◾ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാനാണു ശ്രമം. ഇല്ലാത്ത അധികാരങ്ങളാണു പ്രയോഗിക്കുന്നത്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പുവയ്ക്കാതെ മാറ്റിവച്ചതു നിയമവിരുദ്ധമാണ്. പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (കൂട്ടക്കുരുതി കുട്ടികളോടോ? ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/ZeTAGEN5kkg )
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഏഴു വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
◾
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്കു ഫുട്‌ബോള്‍ പരിശീലനത്തിനു ‘വണ്‍ മില്യണ്‍ ഗോള്‍’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പത്തിനും 12 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തു ദിവസത്തെ ഫുട്ബോള്‍ പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു തുടര്‍ പരിശീലനവും ഉണ്ടാകും.
◾വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാന്‍. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
◾സമരം രാജ്യവിരുദ്ധമെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ലെന്ന് ലത്തീന്‍ അതിരൂപത. ചര്‍ച്ചകള്‍ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനു കേരള യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള മറുപടി നല്‍കി. വിസിയാകാനുള്ള യോഗ്യത ഉണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 നാണു ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചത്.
◾വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ നിരക്ക് വര്‍ദ്ധിച്ചു. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കുമായി 155 രൂപ.
◾താമരശേരി ചുരത്തില്‍നിന്നു താഴ്ചയിലേക്കു വീണ ലോറി മുകളിലെത്തിച്ചെങ്കിലും നാല്‍പതോളം ഗ്യാസ് സിലിണ്ടറുകള്‍ കാണാനില്ല. രണ്ടു ക്രെയിനുകളും മറ്റൊരു ലോറിയും ഉപയോഗിച്ച് ചൊവാഴ്ച പത്തു മണിക്കൂര്‍ അധ്വാനിച്ചാണ് ലോറിമുകളിലേക്കെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന 342 സിലിണ്ടറുകളില്‍ മുന്നൂറെണ്ണം മാത്രമാണു വീണ്ടെടുത്തത്. ശേഷിച്ചവയ്ക്കായി തെരച്ചില്‍ തുടരും.
◾വിയറ്റ്‌നാമില്‍നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കും. വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കാര്‍ഷിക, മത്സ്യബന്ധന, ടൂറിസം മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഐ ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിനു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾സിആര്‍പിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി മലയാളി അടക്കം രണ്ടു വനിതകള്‍ ഐജിമാരായി. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവരെയാണ് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. ദ്രുത കര്‍മ്മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിനു നിയമനം.
◾പൊക്കാളിപാടത്ത് 12 മാസവും മത്സ്യകൃഷി നടത്താമെന്ന് ഉത്തരവിറക്കിയ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃഷിമന്ത്രി പി പ്രസാദ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. പൊക്കാളി പാടം കണ്ടിട്ടില്ലാത്തവരാണ് ഉത്തരവിറക്കിയത്. 12 മാസവും വെള്ളംനിറച്ച് മത്സ്യകൃഷി നടത്തിയാല്‍ പാടശേഖരങ്ങള്‍ക്കരികിലെ താമസക്കാരുടെ ജീവിതം എന്താകുമെന്നും മന്ത്രി ചോദിച്ചു.
◾പാലക്കാട് കൊല്ലങ്കോട് സിപിഎം വിഭാഗീയതയില്‍ അഞ്ചു ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറു പേരെ സസ്പെന്‍ഡു ചെയ്തു. നാലു വനിതാ അംഗങ്ങളടക്കം എട്ടു പേര്‍ക്കു താക്കീത്. കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയിലാണ് നടപടി.
◾കെഎസ്യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലു നടന്ന മഹാരാജാസ് കോളേജ് അടച്ചു. കോളേജിന് സമീപമുള്ള എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും അടിയുണ്ടായി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടിയടക്കം പത്ത് എസ്എഫ്ഐക്കാര്‍ക്കു പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറു പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവന്‍ അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. കോഴിക്കോട് പാലേരി സ്വദേശിയാണ്.
◾പ്രവാസി വ്യവസായി കണ്ണൂര്‍ സ്വദേശി പള്ളി വളപ്പില്‍ മുനീര്‍ പയ്യന്നൂര്‍ (53) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലായിരുന്നു. അല്‍ കോബാര്‍ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു.
◾പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യമ്പോള്‍ സൈബര്‍ തട്ടിപ്പിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘ജ്യൂസ് ജാക്കിംഗ്’ എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്റെ പൂര്‍ണ വിവരങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾തിരുവനന്തപുരം മ്യൂസിയത്തിനരികില്‍ ലൈംഗികാതിക്രമവും കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്ത് അറസ്റ്റിലായ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ താത്കാലിക ഡ്രൈവര്‍ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയെ പോലീസ് ഭീഷണിപ്പെടുത്തി കള്ളക്കേസില്‍ കുടുക്കിയതാണെന്നും സന്തോഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
◾ഒഴുക്കില്‍പ്പെട്ട് കാണാതായ ചെറുതുരുത്തി സ്വദേശി ഫൈസലിനെ തെരയാന്‍ ഷൊര്‍ണൂരിലെ ഭാരതപ്പുഴയിലിറങ്ങിയ മുങ്ങല്‍ വിദഗ്ധന്‍ രാമകൃഷ്ണന്‍ മരിച്ചു. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണന്‍ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
◾വൈപ്പിനിലെ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്കെതിരേ ഭീഷണി മുഴക്കിയ സിഐടിയു നേതാവ് അനില്‍കുമാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി ഹിന്ദുസ്ഥാന്‍ പെട്രോളിയം ജനറല്‍ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
◾മീഡിയാവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിനു കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിനു തടസമെന്താണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഇടുക്കി അടിമാലിയില്‍ സ്‌കൂള്‍ ബസും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചു പോലീസുകാര്‍ക്കു പരിക്ക്.
◾വിമാന ചിറകുകള്‍ കയറ്റിക്കൊണ്ടുപോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിരവധി പേര്‍ക്കു പരിക്ക്. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷനു സമീപത്തു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ദേശീയപതയില്‍ ഗതാഗതതടസമുണ്ടായി. ട്രെയിലറിലുണ്ടായിരുന്ന വിമാന ചിറകുകള്‍ ബസിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയി. മുപ്പതു വര്‍ഷം പറത്തിയ എയര്‍ ഇന്ത്യയുടെ എ 320 എന്ന വിമാനം 75 ലക്ഷം രൂപയ്ക്കു ലേലത്തിലെടുത്ത് പൊളിച്ചു ഹൈദരാബാദിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
◾കോഴിക്കോട് പയ്യോളിയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദനമേറ്റു യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (45) ആണ് മരിച്ചത്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
◾മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം.
◾റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഈ മാസം പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്തവിപണിയില്‍ ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. ആദ്യ ദിനമായിരുന്ന ചൊവ്വാഴ്ച ബാങ്കുകള്‍ 275 കോടി രൂപയുടെ ബോണ്ടുകള്‍ ട്രേഡ് ചെയ്തു.
◾വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കാര്‍ണെഗി ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗ്ലോബല്‍ ടെക്നോളജി സമ്മിറ്റില്‍ ആദ്യ ദിവസം പങ്കെടുക്കും. നവംബര്‍ 29 ന് ന്യൂഡല്‍ഹിയിലാണ് ഗ്ലോബല്‍ ടെക്നോളജി സമ്മിറ്റ് ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യ, ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി ഏറ്റെടുക്കും.
◾സ്ത്രീശാക്തീകരണ പ്രവര്‍ത്തക പത്മഭൂഷണ്‍ ഇള ഭട്ട് (ഇള ബെന്‍) അഹമ്മദാബാദില്‍ അന്തരിച്ചു. 89 വയസായിരുന്നു. സ്വാശ്രയ പ്രസ്ഥാനമായ സെല്‍ഫ് എംപ്ളോയ്ഡ് വിമണ്‍സ് അസോസിയേഷന്‍ (സേവ) സ്ഥാപകയാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ഇള ബെന്‍ സബര്‍മതി ആശ്രമം സംരക്ഷണ ട്രസ്റ്റ് അധ്യക്ഷയായിരുന്നു.
◾പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ടു ചെയ്യാത്തത് കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായേ വിലയിരുത്താനാകൂവെന്ന് ജസ്റ്റിസ് അജയ് റസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾പ്രയപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പരസ്പരം സ്‌നേഹിക്കുന്നത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം ‘ലൈംഗിക അതിക്രമം’ ആകില്ലെന്ന് മേഘാലയ ഹൈക്കോടതി. പോക്‌സോ കേസില്‍ കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പത്തു മാസം ജയിലിലടച്ച ആണ്‍കുട്ടിയെ മോചിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പൂജാ ഭട്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. യാത്രയില്‍ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റിയാണ് പൂജ ഭട്ട്.
◾ഇന്ത്യയുടെ മേല്‍ കണ്ണുവക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജലം, കര, വായു തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ ഒരു നേതാവായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾മദ്യപാനിയായ മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഭാര്യയും അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിയായ മകന്‍ സായ് റാമിന്റെ (26) ദ്രോഹം സഹിക്കാനാകാതെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അറസ്റ്റിലായ അച്ഛന്‍ റാം സിംഗ്, അമ്മ റാണി ബായ് എന്നിവര്‍ പറഞ്ഞു. എട്ടു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ്.
◾ഹണിട്രാപ് ആരോപണവുമായി കര്‍ണാടകയിലെ ബിജെപി നേതാവായ ജി.എച്ച്. തിപ്പറെഡ്ഡി എംഎല്‍എ. അജ്ഞാത യുവതി തന്റെ ഫോണിലേക്കു വാട്സ് ആപ് വീഡിയോ കോള്‍ വിളിച്ച് നഗ്നത പ്രദര്‍ശിപ്പിച്ചെന്നാണു പരാതി.
◾സൗന്ദര്യറാണിമാര്‍ തമ്മില്‍ വിവാഹിതരായി. മിസ് അര്‍ജന്റീന മരിയാന വരേലയും മിസ് പ്യുട്ടോറിക്ക ഫാബിയോല വാലന്റൈനും തമ്മില്‍ വിവാഹിതരായി. മല്‍സരത്തിനു ശേഷം പ്രണയബദ്ധരായിരുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27-ന് ബാങ്കോക്കിലെ മിസ് ഗ്രാന്റ് ഇന്റര്‍നാഷനല്‍ സൗന്ദര്യ മല്‍സരത്തിലാണ് അവര്‍ ആദ്യമായി കണ്ടുമുട്ടിയത്.
◾ഗൂഗിള്‍ ഓരോ അക്കൗണ്ടിന്റെയും സ്റ്റോറേജ് പരിധി വര്‍ദ്ധിപ്പിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം ഒരു ടിബിയായാണ് വര്‍ദ്ധിപ്പിച്ചത്.
◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ചു റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കോലിയൊഴികെ മറ്റൊരു ബാറ്റ്സ്മാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കോലി 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് 27 പന്തില്‍ നിന്ന് 60റണ്‍സ് നേടിയ ഓപ്പണര്‍ ലിറ്റണ്‍ ദാസ് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ ആരംഭിച്ചത്. മഴമാറി മത്സരം പുനരാരംഭിച്ചതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചു. 14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് വിരാട് കോലിക്ക്. ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കോലി മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ റെക്കോഡ് ഭേദിച്ചത്. 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സായിരുന്നു ജയവര്‍ധയുടെ സമ്പാദ്യമെങ്കില്‍ കോലി 1065 റണ്‍സ് നേടിയത് 25 മത്സരങ്ങളില്‍ നിന്നാണ്.
◾ഐസിസി ട്വന്റി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനെ പിന്തള്ളിയാണ് സൂര്യകുമാര്‍ ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്തെത്തുന്നത്. ന്യൂസീലന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയാണു റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്.
◾വിദേശ പണമിടപാട് നടത്തുന്നവര്‍ക്കുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറര്‍ പ്ലസില്‍ ‘റെമിറ്റ് മണി എബ്രോഡ്’ എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. സമയലാഭവും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഇടപാടുകാര്‍ക്ക് എളുപ്പത്തില്‍ വിദേശത്തേക്ക് ഇതി ലൂടെ പണമയക്കാം. എന്‍ആര്‍ഇ, റെസിഡന്റ് സേവിംഗ്സ് ബാങ്ക് ഇടപാടുകാര്‍ക്കാണ് ഈ സംവിധാനം ഉപകാരപ്പെടുക. സൈബര്‍നെറ്റിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. കടലാസ് രഹിത ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്. ബ്രാഞ്ചുകളില്‍പോകാതെ തന്നെ ഇടപാടുകാര്‍ക്ക് കൂടുതല്‍ വേഗത്തില്‍ വിദേശത്തേക്കു പണം അയയ്ക്കാം. പുതിയ സംവിധാനത്തിലൂടെ ലോകമെമ്പാടുമുള്ള നൂറിലധികം കറന്‍സി കളില്‍ ഓണ്‍ലൈന്‍ വഴി പണം അയയ്ക്കാന്‍ സാധിക്കും.
◾ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്കായി വന്‍തോതില്‍ റിക്രൂട്ട്മെന്റിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഹൊസൂരില്‍ തുടങ്ങുന്ന ഫാക്ടറിക്കായാണ് റിക്രൂട്ട്മെന്റ്. 24 മാസത്തിനുള്ളില്‍ 45,000 ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയില്‍ നിലവില്‍ 10,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ചൈനക്ക് പുറമേ മറ്റ് വിപണികളിലും ഫോണ്‍ നിര്‍മ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ കരാറില്‍ ഏര്‍പ്പെട്ടത്. 500 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഹൊസൂരിലെ ആപ്പിള്‍ നിര്‍മ്മാണശാല. ഏകദേശം 5,000ത്തോളം പേരെ ഇവിടെ ജോലിക്കെടുത്തിരുന്നു.
◾ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക. അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ വിവരിക്കപ്പെടുന്നു. ചിത്രം ഈ വര്‍ഷം ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ക്യാംപസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രിയ വാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. ഒരിടവേളയ്ക്കു ശേഷം പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഫോര്‍ ഇയേഴ്സ്. പതിനായിരത്തിലധികം കോളെജ് വിദ്യാര്‍ഥികളാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. കോതമംഗലം മാര്‍അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരീസ് കോളേജ് തൃശൂര്‍, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്.
◾ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു. ഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്കന്‍ ടര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ, മാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി, വിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്‍മാരും അണിനിരക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാല ടര്‍ക്കിയുടെ പരിച്ഛേദമാണ്. ‘ഉന്മാദികളുടെ വീട് – അവിശ്വസനീയമായ ഒരു ചരിത്രരേഖ’. അയ്ഫേഷ് ടുഞ്ച്. വിവര്‍ത്തനം സുരേഷ് എം.ജി. ഗ്രീന്‍ ബുക്സ്. വില 579 രൂപ.
◾ഇന്ത്യന്‍ വാഹന വിപണിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ എല്‍എംഎല്‍ വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക്ക് മോഡലുകളില്‍ ഒന്നിന്റെ ബുക്കിംഗ് ആരംഭിച്ചു. മൂണ്‍ഷോട്ട് മോട്ടോര്‍സൈക്കിള്‍, സ്റ്റാര്‍ സ്‌കൂട്ടര്‍, ഓറിയോണ്‍ ബൈക്ക് എന്നിവയാണ് പുതിയ മൂന്ന് എല്‍എംഎല്‍ മോഡലുകള്‍. എല്ലാം ഇലക്ട്രിക് വാഹനങ്ങളാണ്. ഇതില്‍ എല്‍എംഎല്‍ സ്റ്റാര്‍ എന്ന മോഡലിന്റെ ബുക്കിംഗാണ് തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് എല്‍എംഎല്ലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്യുകയും ചെയ്യാം. എല്‍എംഎല്‍ സ്റ്റാര്‍ റിസര്‍വ് ചെയ്യുന്നതിന് ഉപഭോക്താവ് ഒരു പണവും അടയ്ക്കേണ്ടതില്ല. 360-ഡിഗ്രി ക്യാമറ, ഹാപ്റ്റിക് ഫീഡ്ബാക്ക്, എല്‍ഇഡി ലൈറ്റിംഗ് എന്നിവയും സ്‌കൂട്ടറില്‍ ഉണ്ടാകും.
◾സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം ഉണ്ടെങ്കില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് അഥവാ സിഎഡി വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന ഹൃദ്രോഗം. സമയത്തിനു ചികിത്സിച്ചില്ലെങ്കില്‍ ഹൃദയത്തിനും തലച്ചോറിനും രക്തവും ഓക്സിജനും ലഭിക്കാതെ ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവമുള്ള 95 സ്ത്രീകളിലാണ് പഠനം നടത്തിയത്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം ഹോര്‍മോണിന്റെ അഭാവം മൂലം തടസ്സപ്പെടുന്നതാണ് സിഎഡിക്കുള്ള സാധ്യത കൂട്ടുന്നതെന്നു പഠനത്തില്‍ കണ്ടു. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ചെറുപ്പക്കാരികള്‍ ആയതിനാല്‍, ഹൃദ്രോഗസാധ്യതയ്ക്ക് കാരണം, പോഷകങ്ങളുടെ അഭാവം അതായത് അനൊറെക്സിയ, ബുളീമിയ പോലുള്ള ഈറ്റിങ് ഡിസോര്‍ഡര്‍, സ്ട്രെസ്, അണ്ഡാശയത്തിന് ആവശ്യമായ ഈസ്ട്രജന്‍ തലച്ചോറ് ഉല്‍പാദിപ്പിക്കാതിരിക്കുക (ഈ അവസ്ഥയാണ് ഹൈപ്പോതലാമിക് അമിനോറിയ), അമിത വ്യായാമം എന്നിവയാണെന്നും പഠനം പറയുന്നു. ഈ ഘടകങ്ങള്‍ എല്ലാം ചേരുമ്പോഴാണ് ഈസ്ട്രജന്റെ അഭാവം ബാധിക്കുന്നത്. ഈസ്ട്രജന്‍ ലെവല്‍ കുറഞ്ഞ സ്ത്രീകളില്‍, രക്തക്കുഴലുകളുടെ ആവരണമായ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറവായിരിക്കും. സാധാരണ രക്തക്കുഴലുകള്‍ ചില പ്രത്യേക വസ്തുക്കളുമായി ഇടപെടുമ്പോള്‍ രക്തം കടന്നു പോകാനായി അത് വികസിക്കും. എന്നാല്‍ ഈസ്ട്രജന്‍ ലെവല്‍ കുറഞ്ഞ സ്ത്രീകളില്‍ ഇത് സംഭവിക്കുന്നില്ല. ഈ സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം, വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷനും ഹൃദയത്തകരാറിനും കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അയാള്‍ വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു: ഇന്ന് എനിക്ക് വലിയ സന്തോഷത്തിന്റെ ദിവസമാണ്. അതിനാല്‍ നമുക്ക് അയല്‍ക്കാരേയും സുഹൃത്തുക്കളേയും ബന്ധുക്കളേയും ഭക്ഷണത്തിന് വിളിക്കാം. മകന്‍ ഫോണിലൂടെയും പുറത്തിറങ്ങിയും ഇങ്ങനെ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ ഒരു ആപത്ഘട്ടത്തിലാണ് ഞങ്ങളെ ഒന്ന സഹായിക്കണേ.. കുറച്ച് പേര്‍മാത്രം അത് കേട്ട് വീട്ടിലേക്കെത്തി. സഹായിക്കാനെത്തിയവരോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി. പാതിരാ വരെ നീണ്ട ആ ആഘോഷത്തിനിടയ്ക്ക് അച്ഛന്‍ മകനോട് ചോദിച്ചു: ഇവരൊക്കെ ആരാണ് ? നീ നമ്മുടെ സുഹൃത്തുക്കേളേയും ബന്ധുക്കളേയുമൊന്നും വിളിച്ചില്ലേ? മകന്‍ പറഞ്ഞു: ഒന്നും ചിന്തിക്കാതെ നമ്മെ സഹായിക്കാന്‍ ഓടിയെത്തിയവരാണിവര്‍. ഇവരാണ് യഥാര്‍ത്ഥബന്ധുക്കളേക്കാളും സുഹൃത്തുക്കളേക്കാളും ആതിഥ്യം അര്‍ഹിക്കുന്നവര്‍. വ്യക്തിപരമായ താല്‍പര്യങ്ങളോടെയാണ് പലരും പല കാര്യങ്ങളിലും ഏര്‍പ്പെടുന്നത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി കൂടെ നില്‍ക്കുന്നവരായിരിക്കും പലരും. സന്തോഷത്തില്‍ പങ്കുചേരുക എന്ന ഉദ്ദേശത്തില്‍ വരുന്നവര്‍ കുറവായിരിക്കും. ക്ഷണമില്ലാഞ്ഞിട്ടും അവര്‍ കയറിവന്ന സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍, ക്ഷണിക്കപ്പെടാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ എളുപ്പം സാധിക്കും. സന്തോഷത്തില്‍ പങ്കുചേരാന്‍ മാത്രമേ ആളുകളെ വിളിച്ചുവരുത്താന്‍ സാധിക്കൂ.. സങ്കടങ്ങളില്‍, പ്രതിസന്ധികളില്‍ അവര്‍ കണ്ടറിഞ്ഞു വരണം. ആഘോഷങ്ങളില്‍ നമുക്ക് എല്ലാവരും കാണ്‍കെ സമ്മാനപൊതികളുമായി പ്രത്യക്ഷപ്പെടാം. എന്നാല്‍ ആപത്തുകളില്‍ ആരുമറിയാതെ ആശ്രയമായിത്തീരാം – ശുഭദിനം.