web cover 48

ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്. ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്. പന്ത് ഇനി നിലംതൊടില്ല. ഇനി 29 രാവുകളില്‍ ഫുട്ബോള്‍ കാഴ്ച മാത്രം. ഇന്നു രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാളെ മൂന്ന് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു മല്‍സരങ്ങളുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകള്‍ രാത്രി 7.30-ന് തുടങ്ങും. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അര്‍ഥമുള്ള ഹയ്യാ ഹയ്യാ എന്ന ഗാനമാണ് ഈ ടൂര്‍ണമെന്റിന്റെ തീം സോങ്. എട്ട് ഗ്രൂപ്പുകളുള്ള 32 ടീമുകള്‍ പങ്കെടുക്കുന്ന 64 മത്സരങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 18-നാണ് ഫൈനല്‍.

.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി. പദ്ധതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട 205 റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ആറു മാസമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. സാമൂഹികാഘാത പഠനം അടക്കമുള്ള പ്രവര്‍ത്തനങ്ങളെല്ലാം ജനകീയ പ്രക്ഷോഭങ്ങള്‍മൂലം മുടങ്ങിക്കിടക്കുകയാണ്. കേന്ദ്രവും റെയില്‍വേയും ആവശ്യപ്പെട്ട വിവരങ്ങള്‍ കെ റെയില്‍ നല്‍കിയിട്ടുമില്ല.

സര്‍വകലാശാലകളില്‍ യുജിസി മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുള്ള തന്റെ ഇടപെടല്‍ കാവിവത്കരണമാണെന്ന സിപിഎം ആരോപണത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്. യോഗ്യതയില്ലാത്തവരുടെ നിയമനം തടയുന്നത് കാവിവത്കരണമാണെങ്കില്‍ അവര്‍ പറയുന്നതാണ് ശരി. വിസി നിയമനങ്ങള്‍ നിയമപ്രകാരമാണെന്ന് ഉറപ്പ് വരുത്തുന്നത് കാവിവത്കരണമാണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമവും ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചു. നിയമനക്കത്തു വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എത്തിയതോടെ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്കെതിരെ ഗോ ബാക്ക് വിളികള്‍ മുഴക്കി. എല്‍ഡിഎഫ് അംഗങ്ങള്‍ കൂടി കളത്തിലിറങ്ങിയതോടെയാണ് കൈയാങ്കളിയായത്.

ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പുറത്താക്കപ്പെട്ട വിസി കെ റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചു. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതായതിനാല്‍ യുജിസി ചട്ടം ബാധകമല്ലെന്ന വിചിത്ര വാദവുമായാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസില്‍ കുതികാല്‍വെട്ട്. ശശി തരൂരിനെ പങ്കെടുപ്പിച്ചു കോഴിക്കോട് നടത്തുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങി. എന്നാല്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പ്രസ്ഥാനം സെമിനാര്‍ ഏറ്റെടുത്തു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്നതാണു സെമിനാര്‍ വിഷയം. ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയില്‍നിന്നു പിന്മാറാന്‍ ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചെന്ന് ആരോപണം ഉയര്‍ന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

യൂത്ത് കോണ്‍ഗ്രസ് പിന്മാറിയാലും സെമിനാര്‍ നടക്കുമെന്നു ശശി തരൂര്‍. സെമിനാര്‍ നടത്താന്‍ മറ്റൊരു സംഘാടകര്‍ ഉണ്ട്. തന്നെ ആരും ഭയക്കേണ്ട. തനിക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മലബാറിലെ പരിപാടികളെച്ചൊല്ലി അനാവശ്യ വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും ശശി തരൂര്‍.

ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംവാദ പരിപാടി നടത്തരുതെന്ന് കെപിസിസി നേതൃത്വം വിലക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിനെത്തന്നെ തിരുത്തിയ ചരിത്രം യൂത്ത് കോണ്‍ഗ്രസിനുണ്ട്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തിരൂര്‍ പുറത്തൂരില്‍ കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞു രണ്ട് പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. ഈന്തു കാട്ടില്‍ റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരെയാണ് കാണാതായത്.

പ്രിയ വര്‍ഗീസിന്റെ അനധികൃത നിയമനം കോടതി തടഞ്ഞ സാഹചര്യത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രാജിവക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. നിയമനത്തട്ടിപ്പിനു കത്തു നല്‍കിയ തിരുവനന്തപുരം മേയറും രാജിവയ്ക്കണം. വഴിവിട്ട നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമ നിര്‍മാണം എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോടു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടി ഷക്കീലയെ അതിഥിയാക്കിയതിന്റെ പേരില്‍ തന്റെ പുതിയ സിനിമ ‘നല്ല സമയ’ത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന വാഗ്ദാനം നിരസിച്ചു. നിശ്ചിത സമയത്ത് ട്രെയ്ലര്‍ ഓണ്‍ലൈന്‍ ആയി ജനങ്ങള്‍ക്കു മുന്നില്‍ എത്തുമെന്നും ഒമര്‍ പറഞ്ഞു. ഷക്കീലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വിശദീകരണ വീഡിയോയിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ദീപക്ക് വസന്ത് കേസാര്‍ക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരും മന്ത്രി വി ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി.

കോഴിക്കോട് കോര്‍പറേഷനില്‍ കെട്ടിട നമ്പര്‍ ക്രമക്കേടിനു പിറകേ, റവന്യൂ വിഭാഗത്തില്‍ സാമ്പത്തിക തട്ടിപ്പും. നികുതി പിരിവിന്റെ മറവില്‍ രണ്ടു താത്കാലിക ജീവനക്കാര്‍ പണം തട്ടിയതായാണ് കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തദ്ദേശ ഭരണ വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി.

അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയാന്‍ നിയമ നിര്‍മ്മാണം അടിയന്തിരമായി കൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. അന്ധവിശ്വാസവും ആഭിചാര പ്രക്രിയയും ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്യങ്ങള്‍ കര്‍ശനമായി നിയമം വഴി നിരോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല. കേന്ദ്രാനുമതി കിട്ടിയാലുടന്‍ പദ്ധതി നടപ്പാക്കും. കേരളത്തിന്റെ അടുത്ത അന്‍പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും ഗോവിന്ദന്‍.

സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും താന്‍ തുടക്കത്തിലേ പറഞ്ഞിരുന്നെന്നു മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതി വന്നാല്‍ കേരളത്തിന് വലിയ ആഘാതമുണ്ടാകും. സില്‍വര്‍ലൈന്‍ പദ്ധതി വിവരക്കേടാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ കെ.ഇ ഇസ്മായില്‍ പക്ഷക്കാരെ പ്രധാന ചുമതലകളില്‍നിന്നു നീക്കി. ഇസ്മായില്‍ പക്ഷ നേതാവ് ജി കൃഷ്ണപ്രസാദിനെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. കൃഷ്ണപ്രസാദ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മാവേലിക്കര മണ്ഡലം സിപിഐ മുന്‍ സെക്രട്ടറി എസ് സോളമനാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറി. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശനെ നിലനിര്‍ത്തി.

വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിച്ച കേസില്‍ എഎസ്ഐ ടി ജി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഊട്ടിയില്‍ തെളിവെടുപ്പിനു കൊണ്ടുപോയ പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ടി ജി ബാബു ഒളിവിലാണ്.

തൃക്കാക്കരയില്‍ ബലാത്സംഗ പരാതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് അവകാശപ്പെടുന്ന പ്രതിയായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നത്. തെളിവില്ലാത്തതിനാല്‍ മറ്റു പല രീതിയിലും കുടുക്കാന്‍ ശ്രമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് സുനുവിന്റെ ഓഡിയോ പ്രചരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുധിലാലിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, പ്രതികളെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മൂന്ന് കേസുകളുടെ അന്വേഷണത്തില്‍ ഇയാള്‍ പ്രതികളില്‍നിന്ന് പണം വാങ്ങി അവര്‍ക്ക് അനുകൂലമായ സഹായങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. കായംകുളം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെന്‍ഡു ചെയ്തത്.

കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്തെന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

തകരാറിലായ യന്ത്രങ്ങളും ഉപകരണങ്ങളും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ലാബിലും ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രോഗനിയന്ത്രണത്തിനായി നടത്തുന്ന പരിശോധനകള്‍ ക്യത്യമല്ലെങ്കില്‍ ജീവന് തന്നെ അപകടമാകുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

കരാറുകാരനില്‍നിന്നു കൈക്കൂലി വാങ്ങവേ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറാണ് പിടിയിലായത്. 15 ലക്ഷം രൂപയുടെ ജലനിധി പദ്ധതി ലഭിക്കാന്‍ കോഴയായി ആവശ്യപ്പെട്ട 75,000 രൂപയില്‍ അയ്യായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഇയാളുടെ കൈയ്യില്‍നിന്ന് കണക്കില്‍പ്പെടാത്ത 25000 രൂപയും പിടിച്ചെടുത്തു. കരാറുകാരന്‍ കോട്ടയം സ്വദേശിയ പീറ്റര്‍ സിറിയകിന്റെ പരാതിയിലാണു നടപടി.

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസില്‍ നാലു പ്രതികളേയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെയാണ് എറണാകുളം എ സി ജെ എം കോടതി അടുത്തമാസം മൂന്നു വരെ റിമാന്‍ഡ് ചെയ്തത്.

ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നു ബന്ധുക്കള്‍ക്കു കൈമാറും. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായതിനാലാണ് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുകൊടുക്കുന്നത്. കൊല്ലപ്പെട്ട റോസിലിന്റേയും പദ്മയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കൈമാറുന്നത്.

ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ കാറിടിച്ചു മരിച്ചു. പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ നിവേദിത (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.

തൃപ്പൂണിത്തുറയില്‍ ബൈക്കിടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരി ബസ് കയറി മരിച്ച കേസില്‍ ബൈക്ക് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഉദയംപേരൂര്‍ സ്വദേശിയായ കാവ്യയാണ് മരിച്ചത്. അപകടശേഷം വിഷ്ണു വാഹനം നിര്‍ത്താതെ പോയിരുന്നു. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു വര്‍ഷം മുമ്പ് വിഷ്ണുവിന്റെ ബൈക്കിടിച്ച് ഒരു സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചിരുന്നു.

വയനാട് മീനങ്ങാടിയില്‍ വിദ്യാര്‍ഥി കിണറ്റില്‍ മരിച്ച നിലയില്‍. വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. മാര്‍ക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി കീരിത്തോട് കിഴക്കേപാത്തിക്കല്‍ അനന്ദു ഹരിയെയാണ് പിടികൂടിയത്.

കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറി(38) നെയാണ് കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടത്.

ജനാധിപത്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ലോകസമാധാനത്തിന്റെയും മുഖ്യ ശത്രു ഭീകരവാദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ ഫണ്ടിംഗ്, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയിലെ പുതിയ പ്രവണതകള്‍ ചര്‍ച്ചയായ തീവ്രവാദ വിരുദ്ധ ധനസഹായ കോണ്‍ക്ലേവിലാണ് അമിത് ഷായുടെ പ്രസംഗം.

ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ തട്ടിയെടുത്ത ‘തട്ടിപ്പുകാരി’യെ കര്‍ണാടക പോലീസ് തെരയുന്നു. വിജയപുരയില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ 40 ലക്ഷം രൂപ തട്ടിയെടുത്തത്. ബഗലൂര്‍ വില്ലേജില്‍ താമസിക്കുന്ന പരമേശ്വര്‍ ഹിപ്പാര്‍ഗിയാണ് കെ.ആര്‍ മഞ്ജുള എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെ പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസില്‍. മൃതദേഹത്തിന്റെ തോളില്‍ വെടിയേറ്റ മുറിവുണ്ട്. ഒരു വലിയ സ്യൂട്ട്‌കേസില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണു യമുന എക്‌സ്പ്രസ് വേയില്‍ മൃതദേഹം കണ്ടെത്തിയത്.

ചില ദീര്‍ഘദൂര അന്താരാഷ്ട്ര വിമാനങ്ങളില്‍ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. അടുത്ത മാസത്തോടെ ഇത് നടപ്പാക്കുമെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

ജെറ്റ് എയര്‍വേയ്‌സിലെ 10 ശതമാനം ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയ്ക്കു വിടുന്നു. ചെലവു ചുരുക്കാന്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. മിഡ്-സീനിയര്‍ ലെവല്‍ ജീവനക്കാരോട് 50 ശതമാനം വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചു. ജീവനക്കാരില്‍ നാലു ശതമാനം പേരെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണു കമ്പനി.

യുക്രൈനിന് അഞ്ചു കോടി പൗണ്ടിന്റെ പ്രതിരോധ സഹായം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം.

ന്യൂസിലാണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്ന്. ബേ ഓവലില്‍ നടക്കുന്ന മത്സരത്തിനും പ്രതികൂല കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴമൂലം ആദ്യ ട്വന്റി20 ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്സിയുടെ ഈ സീസണിലെ അപരാജിത കുതിപ്പിന് തടയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടി. ഈ ജയത്തോടെ ഏഴ് കളികളില്‍ നിന്ന് 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. 16 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഫിഫ വേള്‍ഡ് കപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എക്സ്‌ക്ലൂസീവ് ഡാറ്റ പാക്കുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആര്‍) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം. ഐആര്‍ പായ്ക്കുകള്‍ ഡാറ്റ-ഒണ്‍ലി പാക്കുകളായി അല്ലെങ്കില്‍ ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ജിയോ പാക്കുകള്‍ സ്വന്തമാക്കാം.

ബാങ്ക് ഒഫ് ബറോഡയുടെ കാര്‍ഷികവായ്പാ പദ്ധതിയായ ‘ബറോഡ കിസാന്‍ പഖ്വാഡ’യുടെ അഞ്ചാം എഡിഷന് തുടക്കമായി. നവംബര്‍ 30 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം കുറഞ്ഞ പലിശയില്‍, ലളിതവ്യവസ്ഥയില്‍ കേരളത്തില്‍ 20-25 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രകാരം കുറഞ്ഞ വായ്പകള്‍ക്ക് ഈടുനല്‍കുന്നതിനും ഇളവുകളുണ്ടാകും. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ നവംബര്‍ 25ന് കാര്‍ഷിക മേളയും സംഘടിപ്പിക്കും. കേരളത്തില്‍ ബാങ്ക് ഒഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. ലോക്കര്‍ സൗകര്യം ഒഴികെ മറ്റ് സേവനങ്ങള്‍ ഇവിടെ ലഭിക്കും.

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ‘സാറ്റര്‍ഡേ നൈറ്റ്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പുതുതലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ആഘോഷ ചിത്രമാണിത്. ‘വി ആര്‍ ഓള്‍ ബബിള്‍സ്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അബ്രു മനോജ് ആണ്. ജേക്സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്. സ്റ്റാന്‍ലി എന്ന കഥാപാത്രമായി നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 3.27 കോടി ആയിരുന്നു.

നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയിലെ വ്യത്യസ്തമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു സമീപകാലത്ത് എത്തിയ പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ ചിത്രം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘പാഞ്ഞ്, പാഞ്ഞ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സി ജെ കുട്ടപ്പന്‍, വേടന്‍, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അടുത്തിടെ അവതരിപ്പിച്ച മൂന്നാംതലമുറ ആള്‍ട്ടോ കെ10 ബജറ്റ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റ് മാരുതി സുസുക്കി പുറത്തിറക്കി. പുതിയ അള്‍ട്ടോ കെ10 എസ് -സിഎന്‍ജി ഒരൊറ്റ വിഎക്‌സ്‌ഐ വേരിയന്റില്‍ ലഭ്യമാണ്. 5,94,500 രൂപയാണ് സിഎന്‍ജി പതിപ്പിന്റെ ദില്ലി എക്‌സ്-ഷോറൂം വില. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് എന്ന ഓപ്ഷനിലൂടെ, മാരുതി സുസുക്കി ആള്‍ട്ടോ കെ10 ന്റെ മൊത്തത്തിലുള്ള മൈലേജ് കൂടുതല്‍ ഗണ്യമായി കുതിച്ചുയര്‍ന്നു. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 33.85 കിലോമീറ്ററാണ് ആള്‍ട്ടോ കെ10 സിഎന്‍ജിക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. ഇതോടെ 13 സിഎന്‍ജി കാറുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിഎന്‍ജി കാറുകളുടെ നിര്‍മ്മാതാക്കളായി മാരുതി മാറുന്നു.

പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളില്‍ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളില്‍ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍പുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പന്‍, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു മരിച്ചവന്‍ തുടങ്ങിയ കഥകളിലൂടെ ജീവനൊമ്പരങ്ങളാല്‍ നെയ്‌തെടുത്ത കഥാസമാഹാരം. ‘പുഴ മറന്ന കഥ’. ഉല്ലാസ് കോയിപ്പുറത്ത്. ഗ്രീന്‍ ബുക്സ്. വില 95 രൂപ.

ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് സ്‌ട്രെസ് ഹോര്‍മോണിന്റെ അളവും 75ശതമാനത്തോളം കൂടുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന ഉപ്പിന്റെ അളവ് ആറ് ഗ്രാം വരെയാണ്. എന്നാല്‍ പൊതുവെ ആളുകള്‍ ഒന്‍പത് ഗ്രാം ഉപ്പ് വരെ ഒരു ദിവവസം കഴിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഉപ്പ് അമിതമായാല്‍ സമ്മര്‍ദ്ദം കൂടുമെന്ന് കണ്ടെത്തിയത്. അമിതമായി ഉപ്പ് കഴിക്കുന്നത് തലച്ചോറില്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനം കൂടാന്‍ ഇടയാക്കും. ഇതാണ് സമ്മര്‍ദ്ദത്തോട് ശരീരം എങ്ങനെ പ്രതികരിക്കണമെന്ന് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ സമീക്രിത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതിനുപുറമേ ഉപ്പിന്റെ ഉപയോഗം ഉത്കണ്ഠ, ആക്രമണ സ്വഭാവം തുടങ്ങിയ സ്വഭാവത്തിലെ മാറ്റങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ ഗ്രാമത്തിലെത്തിയ സന്യാസിയുടെ അത്ഭുതങ്ങളെക്കുറിച്ച് ആളുകള്‍ പല കാര്യങ്ങളും പറഞ്ഞു. അങ്ങനെ അയാളും സന്യാസിയെ കാണാന്‍ തീരുമാനിച്ചു. ദാരിദ്ര്യത്തില്‍നിന്ന് കരകേറാന്‍ അദ്ദേഹം ഒരു വഴി കാണിച്ചുതരുമെന്ന വിശ്വാസത്തില്‍ അയാള്‍ ആശ്രമത്തിലെത്തി. ഏറെ നേരം കാത്തിരുന്നു സന്യാസിയെ കണ്ടു തന്റെ അവസ്ഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. സന്യാസി അയാള്‍ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു. ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയിലെ നദീ തീരത്ത് ഒരു കല്ല് ഉണ്ട്. ആ കല്ല് ഏതൊരു വസ്തുവില്‍ തട്ടിയാലും ആ വസ്തു സ്വര്‍ണ്ണമായി മാറും. നദീ തീരത്ത് ധാരാളം കല്ലുകള്‍ ഉണ്ട്. അതില്‍ നിന്ന് തനിക്കാവശ്യമുളള കല്ല് എങ്ങിനെ കണ്ടെത്തും എന്ന് അയാള്‍ സന്യാസിയോട് ചോദിച്ചു. സന്യാസി പറഞ്ഞു: നദീതീരത്തെ മറ്റു കല്ലുകളെ അപേക്ഷിച്ച് ആ കല്ല് നല്ല ചൂട് ഉണ്ടായിരിക്കും. അയാള്‍ പിറ്റേന്ന് തന്നെ നദീ തീരത്ത് എത്തി. തീരത്തിരുന്ന് ഓരോ കല്ലും പരിശോധിച്ച് അല്ലെന്നുറപ്പുവരുത്തി, പുഴയിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി. താന്‍ ചെയ്യുന്ന പ്രവൃത്തി അദ്ദേഹം യാന്ത്രികമായി ചെയ്തുപോന്നു. കല്ലെടുക്കുക, പുഴയിലേക്കെറിയുക… അങ്ങിനെ അവസാനം അയാള്‍ അന്വേഷിച്ച കല്ല് കയ്യില്‍ വന്നെങ്കിലും പുഴയിലേക്ക് കല്ലെറിയുക എന്ന പ്രവൃത്തിയില്‍ ശ്രദ്ധിച്ചിരുന്ന അയാള്‍ ആ കല്ലും പുഴയിലേക്ക് എറിഞ്ഞു. കല്ല് പുഴയിലേക്ക് വീണതിന് ശേഷമാണ് ഇത്രയും നാള്‍ താന്‍ അന്വേഷിച്ച കല്ലാണ് അതെന്ന തിരിച്ചറിവ് അയാള്‍ക്ക് ഉണ്ടായത് ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അതില്‍ മനസ്സ് കൂടി അതറിയണം. പ്രവൃത്തി യാന്ത്രികമാകുമ്പോള്‍ അതിന്റെ ഫലവും മൂല്യവും ഇല്ലാതാകുന്നു. ഏതൊരു പ്രവൃത്തിയില്‍ ആയാലും സന്ദര്‍ഭങ്ങളിലായാലും പൂര്‍ണ്ണശ്രദ്ധ പുലര്‍ത്തുക. അല്ലെങ്കില്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാവുന്ന അവസരങ്ങളെ നന്നായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കാതെ വരും. അവസരങ്ങള്‍ എപ്പോഴും നമ്മെ തേടി എത്തിയെന്ന് വരില്ല – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *