◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ശശി തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് . ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം. രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലാണ് മത്സരം .വിശ്വസ്തനായ അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് മത്സരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രാജസ്ഥാന്‍ വിട്ട് വരാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വിശ്വസ്തനും എണ്‍പതുകാരനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഊഴം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടിയിട്ടില്ലെങ്കിലും ഭൂരിപക്ഷം പാര്‍ട്ടിക്കാരും ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ തെലങ്കാനയിലെ വരണാധികാരികൂടിയായ രാജ്മോഹന്‍ ഉണ്ണിത്താനും ശശി തരൂരിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞുകൊണ്ട് ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ചു.
◾രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്നുമുള്ള ധ്വനി വരത്തക്ക വിധം രാമായണത്തെ കൂട്ടുപിടിച്ചു സുധാകരന്‍ മറുപടി നല്‍കി.ഒ രു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കെ പി സി സി പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത് .
◾തെക്കന്‍ കേരളത്തെ അവഹേളിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രി വിഎന്‍ വാസവന്‍. കേരളത്തിലെ ഒരു സ്ഥലം മറ്റൊരിടത്തെക്കാള്‍ മെച്ചമാണ് അവിടുത്തെ ജനങ്ങള്‍ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയില്‍ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അര്‍ത്ഥത്തിലാണെങ്കിലും ബഹിഷ്‌കരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയ പരാമര്‍ശം പിന്‍വലിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതില്‍ ദുരുദ്ദേശമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു
◾സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട് ഒപ്പം പ്രതിബദ്ധതയും ഉള്ളയാള്‍ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം കേന്ദ്രവും സംസ്ഥാനവും കൂട്ടായി തീരുമാനിച്ചാണ് സുരേഷ് ഗോപിയെ ബി ജെ പി യുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എന്ന രീതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
◾ദേശീയ കൗണ്‍സിലിലേക്കുള്ള പ്രായപരിധിയില്‍ ആര്‍ക്കും ഇളവ് നല്‍കില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തില്‍ നിന്ന് കെ.ഇ.ഇസ്മയില്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തു പോയേക്കും. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കുറവുള്ള ചില സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കും. ഇളവ് വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പ്രായപരിധി കര്‍ശനമായി ഏര്‍പ്പെടുത്തിയാല്‍ മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ഇതിനെ കേരള ഘടകം എതിര്‍ത്തേക്കും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, ശശി തരൂരിനെ അനുകൂലിച്ച് പാലക്കാടും ഫ്ളക്സ് ബോര്‍ഡുകള്‍ . തരൂരിനെ വിജയിപ്പിക്കു, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന വാചകത്തോടെയാണ് ഫ്ളക്സ് ബോര്‍ഡ്. മഹാത്മാ സ്റ്റഡി സെന്റര്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ്. കഴിഞ്ഞ ദിവസം പാലക്കാട് മങ്കരയിലും തരൂരിനായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
◾എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ആര്‍ ബിന്ദു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരെ ചുമതലപ്പെടുത്തി. അതിനിടയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
◾
◾ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ മകന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അവരുടെ മൃതദേഹം ഉള്ളതെന്നും മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു.
◾ബുധനാഴ്ചയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് കേരളത്തില്‍ ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടി മിന്നലിനും സാധ്യതയുണ്ട്.
◾ലഹരി പോലെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു. ഈ മാസം 18ന് രാവിലെ 10.30 തിന് നാലാഞ്ചിറ ഗിരിദീപം കണ്‍വെക്ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനത തല പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
◾കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഉത്തരവിട്ടു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ സംഘത്തെ നിയോഗിച്ചു. ഈ നടപടിയെ അടിവാരം സ്വദേശി ഹര്‍ഷിനയും ഭര്‍ത്താവ് അഷ്റഫും സ്വാഗതം ചെയ്തു. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ഷിന പ്രതികരിച്ചു. ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയയിലാണ് ഇത്തരം പിഴവ് സംഭവിച്ചത് .
◾എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. ഇന്ന് രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍ വശത്തായിരുന്നു അപകടം.
◾രൂപയുടെ മൂല്യം ഇടിയുന്നതില്‍ പുതിയ വാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനായി 24 ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
◾പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈ കുതിച്ചുചാട്ടത്തിന് പ്രധാനകാരണങ്ങളിലൊന്ന് കൊവിഡ് ആണെന്നും പോഷക ഭക്ഷണങ്ങള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണമെന്നും ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ കുറിപ്പില്‍ പറഞ്ഞു.
◾ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയില്‍ തുടക്കമായി. പതിനാറ് ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകള്‍ നേരത്തെ തന്നെ സൂപ്പര്‍-12ല്‍ ഇടംപിടിച്ചുകഴിഞ്ഞു. ഈ മാസം 22ന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് സൂപ്പര്‍-12ന് തുടക്കമാവുക. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം ശ്രീലങ്കയും നമീബിയയും തമ്മിലായിരുന്നു.
◾ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെ 55 റണ്‍സിന് മലര്‍ത്തിയടിച്ച് നമീബിയ. ട്വന്റി ലോകകപ്പിന്റെ എ ഗ്രൂപ്പിലെ ആദ്യ യോഗ്യതാ പോരാട്ടത്തിലാണ് നമീബിയ ശ്രീലങ്കയെ 55 റണ്‍സിന് തകര്‍ത്തു വിട്ടത്. ആദ്യം ബാറ്റു ചെയ്ത നമീബിയ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
◾പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വാടക നല്‍കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിങ് ഫീസ് എസ്ബിഐ വര്‍ധിപ്പിച്ചു. നവംബര്‍ 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നവര്‍ക്ക് 99 രൂപയും ജിഎസ്ടിയുമാണ് ഫീസ്. ഇഎംഐ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രൊസസിങ് ചാര്‍ജ് 99 രൂപയില്‍ നിന്ന് 199 രൂപയായാണ് ഉയര്‍ത്തിയത്. ജിഎസ്ടിയും അധികമായി നല്‍കണം. നവംബര്‍ 15ന് മുന്‍പ് നടന്ന ഇടപാടില്‍ ബില്‍ അടയ്‌ക്കേണ്ട സമയം നവംബര്‍ 15ന് ശേഷമാണെങ്കില്‍ പുതിയ നിരക്ക് ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നതിന് ഐസിഐസിഐ ബാങ്കും പ്രോസസിങ് ഫീസ് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
◾ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ മഹേശ്വരം ജനറല്‍ പാര്‍ക്കില്‍ 750 കോടിരൂപ നിക്ഷേപത്തോടെ ‘മലബാര്‍ ജെംസ് ആന്‍ഡ് ജുവലറി’ ആരംഭിക്കുന്നു. 3.7 ഏക്കറില്‍ 2.3 ലക്ഷം ചതുരശ്രഅടിയിലാണ് അമേരിക്ക, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങളുള്ള പദ്ധതി പ്രകൃതിസൗഹൃദമായി ഒരുങ്ങുന്നത്. തെലങ്കാന സര്‍ക്കാരാണ് അടിസ്ഥാനസൗകര്യമൊരുക്കിയത്. പദ്ധതിയില്‍ 2,750 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. പ്രതിവര്‍ഷം 10 ടണ്‍ സ്വര്‍ണത്തിന്റെയും 1.5 ലക്ഷം കാരറ്റ് ഡയമണ്ടിന്റെയും ആഭരണങ്ങള്‍ ഇവിടെ നിര്‍മ്മിക്കാം. വര്‍ഷം 180 ടണ്‍ സ്വര്‍ണം ശുദ്ധീകരിക്കാനും സൗകര്യമുണ്ടാകും. ഡിസൈന്‍ സ്റ്റുഡിയോ, ഗവേഷണ, വികസനകേന്ദ്രം, ജീവനക്കാര്‍ക്കുള്ള താമസസൗകര്യം എന്നിവയും ഇവിടെയുണ്ടാകും. പദ്ധതി പ്രദേശത്തിന്റെ 33 ശതമാനം പച്ചപ്പിനായി നീക്കിവച്ചിട്ടുണ്ട്.
◾ജാന്‍വി കപൂര്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മികച്ച ഒരു സിനിമാനുഭവമായിരിക്കും റീമേക്കിലും ‘എന്ന് സൂചിപ്പിച്ച് ‘മിലി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജാവന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ജാന്‍വി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്ലീന്‍ കൗര്‍, രാജേഷ് ജെയ്സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു.
◾കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന് ലഭിച്ചിരിക്കുന്ന ഹൈപ്പ്. ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സലാര്‍’. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ചിത്രം കാണണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.
◾32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനവുമായി മാരുതിയും എസ് പ്രസോ സിഎന്‍ജി. 5.90ലക്ഷം രൂപയ്ക്കാണ് പുതിയ മാരുതി സുസുക്കി എസ് പ്രസോയുടെ സിഎന്‍ജി മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് വേരിയന്റുകളാണ് എസ് പ്രസോ സിഎന്‍ജിക്കുള്ളത്. എല്‍എക്സ്ഐ വേരിയന്റിന് 5.90ലക്ഷം രൂപയും വിഎക്സ്ഐ വേരിയന്റിന് 6.10 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. പെട്രോള്‍ മോഡലിനേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജി പതിപ്പിനെങ്കിലും മൈലേജ് ആരെയും മോഹിപ്പിക്കും. പുതിയ 1.0 കെ ടെന്‍സി എന്‍ജിനാണ് എസ് പ്രസോയ്ക്കുള്ളത്. പെട്രോള്‍ മോഡില്‍ 65 എച്ച് പി പവറും 89 എന്‍എ ടോര്‍ക്കും ഈ എന്‍ജിന് പുറത്തെടുക്കാനാവും. സിഎന്‍ജി മോഡില്‍ 57 എച്ച് പി കരുത്തും 82 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കുന്നുണ്ട്.
◾സുരാസു, മധുമാഷ്, ടി.എന്‍. ജോയി, ജോണ്‍ എബ്രഹാം, പ്രൊഫ. ശോഭീന്ദ്രന്‍, എ. ശാന്തകുമാര്‍, പുസ്തകപ്രസാധനം, കോളേജുകാലം, യാത്ര, പ്രവാസം… തുടങ്ങി പലപല വ്യക്തികള്‍ക്കും കാലത്തിനും ലോകത്തിനുമൊപ്പം കടന്നുവന്ന ഒരാളുടെ ഏറെ കൗതുകം നിറഞ്ഞ സ്മരണകള്‍. ഒപ്പം, ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ആശ്വാസവും ആശ്രയവും വഴികാട്ടിയുമായി മാറിയ ഗുരുനാഥന്‍ എം.എന്‍. കാരശ്ശേരിയെക്കുറിച്ചുള്ള ശിഷ്യന്റെ ദീര്‍ഘമായ അനുഭവക്കുറിപ്പും. ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം. ‘തീപിടിച്ച പര്‍ണ്ണശാലകള്‍’. മാതൃഭൂമി ബുക്സ്. വില 266 രൂപ.
◾വാര്‍ദ്ധക്യം സ്വാഭാവികമായ ഒരു പ്രക്രിയയാണ്, എന്തൊക്കെ ചെയ്താലും അത് തടയാന്‍ പറ്റില്ല എന്നാണ് പലരും പറയുന്നത്. പക്ഷെ ആരോഗ്യകരമായ ജീവിതശൈലിയും പോഷകസമൃദ്ധമായ ഭക്ഷണക്രമവും കൊണ്ട് ഇത് മന്ദഗതിയിലാക്കാം. പ്രായമാകാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലും മുടിയിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇത് അതിവേഗം നിങ്ങളെ കീഴ്പ്പെടുത്താതിരിക്കാന്‍ ചില പച്ചക്കറികളെയും പഴങ്ങളെയും കൂട്ടുപിടിക്കാം. നെല്ലിക്ക, മാതളനാരങ്ങ, കറുത്ത മുന്തിരി എന്നിവ ചേര്‍ത്ത ഒരു ആന്റി-ഏജിംഗ് ജ്യൂസാണ് പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. രുചി കൂട്ടാന്‍ ഉപ്പും ചാട്ട് മസാലയും ചേര്‍ക്കാം. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും പ്രായമാകല്‍ മന്ദഗതിയിലാക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള മാതളനാരങ്ങ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മറികടക്കാന്‍ സഹായിക്കും. മറുവശത്ത്, കറുത്ത മുന്തിരി രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാന്‍സറിനെ ചെറുക്കുന്നതിനും സഹായിക്കുന്നതാണ്.