middaynews 2

പ്രിയ വര്‍ഗീസിനു യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിലെ റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ടീച്ചിംഗ് എക്‌സ്പീരിയന്‍സ് ആകില്ലെന്ന പരാമര്‍ശം വളരെയധികം അധ്യാപകരെ ബാധിക്കുമെന്നു കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. നിയമന വിവാദത്തില്‍ യോഗ്യത സംബന്ധിച്ച് യുജിസിയോടു വ്യക്തത തേടിയിരുന്നു.  എന്നാല്‍ മറുപടി ലഭിച്ചില്ല. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിരുന്നു. റാങ്ക് ലിസ്റ്റിലുള്ള മൂന്നു പേരുടെ യോഗ്യത വീണ്ടും പരിശോധിക്കും. വിസി പറഞ്ഞു. സിന്‍ഡിക്കറ്റ് 30 നു ചേരും.

മദ്യവില വര്‍ധിപ്പിക്കും. വില കൂട്ടാതെ മദ്യം ഇറക്കില്ലെന്ന നിലപാടിലാണ് ഡിസ്റ്റിലറികള്‍. മൂന്നാഴ്ചയായി തുടരുന്ന മദ്യക്ഷാമം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വരുമാനം കുറയും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നൂറു കോടി രൂപയുടെ വരുമാനം കുറഞ്ഞെന്ന് ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കി. 13 ശതമാനം ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കണമെന്നും മദ്യക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്‌സ് ഒഴിവാക്കിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന 170 കോടി രൂപയുടെ നഷ്ടം വില്‍പന നികുതി വര്‍ദ്ധിപ്പിച്ച് നികത്തേണ്ടി വരും. ഇങ്ങനെ രണ്ടുതരത്തിലാണ് മദ്യവില കൂട്ടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ഗവര്‍ണര്‍ക്കെതിരായ സമര പ്രചാരണങ്ങളും കോടതി വിധിയും ചര്‍ച്ചയാകും.

നിരോധിത പുകയില ഉല്‍പ്പന്നം കൈവശംവച്ചതിനു വിനോദസഞ്ചാരിയില്‍നിന്നു കൈക്കൂലി വാങ്ങിയ അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സിഐ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പിഴയെന്ന വ്യാജേന 21,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.

ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച നീലിമല പാതയില്‍ യാത്ര ദുരിതമാണ്. മാലിന്യ പ്രശ്‌നം പരിഹരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനത്തട്ടിപ്പു കത്തു കേസ് മുഖ്യമന്ത്രി അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കത്ത് നശിപ്പിച്ചവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസെടുത്തിട്ടില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ മൊഴി ഫോണിലൂടെ എടുത്തത് വിചിത്രമാണ്. ആനാവൂര്‍ നാഗപ്പന്‍ സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞതിന്റെ നഷ്ടം കരാറുകാരനില്‍നിന്ന് ഈടാക്കും. കനത്ത മഴയും നിര്‍മ്മാണത്തിലെ അപാകതയുമാണ് ഇടിയാന്‍ കാരണമെന്നു ദുരന്ത നിവാരണ അതോറിട്ടി ശാസ്ത്ര സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും ഇടിയാതിരിക്കാന്‍ കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന്‍ ജയസൂര്യക്ക് സമന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബര്‍ 29 ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോലിക്കു ഹാജരാകാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്‌കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളി കെവി പ്രതിഭയെയാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. വിദേശമദ്യ തൊഴിലാളി യൂണിയന്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ് പ്രതിഭ.

കുന്നംകുളം ചെമ്മണ്ണൂരിലെ വീട്ടുമുറ്റത്തുനിന്നു വീട്ടമ്മയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സഹപാഠിയെ പോലീസ് തെരയുന്നു. അന്തിക്കാട് സ്വദേശി ആരോമലിനെതിരേയാണ് കേസ്. കാര്‍ തരപ്പെടുത്തിക്കൊടുത്ത വാഹനത്തട്ടിപ്പു കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ചില്‍നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്പി പി.പി. സദാനന്ദനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി.

യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഒരു അപ്പകഷണത്തിനുവേണ്ടി ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മിലുള്ള പോരാണെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് കെ.കെ രാഗേഷിനെ പാര്‍ട്ടി പുറത്താക്കിയാലോ തങ്ങള്‍ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. നിയമനമോ നിയമന ഉത്തരവോ ഇല്ലാത്ത റാങ്ക് ലിസ്റ്റിനെച്ചൊല്ലിയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

അട്ടപ്പാടി മധുകൊലക്കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസോ ചെലവോ അനുവദിക്കാതെ സര്‍ക്കാര്‍. 122 സാക്ഷികളുള്ള കേസില്‍ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. സര്‍ക്കാര്‍ അനുവദിച്ച ഫീസായ 240 രൂപ നിരക്കില്‍ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനു കത്ത് എഴുതിയെങ്കിലും മറുപടിപോലുമില്ലെന്നു പ്രോസിക്യൂട്ടറുടെ ഓഫീസ്.

അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡിലായിരുന്നു അപകടം.

ഇതാദ്യമായി രാജ്യത്തു സ്വകാര്യാവശ്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന വിക്രം എസ് എന്ന റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ചെന്നൈയിലെ സ്‌പേസ് കിഡ്‌സ്, ആന്ധ്രയിലെ എന്‍ സ്‌പേസ്‌ടെക്, അര്‍മേനിയയിലെ ബസുംക്യു സ്‌പേസ് റിസേര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രങ്ങളാണു വിക്ഷേപിച്ചത്.

വി.ഡി സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തീവ്രവാദത്തിന് മാപ്പില്ലെന്നും തീവ്രവാദത്തിന്റെ വേരറുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ തീവ്രവാദ ഫണ്ടിംഗിനെതിരായ അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ പത്തു കുട്ടികളടക്കം 21 പേര്‍ മരിച്ചു. ബലിയ അഭയാര്‍ഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍നിന്നു പാചക വാതകം ചോര്‍ന്നാണ് തീപിടിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ അന്ത്യശാസനം തള്ളി ട്വിറ്ററില്‍നിന്ന് കൂട്ടരാജി. എന്‍ജിനിയര്‍മാര്‍ ഉള്‍പെടെ നൂറുകണക്കിനു ജീവനക്കാര്‍ രാജിവച്ചതോടെ ട്വിറ്ററിന്റെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി രഹസ്യങ്ങള്‍ പറത്തുവിടരുതെന്ന് രാജിവച്ച ജീവനക്കാര്‍ക്ക് അന്ത്യശാനം നല്‍കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *