◾നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനത്തട്ടിപ്പു കത്തു തയാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ക്ളിഫ് ഹൗസില്‍ ഡിജിപിയുടെ സാന്നിധ്യത്തിലാണ് പരാതി നല്‍കിയത്. കത്ത് താന്‍ തയാറാക്കിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മേയര്‍.
◾കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടി കത്തു നല്‍കുന്ന ഏര്‍പ്പാട് സിപിഎമ്മില്‍ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മേയര്‍ക്കെതിരേ നടപടിയില്ല. കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തെഴുതിയവരെ കണ്ടുപിടിക്കുമെന്നും ഗോവിന്ദന്‍.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നു തീരും. ഏഴു വിസിമാര്‍ വിശദീകരണം നല്‍കി. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ ഇന്നു മറുപടി നല്‍കിയേക്കും. ഹിയറിംഗ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം.
◾കാറില്‍ ചാരിയതിന് കുഞ്ഞിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചെന്നു വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പൊലീസ് സിപിഎമ്മിന്റെ അടിമകളും ക്രിമിനലുകളുമായി മാറിയെന്നും സുധാകരന്‍ ആരോപിച്ചു. സിപിഎം നേതാക്കന്മാര്‍ ഇടപെട്ടെന്നും പാര്‍ട്ടിയില്‍നിന്നു പോലും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
◾പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍. മോഷണത്തിന് നേതൃത്വം നല്‍കിയ മൂന്നു പേര്‍ അടക്കമുള്ള സംഘത്തെയാണ് വര്‍ക്കല പൊലീസ് അറസ്റ്റു ചെയ്തത്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി സുരേഷ് (58), വെട്ടൂര്‍ അന്‍സില്‍ (18), കല്ലമ്പലം അബ്ദുല്‍ ഒഫൂര്‍ (52) എന്നിവരാണു പിടിയിലായത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖
◾ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയും കണ്ടെത്തിയെന്നു പോലീസ്.
◾കേരളത്തിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
◾കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍നിന്നു പോലീസ് അരക്കിലോ സ്വര്‍ണം പിടികൂടി. ഷൂവിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെയും വായ്ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അബ്ദുല്‍ അഫ്സലിനേയുമാണു പിടികൂടിയത്.
◾സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മൂന്നു മലയാളികള്‍ അടക്കം 16 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു സിപിഎം എംപിമാര്‍. വിദേശകാര്യ മന്ത്രാലയത്തിന് സിപിഎം എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവരാണ് കത്തു നല്‍കിയത്.
◾വിഴിഞ്ഞം തുറമുഖ കവാടത്തില്‍ സംഘര്‍ഷാവസ്ഥ. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മല്‍സ്യത്തൊഴിലാളി സമരത്തിനെത്തിയവരില്‍ ചിലര്‍ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു നാട്ടുകാരുടെ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരുടെ പരാതി. ഇരുകൂട്ടരും സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കൂടുതല്‍ പോലീസ് എത്തി ഇരുകൂട്ടരേയും പിരിച്ചുവിട്ടു.
◾
◾കെഎസ്ആര്‍ടിസി ബസിനു ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടി നടത്തിയ ‘പറക്കുംതളിക’ മോഡല്‍ കല്യാണ ഓട്ടം പുലിവാലായി. കേസെടുത്ത മോട്ടാര്‍ വാഹന വകുപ്പ് ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു. ഡ്രൈവറോട് ഇന്നു രാവിലെ 11 ന് ഹാജരാകാന്‍ ജോയിന്റ് അര്‍ടിഒ നിര്‍ദേശം നല്‍കി. ‘പറക്കും തളിക’യിലെ ‘താമരാക്ഷന്‍ പിള്ള’ ബസിനെ അനുകരിച്ച് ഇന്നലെ രാവിലെയാണ് ‘ബസ് കല്യാണ ഓട്ടം നടത്തിയത്.
◾വരനും കൂട്ടുകാരും കല്യാണത്തിനു കോയമ്പത്തൂരില്‍നിന്ന് ഗുരുവായൂരിലേക്കു വന്നത് സൈക്കിളില്‍. ‘റൈഡ് ടു മാര്യേജ്’- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍’ എന്നെഴുതിയ ബോര്‍ഡുമായാണ് 140 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വിവാഹസംഘം എത്തിയത്. ശനിയാഴ്ച രാവിലെ പുറപ്പെട്ട സംഘം വൈകുന്നേരം അഞ്ചോടെ ഗുരുവായൂരിലെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ വരന്‍ ശിവസൂര്യ ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തി വധു കണ്ണൂര്‍ സ്വദേശിനി അഞ്ജനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഗുജറാത്തില്‍ എന്‍ജിനീയറാണ് ശിവസൂര്യ. അഹമ്മദാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് അഞ്ജന.
◾തട്ടിക്കൊണ്ടു പോകല്‍ ആഘോഷമാക്കിയ ലഹരി സംഘത്തെ കോഴിക്കോട് പൊലീസ് പിടികൂടി. ലഹരിയിടപാടുകളും പണവും സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിയെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. മോചനദ്രവ്യമായി ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടു. വെള്ളയില്‍ ഭാഗത്തുവച്ച് പോലീസ് അരവിന്ദ് ഷാജിയുമായി പോകുകയായിരുന്ന സംഘത്തെ പിടികൂടി. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഇര്‍ഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീര്‍, നിസാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ലഹരി ഇടപാടുകാരനായ അരവിന്ദ് ഷാജിയേയും കസ്റ്റഡിയിലെടുത്തു.
◾കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് നീക്കം ചെയ്യേണ്ടതില്ലെന്ന് പി ടി എ റഹീം എംഎല്‍എ. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ലെന്നാണു റിപ്പോര്‍ട്ട്.
◾കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ തടവുപുള്ളി ആത്മഹത്യക്കു ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. പൊലീസുകാരന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 21 കാരിയായ ദൃശ്യയെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് വിനീഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്.
◾പത്തനംതിട്ട കലഞ്ഞൂരില്‍ വനിതാ പഞ്ചായത്ത് അംഗത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ കേസിലെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലഞ്ഞൂര്‍ സ്വദേശികളായ അര്‍ജുന്‍, ആകാശ് എന്നിവരാണ് പിടിയിലായത്. പൊലീസുക്കാര്‍ക്കെരെയും മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അതിക്രമം കാണിച്ചു.
◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം. സെക്രട്ടറിയേറ്റില്‍നിന്നും മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി വീശിയത്.
◾പാലക്കാട് പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊപ്പം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അടിയുണ്ടായത്.
◾കടുവ ആക്രമണത്തിനെതിരേ നാട്ടുകാര്‍ തെരുവിലിറങ്ങി. വയനാട് പൂതാടി പഞ്ചായത്തിലും മീനങ്ങാടി പഞ്ചായത്തിലുമാണ് നാട്ടുകാര്‍ കടുവ ആക്രമിച്ച ആടുമാടുകളുടെ ജഡങ്ങളുമായി റോഡ് ഉപരോധിച്ചത്. കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
◾ആറു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തു ബിജെപിക്കു മുന്നേറ്റം. തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി തെലങ്കാന രാഷ്ട്രസമിതി. സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിനു കെട്ടിവെച്ച കാശു നഷ്ടമായി.
◾രാജ്യത്തെ ജനങ്ങളുടെ കൈയില്‍ 30.88 ലക്ഷം കോടി രൂപയുടെ കറന്‍സികള്‍. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ടു നിരോധിച്ചതിന്റെ ആറാം വാര്‍ഷികത്തില്‍ അന്നത്തേതിന്റെ 71.84 ശതമാനം അധികം കറന്‍സിയാണ് ജനങ്ങളുടെ കൈകളില്‍ ഇപ്പോഴുള്ളത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ 2016 നവംബര്‍ നാലിന് 17.7 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.
◾തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് രണ്ടര ലക്ഷം കോടി രൂപയായി വര്‍ധിച്ചു. പത്തേകാല്‍ ടണ്‍ സ്വര്‍ണം ഉള്‍പെടെയാണ് ഈ ആസ്തി. തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം ഭരിക്കുന്ന ടിടി ദേവസ്വമാണു വിവരം പുറത്തുവിട്ടത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐശ്വര്യം കൊണ്ടാണോ 138 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി പാലം തകര്‍ന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗുജറാത്തിലെ മോര്‍ബി പാലം രണ്ടു കോടി രൂപ മുടക്കി നവീകരിച്ചതിന്റെ ക്രെഡിറ്റ് മോദിക്കാണ്. അഞ്ചു ദിവസത്തിനകം പാലം തകര്‍ന്ന് 138 പേര്‍ കൊല്ലപ്പെട്ടത് മോദിയുടെ ഐശ്വര്യം കൊണ്ടാണോയെന്ന് അറിയില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി രാജിവക്കണമെന്നും ഖാര്‍ഗെ ബംഗളൂരുവില്‍ ആവശ്യപ്പെട്ടു.
◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുവെന്ന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദ്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ മാത്രം പാര്‍ട്ടിയാണെന്നും ഗുലാം നബി പറഞ്ഞു. കോണ്‍ഗ്രസിനെ പുകഴ്ത്തിയ ഗുലാം നബിയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
◾ടാന്‍സാനിയന്‍ യാത്ര വിമാനം തടാകത്തില്‍ തകര്‍ന്ന് വീണ് 19 പേര്‍ മരിച്ചു. വിമാനത്തില്‍ 43 പേരാണ് ഉണ്ടായിരുന്നത്. 26 പേരെ രക്ഷിച്ചു.
◾കൂട്ടപ്പിരിച്ചുവിടലിലൂടെ പുറത്താക്കിയ ചിലരെ ട്വിറ്റര്‍ തിരികെ വിളിച്ചു. സുപ്രധാന സംവിധാനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ടീമിനെത്തന്നെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. നീണ്ട എഴുത്തുകള്‍ പോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന നോട്സ് ഫീച്ചറിനു പിറകിലുണ്ടായിരുന്ന ടീമിനെ പിരിച്ചുവിട്ടിരുന്നെങ്കിലും ഇവരെ തിരികെ വിളിച്ചെന്നാണു റിപ്പോര്‍ട്ട്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് സമനില. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. 74-ാം മിനിറ്റില്‍ ലെന്നി റോഡ്രിഗസ് ചുവപ്പ് കാര്‍ഡുമായി പുറത്തായിട്ടും ഒരു ഗോളിന് പിന്നില്‍ നിന്നിരുന്ന ബഗാനെ മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴാണ് കാള്‍ മക്ഹ്യൂഗ് ഒപ്പമെത്തിച്ചത്.
◾ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ അറസ്റ്റില്‍. ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ധനുഷ്‌ക ഗുണതിലകയാണ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 29കാരിയായ യുവതിയെ അവരുടെ വസതിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
◾ട്വന്റി 20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 മത്സരത്തില്‍ സിംബാബ്വേയെ 71 റണ്‍സിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലെത്തി. 25 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും 35 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റേയും കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിനായ് ബാറ്റ് വീശിയ സിംബാബ്വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി.
◾ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കൊടുവില്‍ സെമിഫൈനലുകള്‍ക്ക് കളമൊരുങ്ങി. ബുധനാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്‍മാരായ ന്യൂസിലാണ്ട് പാകിസ്ഥാനുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലില്‍ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. നവംബര്‍ 13 ഞായറാഴ്ചയാണ് ഫൈനല്‍.
◾ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 10 കമ്പനികളില്‍ ഏഴിന്റെയും വിപണി മൂലധനം കഴിഞ്ഞ ഒരാഴ്ച കൊണ്ട് വര്‍ദ്ധിച്ചത് 1,33,707.42 കോടി രൂപ. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകളാണ്. ഓഹരി വിപണിയിലെ മികച്ച 10 കമ്പനികളില്‍ ഏഴും ലാഭത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഐടിസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 44,956.5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 17,53,888.92 കോടി രൂപയായി കുതിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കാണ് രണ്ടാം സ്ഥാനത്ത്. നിക്ഷേപകര്‍ക്ക് 22,139.15 കോടി രൂപയോളമാണ് ബാങ്ക് നേടിക്കൊടുത്തത്. ബാങ്കിന്റെ ആകെ മൂല്യം 8,34,517.67 കോടി രൂപയായും ഉയര്‍ന്നു. അതേസമയം, ടോപ് 10ല്‍ ഉള്‍പ്പെട്ട മൂന്ന് കമ്പനികളുടെ നിക്ഷേപകരുടെ പണം കഴിഞ്ഞ ആഴ്ച നഷ്ടമായി. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം നേരിട്ടത്.
◾ഉത്സവസീസണ്‍ അവസാനിച്ചിട്ടും ഐഫോണുകള്‍ക്ക് ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും വന്‍ ഓഫറുകള്‍. ഐഫോണ്‍ 13, ഐഫോണ്‍ 11 ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ലഭിക്കുന്നത്. നിലവില്‍, ഐഫോണ്‍ 13 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. 128 ജിബി ബേസിക്ക് പതിപ്പിനാണ് ഈ വില. ആമസോണില്‍ 52,699 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. ഇതിനൊപ്പം 3,153 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും ഈ ഫോണിന്. അതേ സമയം 50 ശതമാനത്തിന് അടുത്ത് ഡിസ്‌ക്കൌണ്ട് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും. ഐഫോണ്‍ 11 64 ജിബി പതിപ്പിന് ഇപ്പോള്‍ വില 43,900 ആണ്. വിവിധ ഓഫറുകളും എക്സേഞ്ച് ഓഫറും ഉപയോഗിച്ചാല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഈ ഫോണ്‍ 23,490 ന് ലഭിക്കും. 128 ജിബി ഐഫോണ്‍ 11 പതിപ്പിന് ഇപ്പോഴത്തെ വില 48,900 രൂപയാണ്. ഇത് ഡിസ്‌ക്കൌണ്ട് ഓഫര്‍ എല്ലാം അടക്കം 28,490 രൂപയ്ക്ക് ലഭിക്കും.
◾തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്. ചിത്ര സംയോജനം കിരണ്‍ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്സണും നിര്‍വഹിക്കുന്നു.
◾ബോളിവുഡിലേക്ക് മലയാളത്തിന്റെ പ്രിയതാരം കനി കുസൃതി. റിച്ച ഛന്ദ- അലിഫസല്‍ താരദമ്പതികള്‍ നിര്‍മിക്കുന്ന ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരാഖണ്ഡില്‍ ചിത്രീകരണം പുരോഗമിക്കുന്നു. ഹിമാലയത്തിലെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ താമസിക്കുന്ന പതിനാറു വയസുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. 2003ല്‍ പുറത്തിറങ്ങിയ ഇംഗ്ളീഷ് ചിത്രമായ ഗേള്‍സ് വില്‍ബി ഗേള്‍സിന്റെ റീമേക്കാണ്. 2003ല്‍ പുറത്തിറങ്ങിയ അന്യര്‍ എന്ന ചിത്രത്തിലൂടെയാണ് കനി സിനിമയില്‍ എത്തുന്നത്. പിന്നീട് കേരള കഫേ, ശിക്കാര്‍, കോക്ടെയില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. വിചിത്രം ആണ് കനി അഭിനയിച്ച് ഒടുവില്‍ തിയേറ്രറില്‍ എത്തിയ ചിത്രം.
◾നവീകരണങ്ങളോടെ ആര്‍ 1250 ആര്‍ പുതിയ പതിപ്പ് അവതരിപ്പിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. കൂടാതെ ധാരാളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളോടെയാണ് നേക്കഡ് മോട്ടോര്‍സൈക്കിളിനെ 2023 പതിപ്പിനെ ഒരുക്കിയിരിക്കുന്നത്. 14,995 ഡോളറാണ് പുതിയ മോഡലിന്റെയും വില (ഏകദേശം 12.36 ലക്ഷം രൂപ). ആര്‍ 1250 ആര്‍ ഇപ്പോള്‍ രണ്ട് പുതിയ കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ് – ട്രിപ്പിള്‍ ബ്ലാക്ക് ആന്‍ഡ് സ്റ്റൈല്‍ സ്‌പോര്‍ട്ട്. മുന്‍ കോമ്പിനേഷനില്‍ മെറ്റാലിക് ബ്ലാക്ക് ബോഡി കളര്‍, ഗ്രേ ഫ്രെയിം, ഗോള്‍ഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ കാലിപ്പറുകള്‍ എന്നിവ ലഭിക്കുന്നു. റേഡിയേറ്റര്‍ ഗ്രില്ലും എഞ്ചിന്‍ സ്‌പോയിലറും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിറത്തിലാണ്. രണ്ടാമത്തേത് വൈറ്റ് ഫ്രെയിമും ഗോള്‍ഡ് ഫ്രണ്ട്, റിയര്‍ കാലിപ്പറുകളും ഉള്ള ബ്ലൂ മെറ്റാലിക് പെയിന്റ് സ്‌പോര്‍ട്‌സ് ചെയ്യുന്നു. ഹാന്‍ഡില്‍ബാറുകള്‍ പൂര്‍ണ്ണമായും ബ്ലാക്കും മുന്‍വശത്തെ സ്‌പോയിലര്‍ ബ്ലൂ കളറിലുമാണ് വരുന്നത്.
◾മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. ‘മീഡിയ സത്യം സത്യാനന്തരം’. പി.ജെ ജോഷ്വ. ഡിസി ബുക്സ്. വില 189 രൂപ
◾വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. അതിരാവിലെ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകും. ഗ്യാസ് രൂപപ്പെടാനും ഇത് കാരണമാകും. കട്ടന്‍ചായ കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നം നിര്‍ജലീകരണമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. തിയോഫില്ലൈന്‍ മലബന്ധത്തിലേക്കും നയിക്കാം. എഴുന്നേറ്റയുടന്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് പല്ലിന്റെ ഇനാമലിനും കേടാണ്. വായ്ക്കുള്ളിലെ ആസിഡ് തോത് വര്‍ധിക്കുന്നതു മൂലമാണ് പല്ലിന്റെ ഇനാമലിന് കേടുണ്ടാകുന്നത്. ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കഴിയുന്നതും പഞ്ചസാര ഇടാതെ കുടിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെ കാണുന്ന ഗുണനപ്പട്ടിക ബോര്‍ഡില്‍ എഴുതി. 9 x 1 = 09 ; 9 x 2 = 18 ; 9 x 3 = 27; 9 x 4 = 36; 9 x 5 = 45; 9 x 6 = 54; 9 x 7 = 63; 9 x 8 = 72; 9 x 9 = 81; 9 x 10 = 91. അവസാനത്തെ വരി വായിച്ച വിദ്യാര്‍ത്ഥികള്‍ പരിഹാസത്തോടെ അദ്ദേഹത്തെ നോക്കി ചിരിച്ച് ബഹളം വച്ചു. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കുവരെ 9 × 10 ന്റെ ഉത്തരം 90 ആണെന്ന് അറിയാമെന്നിരിക്കെ പ്രതിഭാശാലിയായ ഐന്‍സ്റ്റീന്‍ ഈ നിസ്സാരമായ ഗുണനക്രിയ തെറ്റിച്ചിരിക്കുന്നു. ബഹളം അടങ്ങാന്‍ ഐന്‍സ്റ്റീന്‍ ക്ഷമയോടെ കാത്തുനിന്നു. എന്നിട്ട് അവരോട് പറഞ്ഞു. തന്നിട്ടുള്ള പത്ത് ചോദ്യങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും, അതായത് ഭൂരിഭാഗത്തിന്റെയും ഉത്തരം ഞാനെഴുതിയത് ശരിയായിരുന്നുവെങ്കിലും ആരും അതിനെന്നെ അനുമോദിച്ചില്ല. എന്നാല്‍ ഒരു ചെറിയ തെറ്റ് വരുത്തിയപ്പോള്‍ നിങ്ങളെല്ലാവരും ആര്‍ത്തു ചിരിച്ചു. ഇതിനൊരു വലിയ അര്‍ത്ഥമുണ്ട്. ഒരാള്‍ തൊടുന്നതെല്ലാം പൊന്നാക്കിയാലും എപ്പോഴെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാല്‍ ആളുകള്‍ അത് മാത്രമേ മനസ്സില്‍ പതിപ്പിച്ചു വയ്ക്കൂ. എന്നിട്ട് മറ്റു നേട്ടങ്ങളെയെല്ലാം മറന്ന് ഈ ചെറിയ തെറ്റിനെ നോക്കി പരിഹസിച്ചുകൊണ്ടേയിരിക്കും. നമ്മുടെ തെറ്റുകള്‍ മാത്രം ഓര്‍ത്തു വയ്ക്കുന്നവരാണ് മിക്ക മനുഷ്യരും. വിമര്‍ശനങ്ങള്‍ ഉണ്ടായാലും അത് നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്. – ശുഭദിനം.