 ഭാഷകളില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയത്തിലെ നാഴികകല്ലായി ഈ ചരിത്ര മുഹൂര്‍ത്തത്തെ മാറ്റിയതിന് നന്ദി എന്നാണ് ട്വീറ്റിലെ വാചകങ്ങള്‍.

അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ തള്ളണമെന്നു കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ ഘടനാപരമായ മാറ്റങ്ങള്‍ക്ക് അനിവാര്യമാണ്. അഗ്നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്നിവീരന്മാര്‍ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നല്‍കുമെന്നും കേന്ദ്രം പറഞ്ഞു.

ജയലളിതയ്ക്കു വിദഗ്ധ ചികില്‍സ നല്‍കുന്നതു തടഞ്ഞിട്ടില്ലെന്ന് അണ്ണാഡിഎംകെ മുന്‍ നേതാവ് ശശികല. ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സ ശശികല തടഞ്ഞെന്ന അറുമുഖസാമി അന്വേഷണ സമിതി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ശശികല. ചികിത്സയില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അന്വേഷണം നേരിടാന്‍ തയ്യാറാണ്. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.

വിമാനത്തില്‍ പാമ്പ്. വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരാണ് പാമ്പിനെ കണ്ടത്. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയില്‍നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡുചെയ്ത വിമാനത്തില്‍നിന്ന് വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് പാമ്പിനെ പിടികൂടി.

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വാംഅപ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ടോസ് വീഴേണ്ടിയിരുന്നത്. മഴ നിര്‍ത്താതെ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ഔദ്യോഗിക പരിശീലന മത്സരമായിരുന്നു ഇത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 400 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഊര്‍ജിതമാക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. ഒക്ടോബര്‍ 5ലെ കണക്കുപ്രകാരം നിക്ഷേപം 1,75,225 കോടി രൂപയാണ്. അക്കൗണ്ടുടമകള്‍ 47 കോടിയും. ഇതില്‍ 31.42 കോടിപ്പേരും സ്ത്രീകളാണ്. ഇവരില്‍ 26.16 കോടിപ്പേര്‍ ഗ്രാമങ്ങളിലോ അര്‍ദ്ധനഗരങ്ങളിലോ വസിക്കുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. മൊത്തം നിക്ഷേപത്തില്‍ 1.35 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. റീജിയണല്‍ റൂറല്‍ ബാങ്കുകളാണ് (ഗ്രാമീണ്‍ ബാങ്കുകള്‍) രണ്ടാമത്; നിക്ഷേപം 34,573 കോടി രൂപ.

മൈക്കല്‍ ബി. ജോര്‍ദന്‍ നായകനാകുന്ന ക്രീഡ് 3 ട്രെയിലര്‍ എത്തി. മൈക്കല്‍ ബി. ജോര്‍ദന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2018ല്‍ റിലീസ് ചെയ്ത ക്രീഡ് 2വിന്റെ സീക്വല്‍ ആയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. സില്‍വസ്റ്റര്‍ സ്റ്റാലനെ ഉള്‍പ്പെടുത്താതെയാണ് ഇത്തവണ മൈക്കല്‍ എത്തുന്നത്. ടെസ തോംസണ്‍, ജൊനാഥന്‍ മേജേഴ്സ്, വുഡ് ഹാരിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും.

മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോള ഗ്രോസ് കളക്ഷനില്‍ 450 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ലൈക്ക് പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചിത്രം 400 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഈ വാരം പൂര്‍ത്തിയാക്കുമ്പോഴേക്കും 500 കോടി ക്ലബ്ബില്‍ പൊന്നിയിന്‍ സെല്‍വന്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. തമിഴ് നാട്ടില്‍ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന ഖ്യാതിയും പൊന്നിയിന്‍ സെല്‍വന്‍ സ്വന്തമാക്കി കഴിഞ്ഞു. നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. ഇതിലാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇലക്ട്രിക് രണ്ട് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ കൂടി പുറത്തിറക്കി. ക്ലാസ് ഇ-സ്‌കൂട്ടറില്‍ ഏറ്റവും ഉയര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ഒകായ ഇവി പുറത്തിറക്കിയത്. ഫാസ്റ്റ് എഫ്2ബി, എഫ്2ടി എന്നീ പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 89,999 രൂപയും 84,999 രൂപയുമാണ് വില. പുതിയ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിച്ച്, ഉത്സവ സീസണില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്ന് ഒകായ ഇവി പ്രതീക്ഷിക്കുന്നു.

ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവല്‍. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്‌കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം. ‘9 എം എം ബെരേറ്റ’. വിനോദ് കൃഷ്ണ. ഡിസി ബുക്സ്. വില 522 രൂപ.

മുടി സ്ട്രെയിറ്റ് ചെയ്യാന്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പുതിയ പഠനത്തില്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോ?ഗിക്കാത്തവരെ അപേക്ഷിച്ച് സ്ട്രെയിറ്റ് ചെയ്യുന്നവരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അതേസമയം മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ ഡൈ, ബ്ലീച്ച് എന്നിയവയ്ക്ക് ഗര്‍ഭാശയ അര്‍ബുദവുമായി യാതൊരു ബന്ധവുമില്ലെന്നും ?ഗവേഷകര്‍ കണ്ടെത്തി. 35നും 74നുമിടയില്‍ പ്രായമുള്ള 33,497 സ്ത്രീകളെയാണ് പഠനത്തില്‍ പങ്കെടുപ്പിച്ചത്. ഇവരില്‍ ഏകദേശം 11 വര്‍ഷത്തോളം നടത്തിയ പഠനത്തിനിടെ 378 ഗര്‍ഭാശയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെയര്‍ സ്‌ട്രെയിറ്റനിംഗ് ഉല്‍പ്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സ്ത്രികള്‍ക്ക് (വര്‍ഷത്തില്‍ നാല് തവണയിലധികം) ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്നാണ് കണ്ടെത്തല്‍. മുടി സ്ട്രെയിറ്റ് ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള പാരബെന്‍, ഡിസ്ഫെനോള്‍ എ, ലോഹങ്ങള്‍, ഫാര്‍മാല്‍ഡിഹൈഡ് എന്നിവയായിരിക്കും അര്‍ബുദത്തിന് കാരണമാകുന്നതെന്നാണ് കരുതുന്നത്. മറ്റ് ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് തലയോട്ടിയിലേക്ക് നേരിട്ട് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ ആഗിരണം ചെയ്യാനും കാരണമാകും. അതേസമയം മുമ്പ് നടത്തിയ ഒരു പഠനത്തില്‍ പെര്‍മനന്റ് ഹെയര്‍ ഡൈയും സ്ട്രെയിറ്റ്നറുകളും സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.38, പൗണ്ട് – 92.98, യൂറോ – 81.04, സ്വിസ് ഫ്രാങ്ക് – 82.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.95, ബഹറിന്‍ ദിനാര്‍ – 218.53, കുവൈത്ത് ദിനാര്‍ -265.61, ഒമാനി റിയാല്‍ – 213.94, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.90.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *