web cover 58

മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 സെനറ്റംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളേയും താത്കാലിക വൈസ് ചാന്‍സലറേയും നിയമിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും നവംബര്‍ ഏഴിന് സമര്‍പ്പിക്കണം. കീഴ്ക്കോടതികളിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങളും അറിയിക്കണം.

കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 9308 വോട്ടര്‍മാരാണുള്ളത്. 68 ബൂത്തുകളിലായാണു വോട്ടെടുപ്പ്. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കര്‍ണാടകത്തിലും, ശശി തരൂര്‍ കേരളത്തിലും വോട്ട് ചെയ്തു. കേരളത്തില്‍ കെപിസിസി ആസ്ഥാനത്തു മാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ഹൈക്കോടതിയും ജില്ലാ കളക്ടറും നിരോധിച്ചെങ്കിലും ആയിരക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. കടലാക്രമണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം ആവശ്യപ്പെട്ടാണു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഉപരോധ സമരം. വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചെങ്കിലും ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളില്‍ സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളാണു റോഡ് ഉപരോധിച്ചത്. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തി.

രണ്ടു മാസത്തിനകം മെഡിക്കല്‍ ക്യാമ്പ് പുനരാരംഭിക്കുമെന്നല്ലാതെ ഒരു ഉറപ്പും മന്ത്രിമാരില്‍നിന്നു ലഭിക്കാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി സെക്രട്ടേറിയറ്റില്‍ നടത്തുന്ന നിരാഹാര സമരം തുടരുമെന്നു ദയാബായിയും സമരസമിതിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആര്‍ ബിന്ദുവുമാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അവര്‍ എഴുതിക്കൊണ്ടുവന്ന വ്യവസ്ഥകള്‍ പൊള്ളയാണെന്നാണ് സമരക്കാരുടെ ആക്ഷേപം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കും നന്മയ്ക്കുമായാണ് മത്സരത്തിനിറങ്ങിയതെന്നു ശശി തരൂര്‍. പ്രവര്‍ത്തകരുടെ ദിവസമാണ് ഇന്ന്. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു ഗുണം ചെയ്തെന്ന് എഴുതി പ്രിയങ്ക ഗാന്ധി തനിക്കു സന്ദേശം അയച്ചെന്നും തരൂര്‍ അറിയിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ശശി തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവന്‍ എം.പി. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിനെ ട്രെയ്നിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. 46 വര്‍ഷം കോണ്‍ഗ്രസ് പാരമ്പര്യമുള്ള ട്രെയിനിയാണെന്ന് ശശി തരൂര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

ബലാത്സംഗ കേസില്‍ ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി റെയില്‍വേ സ്റ്റേഷനിലൂടെ നടന്നുപോകുന്ന വീഡിയോ പുറത്ത്. ട്രോളിയും വലിച്ചു നടന്നു പോകുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി വരാനിരിക്കേയാണ് വീഡിയോ പ്രചരിക്കുന്നത്.

മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഗുരുതരമായ പകര്‍ച്ചവ്യാധി നേരിടാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകായുക്തയോടും ഈ മറുപടി തന്നെ പറയും. എല്ലാം ജനങ്ങള്‍ക്കറിയാമെന്നും ശൈലജ.

മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു നിയമവിദഗ്ധര്‍. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നതിന് അനുസരിച്ചാണ് മന്ത്രിയെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും. ഗവര്‍ണര്‍ക്ക് അധികാരമില്ല. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്ന് നിയമവിദഗ്ധര്‍.

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

കണിച്ചുകുളങ്ങര കൊലക്കേസലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വധശിക്ഷക്കു വിധിക്കപ്പെട്ട ഉണ്ണിയുടെ ശിക്ഷ പിന്നീട് ഹൈക്കോടതി 25 വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷയാക്കിയിരുന്നു. 16 വര്‍ഷമായി ജയിലിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇളവു തേടിയത്. ജാമ്യം നല്‍കിയാല്‍ നിയമവ്യവസ്ഥയെ അപഹസിക്കുന്നതിനു തുല്യമാകുമെന്നു വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.

കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ ജോസഫ് മരിച്ച സംഭവം കൊലപാതം. തലക്കടിയേറ്റതു മൂലമാണു മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ അറസ്റ്റു ചെയ്തു.

ലഹരിക്കടിമയായ മകന്‍ അച്ഛനേയും അമ്മയേയും കുത്തി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ഷൈനിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ പൊലീസിനെ കണ്ട് ഭയന്നോടി എടത്വായിലെ ചതുപ്പില്‍ താഴ്ന്നു. ഒന്നര മണിക്കൂറിനു ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഒരാള്‍ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

റോഡരികില്‍ ഉപേക്ഷിച്ച ചാക്കില്‍ പണം. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്കുകെട്ടിലുള്ളത്. നാണയങ്ങളും സാരിയും ഉണ്ട്. പത്തനംതിട്ട പ്രമാടം പരിവേലില്‍ പാലത്തിനു സമീപമാണ് പണച്ചാക്കു കണ്ടത്. ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിച്ച പണമാണെന്നു സംശയം.

എറണാകുളത്ത് ക്രൈം സ്‌പോട്ടുകള്‍ മാപ്പു ചെയ്ത് കുടുംബശ്രീ. ആദ്യ ഘട്ടത്തില്‍ 14 പഞ്ചായത്തുകളിലെ 2,200 സ്പോട്ടുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക’യാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

മുംബൈയിലെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍നിന്ന് ബിജെപി പിന്മാറി. രമേഷ് ലട്‌കെ മരിച്ച ഒഴിവില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ രമേശിനെയാണ് ഉദ്ധവ് താക്കറെ പക്ഷം മല്‍സരിപ്പിക്കുന്നത്. റുതുജയ്ക്കെതിരേ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ അഭ്യര്‍ത്ഥിച്ചിരുന്നു. റുജുതയെ പിന്തുണയ്ക്കണമെന്ന് ഷിന്‍ഡെ പക്ഷ എംഎല്‍എ പ്രതാപ് സര്‍നായികും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീട്ടിലെ കാറുകള്‍ അക്രമികള്‍ തകര്‍ത്തു. സ്വാതി മലിവാളാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും അമ്മയും വീട്ടില്‍നിന്ന് പുറത്തുപോയ സമയത്ത് അക്രമികള്‍ വീട്ടില്‍ കയറി തകര്‍ത്തെന്നാണ് സ്വാതി മലിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ജോലി സമയം അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടി പ്രചാരണം സിബിഐയെ ഉപയോഗിച്ചു ബിജെപി തടയുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മദ്യനയക്കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യലിനു പോകും മുമ്പേയാണ് ആരോപണം ഉന്നയിച്ചത്. ഗുജറാത്തിലെ ജനങ്ങളേയും തന്നേയും തടയാനാവില്ലെന്നും മുന്നോട്ടുപോകുമെന്നും സിസോദിയ പറഞ്ഞു.

പീഡനത്തില്‍ ഗര്‍ഭിണിയായി പ്രസവിച്ചശേഷം കാണാതായ അതിജീവിതയെ ഒരു വര്‍ഷത്തിനകം വിവാഹം ചെയ്താല്‍ ജാമ്യം അനുവദിക്കാമെന്ന് മുംബൈ ഹൈക്കോടതി. പീഡനക്കേസില്‍ പിടിയിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിചിത്രവിധി.

തായ്‌കൊണ്ടോ മത്സരത്തില്‍ വിജയിയായ ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമിനെ മെഡല്‍ അണിയിച്ച് സ്നേഹ ചുംബനം നല്‍കുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. അബ്രാമിന് ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു കാരണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്റെ നാശത്തിന് ഊര്‍ജ്ജമേകുന്ന അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുകയാണ് ജോ ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നൂറോളം പേരെ കുത്തിനിറച്ച് ഭക്ഷണവും വെള്ളവുമില്ലാതെ ബോട്ടില്‍ മനുഷ്യക്കടത്ത്. ഫ്ളോറിഡയുടെ തീരത്തു മരണവുമായി മുഖാമുഖം കണ്ട ഇവരെ യുഎസ് കോസ്റ്റ്ഗാര്‍ഡ് പിടികൂടി പോലീസിനു കൈമാറി. ഹെയ്തിയില്‍ നിന്നുള്ളവരാണ് ബോട്ടിലുള്ളവര്‍. ഉഗാണ്ട, ബഹാമാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബോട്ടിലുണ്ടായിരുന്നു.

ട്വന്റി 20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം. പന്ത്രണ്ട് ബോളുകളും ആറ് വിക്കറ്റും ശേഷിക്കെ പതിനാറ് റണ്‍സ് മാത്രം മതിയായിരുന്ന മത്സരത്തിലാണ് ഇന്ത്യ ആറ് റണ്‍സിന്റെ വിജയം ആഘോഷിച്ചത്. പത്തൊമ്പതാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ അഞ്ച് റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി വെറും നാല് റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു റണ്‍ഔട്ടടക്കം നാല് വിക്കറ്റാണ് നേടിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന 20-ാം ഓവറിലെ അവസാന പന്തില്‍ ഓസ്‌ട്രേലിയ 180 റണ്‍സിന് ഓള്‍ഔട്ടായി. 33 ബോളില്‍ നിന്ന് 57 റണ്‍സെടുത്ത കെ.എല്‍ രാഹുലും 50 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും പ്രകടനങ്ങള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശനിരക്ക് കുത്തനെ കൂട്ടുകയാണ്. കഴിഞ്ഞമാസം 21നും അടിസ്ഥാന പലിശനിരക്ക് 0.75 ശതമാനം കൂട്ടി. അന്നുമുതല്‍ ഇതുവരെ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ച നിക്ഷേപമാകട്ടെ 27,400 കോടി രൂപയും. 2022ല്‍ ഇതുവരെ ജൂലായിലും ആഗസ്റ്റിലുമൊഴികെ എല്ലാമാസങ്ങളിലും എഫ്.ഐ.ഐ നിക്ഷേപമിടിഞ്ഞു. ഈവര്‍ഷം ഇതുവരെ നഷ്ടപ്പെട്ടത് 1.76 ലക്ഷം കോടി രൂപ. സെപ്തംബര്‍ 21ന് ശേഷം ഇതുവരെ വിദേശ നിക്ഷപനഷ്ടം മൂലം സെന്‍സെക്‌സ് നേരിട്ട ഇടിവ് 1,500 പോയിന്റാണ്. ഐ.ടി., ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോഹം, ധനകാര്യം, റിയാല്‍റ്റി, ഊര്‍ജ വിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എഫ്.ഐ.ഐ നിക്ഷേപം കൊഴിഞ്ഞത്. 9,200 കോടി രൂപ കൊഴിഞ്ഞ ഐ.ടി വിഭാഗമാണ് മുന്നില്‍.

കയറ്റുമതിയില്‍ നേട്ടം തുടരുമ്പോഴും വ്യാപാരക്കമ്മി കുത്തനെ കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. സെപ്തംബല്‍ കയറ്റുമതി 4.82 ശതമാനം ഉയര്‍ന്ന് 3,545 കോടി ഡോളറിലെത്തി. ഇറക്കുമതി 8.66 ശതമാനം വര്‍ദ്ധിച്ച് 6,161 കോടി ഡോളറാണ്. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം 2,571 കോടി ഡോളറായി ഉയര്‍ന്നു. 2021 സെപ്തംബറില്‍ ഇത് 2,247 കോടി ഡോളറായിരുന്നു. എന്‍ജിനിയറിംഗ് ഉത്പന്ന കയറ്റുമതി നഷ്ടം 10.85 ശതമാനമാണ്. റെഡി-മെയ്ഡ് വസ്ത്രങ്ങളുടെ നഷ്ടം 18 ശതമാനം. ജെം ആന്‍ഡ് ജുവലറി, പെട്രോളിയം ഉത്പന്നങ്ങള്‍, ലെതര്‍, ഫാര്‍മ, കെമിക്കല്‍, അരി എന്നിവ കയറ്റുമതി വളര്‍ച്ചനേടി. സെപ്തംബറില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി 5.38 ശതമാനം കുറഞ്ഞ് 1,590 കോടി ഡോളറായി. 24.62 ശതമാനം താഴ്ന്ന് സ്വര്‍ണ ഇറക്കുമതി 390 കോടി ഡോളറിലുമെത്തി.

പൃഥ്വിരാജ് നായകനായി എത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ തീയേറ്ററുകളിലേക്ക്. ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്. ആന്‍ ശീതള്‍, ഗ്രേസ് ആന്റണിയുമാണ് നായികമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

വാഹനങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി മാര്‍ക്കിടുന്ന ഗ്ളോബല്‍ എന്‍.സി.എ.പിയുടെ അഞ്ചില്‍ അഞ്ച് മാര്‍ക്കും സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോക്‌സ്വാഗന്‍ ടൈഗൂണും സ്‌കോഡ കുഷാക്കും. ഒരേ പ്ളാറ്റ്‌ഫോമില്‍ ഫോക്‌സ്വാഗന്‍ ഗ്രൂപ്പ് നിര്‍മ്മിച്ച ഈ രണ്ട് മിഡ്-സൈസ് എസ്.യു.വികളും 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷാ സംവിധാനങ്ങളില്‍ 5-സ്റ്റാര്‍ റേറ്റിംഗുകള്‍ സ്വന്തമാക്കുന്ന ആദ്യ മോഡലുകളെന്ന നേട്ടവും ഇവയ്ക്കാണ്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളില്‍ 34ല്‍ 29.64 പോയിന്റും കുട്ടികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ 49ല്‍ 42 പോയിന്റുമാണ് നേടിയാത്. ആഭ്യന്തര വാഹന നിര്‍മ്മാണത്തിന് ഇന്ത്യയ്ക്കായുള്ള ഫോക്‌സ്വാഗന്‍ ഗ്രൂപ്പിന്റെ എം.ക്യു.ബി-എ0-ഐ.എന്‍ പ്ളാറ്റ്‌ഫോമിലാണ് കുഷാക്കിന്റെയും ടൈഗൂണിന്റെയും നിര്‍മ്മാണം.

സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന്‍ എന്ന ആദ്യകാല സോഷ്യലിസ്റ്റ് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ജനിച്ച മതത്തിന്റെ- ജാതിയുടെ- കുടുംബത്തിന്റെ- സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക് വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദു ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ്

പുത്രസൂത്രം. ജോണി എം.എല്‍ന്റെ ആദ്യനോവല്‍. ‘പുത്രസൂത്രം’. മാതൃഭൂമി ബുക്സ്. വില 184 രൂപ.

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. ‘പോളിഫെനോള്‍സ്’ എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. പച്ചിലക്കറികള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര പോലുള്ള ഇലക്കറികള്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ഓട്മീല്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കോഫി ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.39, പൗണ്ട് – 92.75, യൂറോ – 80.33, സ്വിസ് ഫ്രാങ്ക് – 82.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.44, ബഹറിന്‍ ദിനാര്‍ – 218.61, കുവൈത്ത് ദിനാര്‍ -265.53, ഒമാനി റിയാല്‍ – 214.06, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.65.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *