web cover 56

പാലിനും മദ്യത്തിനും വില കൂട്ടി. മില്‍മ പാലിന് ആറു രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. എന്നു മുതല്‍ വിലവര്‍ധന നടപ്പാക്കുമെന്ന് മില്‍മയ്ക്കു തീരുമാനിക്കാം. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഒമ്പതു രൂപ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്.

മദ്യവില രണ്ടു ശതമാനം വര്‍ധിപ്പിച്ചു. മദ്യകമ്പനികള്‍ക്കു ചുമത്തിയിരുന്ന അഞ്ചു ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയാണ് വില്‍പന നികുതി രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിറ്റുവരവു നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മദ്യക്കമ്പനികള്‍ ഒരു മാസമായി വില കുറഞ്ഞ മദ്യവില്‍പന നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടും. ക്രിമിനല്‍ പൊലീസുകാരുടെ പട്ടിക തയാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ 85 പേരാണു പട്ടികയിലുള്ളത്. ഈ പട്ടിക സൂക്ഷമ പരിശോധനയ്ക്കു വിധേയമാക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. (പോലീസ് അധോലോകം … https://youtu.be/n0EJS2q_gRM )

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ, മരിച്ച രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തി. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടര്‍ രോഗി മരിച്ചുവെന്ന് അറിയിച്ചതോടെയാണ് ആക്രമണമുണ്ടായത്. കൊല്ലം വെളിച്ചിക്കാല സ്വദേശി സെന്തില്‍കുമാറിനെതിരേ പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ നാളെ അനിശ്ചിതകാല സമരമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എന്തു നടപടി എടുത്തെന്ന് ചീഫ് സെക്രട്ടറിയോടു ഗവര്‍ണര്‍. രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണു ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. ഏഴ് ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും ഉള്‍പ്പെടുത്തി ബിജെപി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.

വിള ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയില്‍ വന്‍ വെട്ടിപ്പാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. പദ്ധതിക്കായി മാറ്റിവച്ച 1.265 ലക്ഷം കോടി രൂപയില്‍ 39,201 കോടി രൂപ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈക്കലാക്കി. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കു കിട്ടിയത് 87,326 കോടി രൂപയാണ്. സിഎജി ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും ബിനോയ് വിശ്വം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ശശി തരൂര്‍ എംപിയെ ക്ഷണിച്ച സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി ഹൈക്കമാന്റിന് കത്തയച്ചു. വിലക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്.

കോണ്‍ഗ്രസില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. മലബാറില്‍ വ്യത്യസ്ത പരിപാടികളിലാണ് പങ്കെടുത്തത്. മതമേലധ്യക്ഷന്‍മാരെയും പൗരപ്രമുഖരേയും സന്ദര്‍ശിച്ചതും കോളേജ് അടക്കമുള്ളിടങ്ങളില്‍ സെമിനാറുകളില്‍ പങ്കെടുത്തതും എങ്ങനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും ആകുമെന്ന് ശശി തരൂര്‍ ചോദിച്ചു.

ശശി തരൂര്‍ വിവാദത്തില്‍ തത്കാലം എഐസിസി ഇടപെടില്ല. കെപിസിസി കൈകാര്യം ചെയ്താല്‍ മതിയെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച ശശി തരൂരിന് എഐസിസിയില്‍ ചുമതലകള്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മലബാറിലെ ജില്ലകളില്‍ പൊതുപരിപാടികള്‍ ഏറ്റെടുത്തത്.

ശശി തരൂരിനു വേദിയൊരുക്കി കോട്ടയത്തെ ഉമ്മന്‍ചാണ്ടി വിഭാഗം. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍. പ്രചരണ ബോര്‍ഡില്‍നിന്ന് വി.ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിട്ടുമുണ്ട്.

ശശി തരൂര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബലൂണ്‍ ചര്‍ച്ചയൊന്നും വേണ്ട. ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസിക്കും അര്‍ജന്റീനയ്ക്കും പറ്റിയതുപോലെയാകുമെന്ന് കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

വിശ്വപൗരനായ ഒരാള്‍ കോണ്‍ഗ്രസ് നേതൃരംഗത്ത് ഉണ്ടാകുന്നത് നല്ലതാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ തരൂരുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ ചേരുന്നതിനാല്‍ ഓര്‍ഡിനന്‍സ് അപ്രസക്തമായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമം ലംഘിച്ചു നിമയനങ്ങള്‍ നടത്തിയെന്നു കോടതി അംഗീകരിച്ചു. കോടതി തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറുമാസത്തേക്കു മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ടത് വലിയ വിഷയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേസുകള്‍ തീര്‍പ്പാക്കാനുളള കാലതാമസം ഒഴിവാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണന്‍. കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നു ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. തൃശൂര്‍ സ്വദേശിയായ എം.കെ സുരേന്ദ്രബാബു കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിനെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കവേയാണ് കോടതിയുടെ പരാമര്‍ശം.

കോഴിക്കോട് കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ജീവന്‍ രക്ഷാ സംവിധാനത്തോടെയുള്ള മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നെല്ലു കൊയ്തെടുക്കാന്‍ കഴിയാതെയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂര്‍ കറുകമണി സ്വദേശി മുരളീധരനാണ് (48) മരിച്ചത്. ചെളി കാരണം പാടത്തേക്കു കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാങ്കില്‍നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയംവച്ചുമാണ് കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയത്.

കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി. നാല് മാസത്തിനുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു.

പാലക്കാട് നല്ലേപ്പിള്ളിയില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പരസ്പരം പോര്‍വിളിച്ച് സിപിഎമ്മും ജനതാദള്‍ എസും. അഴിമതി ആരോപണങ്ങളും സജീവമാണ്. സിപിഎം പ്രാദേശിക നേതാക്കളുടെ ഭാര്യമാര്‍ക്ക് അനധികൃത നിയമനം നല്‍കിയെന്ന് ജനതാദള്‍ ആരോപിച്ചു.

പത്തനംതിട്ടയില്‍ റവന്യൂ വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍. നിയമനോത്തരവ് 25 പേര്‍ക്ക് അയച്ചെങ്കിലും രണ്ടുപേര്‍ക്കു മാത്രം നേരത്തെ ഉത്തരവ് കിട്ടി. 23 പേര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവു കിട്ടിയ രണ്ടു പേര്‍ 21 ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ ജില്ല കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകന്‍ കൊയിലാണ്ടി സ്വദേശി മുരളീധരന്‍ കുഴഞ്ഞുവീണു മരിച്ചു. 48 വയസായിരുന്നു. അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന് 35 ലക്ഷം രപയുടെ കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമ്പത്തിക ഭദ്രതയുള്ളപ്പോള്‍ മാത്രം യാത്ര ചെയ്താല്‍ മതിയോയെന്ന് കാനം ചോദിച്ചു.

പരുന്ത് ഇളക്കിവിട്ട തേനീച്ചകൂട്ടത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. പെരുമണ്ണ പാറമ്മല്‍ പൂവ്വത്തുംകണ്ടി നടക്കാവില്‍ ചന്ദ്രന്‍ (68) ആണ് മരിച്ചത്.

പെരുമ്പാവൂര്‍ മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി കാര്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ ഒരാള്‍ മരിച്ചു. കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു.

തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് പ്രതിഷേധം. തെരുവുനായ കടിച്ചു കീറിയ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

മംഗളൂരു സ്‌ഫോടനത്തിനുമുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് എന്‍ഐഎ. ഷിമോഗയ്ക്കു സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍. മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എന്‍ഐഎയും പരിശോധന നടത്തി. മംഗളൂരുവിലും മൈസൂരുവിലുമാണ് റെയ്ഡ്. പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടത്തി.

മലയാളിയായ റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുത്തു.

തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജയിന്‍ ജയിലില്‍ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്ന പുതിയ വീഡിയോ പുറത്ത്. ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞതിനു പിറകേയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. കള്ളപ്പണക്കേസില്‍ ജയിലിലാക്കിയ ഇയാളെ മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 12 പേരെ കൂടി ബിജെപി പുറത്താക്കി.

വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 35 പേര്‍ക്ക് പരിക്കേറ്റു.

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പന കാലാവധി 15 ദിവസത്തേക്കു നീട്ടിക്കൊണ്ടുള്ള വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കും. ബോണ്ടുകളുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനാണു മാറ്റിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനോട് താരതമ്യം ചെയ്ത് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനു ബിജെപി അഹമ്മദാബാദില്‍ നടത്തിയ പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹിമന്ദ ബിശ്വ ശര്‍മ.

ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ ഗോള്‍ തടയുന്നതിനിടെ പരിക്കേറ്റ സൗദി അറേബ്യന്‍ ഡിഫന്‍ഡര്‍ യാസര്‍ അല്‍ സഹ്‌റാനിക്കു ജര്‍മനിയില്‍ ശസ്ത്രക്രിയ. സൗദി ബോക്സിലേക്ക് വന്ന ലോംഗ് ബോള്‍ ചാടിയുയര്‍ന്നു പ്രതിരോധിക്കുന്നതിനിടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ കാല്‍മുട്ടു കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താടിയെല്ലിനു പൊട്ടലുണ്ട്.

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് കരുത്തര്‍ കളത്തിലിറങ്ങുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് ക്രൊയേഷ്യ – മൊറോക്കോ, വൈകുന്നേരം 6.30 ന് ജര്‍മനി – ജപ്പാന്‍, രാത്രി 9.30 ന് കോസ്റ്റാറിക്ക – സ്പെയിന്‍, ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് ബെല്‍ജിയം – കാനഡ.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണിയില്‍ നിലവിലെ വില 4825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4000 രൂപയാണ്.

ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.

‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി തെന്നിന്ത്യയുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ അഭിനയിക്കുന്ന ’18 പേജെസ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ശ്രീ മണിയുടെ വരികള്‍ പൃഥ്വി ചന്ദ്ര, സിത്താര കൃഷ്ണകുമാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രമാണ് ‘ഭേഡിയ’. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബാക്കി സബ് തീക്ക്’ എന്ന ഗാമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഭാസ്‌കര്‍’ എന്ന കഥാപാത്രമായി വരുണ്‍ ധവാന്‍ അഭിനയിക്കുമ്പോള്‍ ‘ഡോ. അനിക’യായിട്ടാണ് കൃതി സനോണ്‍ എത്തുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ എനര്‍ജി അതിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. പുതിയ മാറ്റര്‍ ഇലക്ട്രിക് ബൈക്കില്‍ നാല് സ്പീഡ് ഗിയര്‍ബോക്‌സ്, എബിഎസ് തുടങ്ങിയ സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളാണുള്ളത്. 150 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഈ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ടോര്‍ക്ക് ക്രാറ്റോസ് ആര്‍, ഒബെന്‍ റോര്‍ എന്നിവയ്‌ക്കെതിരെ മത്സരിക്കും.പുതിയ ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗ് 2023 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കും. ഡെലിവറികള്‍ 2023 ഏപ്രില്‍ മുതല്‍ ആരംഭിക്കും. 2023 ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ മോട്ടോര്‍സൈക്കിള്‍ മൂന്ന് വേരിയന്റുകളില്‍ ഓഫര്‍ ചെയ്യും. ഗ്രേ & നിയോണ്‍, ബ്ലൂ & ഗോള്‍ഡ്, ബ്ലാക്ക് & ഗോള്‍ഡ്, എന്നിങ്ങനെ 4 ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും.

ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് ‘കഥായാത്ര – ഭാഗം 1’. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്റേയും അതിന്റെ ആന്തരിക സംഘര്‍ഷങ്ങളുടേയും സത്യസന്ധമായൊരു ചിത്രീകരണം മാത്രമല്ല, കോളനിവാഴ്ചാകാലഘട്ടത്തിലെ ചിന്താധാരകളേയും ധാരണകളേയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തല്‍കൂടിയാണ്. ഹിന്ദി ചെറുകഥാലോകത്തിലേക്കു കടന്നുവരാന്‍ ഒരു വാതായനം തുറന്നിട്ടിരിക്കുകയാണ് ഈ സമാഹാരത്തിലെ രചനകള്‍. സന്തോഷ് ചൗബേ. ഗ്രീന്‍ ബുക്സ്. വില 680 രൂപ.

സാധാരണയായി ഭക്ഷണശേഷമോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ വൈകുമ്പോഴോ ഏമ്പക്കം വരുന്നത് പതിവാണ്. നാം കഴിയ്ക്കുന്ന ഭക്ഷണത്തിനൊപ്പം ഉള്ളിലേയ്‌ക്കെത്തുന്ന വായു ആസിഡുമായി പ്രവര്‍ത്തിച്ച് പുറന്തള്ളപ്പെടുന്നതാണ് ഏമ്പക്കത്തിന് പിന്നിലെ കാരണം എന്ന് പറയാം. നമ്മുടെ അന്നനാളത്തിലെ പേശികളാണ് വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന വായു പുറത്ത് പോകാതെ നോക്കുന്നത്. ഈ ഗ്യാസ് അളവിലധികമായി മാറുന്നതോടെ പ്രകമ്പനമുണ്ടാക്കിയാണ് ഏമ്പക്കത്തിന്റെ രൂപത്തില്‍ പുറത്ത് പോകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏമ്പക്കം ചിലപ്പോള്‍ വേറെ ചില ആരോഗ്യ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്. അമിതമായി ഗ്യാസ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് ചിലരില്‍ ഇടയ്ക്കിടയ്ക്ക് ഏമ്പക്കം ഉണ്ടാകാറുണ്ട് ഇത് അത്ര ഗൗരവകരമായ ഒന്നല്ല. ഏറോഫോബിയ എന്ന അവസ്ഥയുള്ളവരില്‍ ഇത്തരത്തില്‍ അമിതമായി ഗ്യാസ് ഉത്പാദനം നടക്കും. അിതമായി ച്യൂയിംഗം ചവയ്ക്കുന്നതും കോള, സോഡ പോലുള്ള പാനിയങ്ങള്‍ മൂലവും അമിതമായി ഗ്യാസ് ശരീരത്തില്‍ അടിയാം. അമിതമായി സ്ട്രെസ് അനുഭവിക്കുന്ന സമയങ്ങളില്‍ ചിലരില്‍ ഏമ്പക്കം വരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ഇത്തരം സമയങ്ങളില്‍ ശ്വസന സംബന്ധമായ ലഘു വ്യായാമങ്ങള്‍ ചെയ്യുന്നതായിരിക്കും ഉചിതം. ഡയഫ്രം ഭാഗത്തെ പേശികളില്‍ അയവ് വരാന്‍ ഇത് ഏറെ സഹായകരമാകും. ഈ സമയങ്ങളില്‍ ഭക്ഷണവും പാനീയവും അമിതമാകാതെ ഒഴിവാക്കാനും ശ്രമിക്കണം. അഥവാ ഭക്ഷണം കഴിച്ചാല്‍ തന്നെയും ചൂടോട് കൂടി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. ഹയാറ്റസ് ഹെര്‍ണിയ ഉള്ളവര്‍ക്കും ഏമ്പക്കം പതിവില്‍ കൂടുതലായി ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ നെഞ്ചിന്റെ ഭാഗത്ത് തടഞ്ഞ് നില്‍ക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത്തരം അവസ്ഥയുണ്ടായാല്‍ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ നേടുന്നതായിരിക്കും ഉചിതം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.78, പൗണ്ട് – 97.35, യൂറോ – 84.57, സ്വിസ് ഫ്രാങ്ക് – 86.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.52, ബഹറിന്‍ ദിനാര്‍ – 216.92, കുവൈത്ത് ദിനാര്‍ -265.56, ഒമാനി റിയാല്‍ – 212.33, സൗദി റിയാല്‍ – 21.76, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.45, കനേഡിയന്‍ ഡോളര്‍ – 61.16.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *