തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനകം വേതനം നല്‍കണം. പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0. 05 ശതമാനം വീതം ദിവസേനെ തൊഴിലാളിക്കു നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പു ജീവനക്കാരനായ പ്രദീപിനെ മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരേ വധശ്രമക്കേസ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് വായില്‍നിന്നു ചോരയൊലിപ്പിച്ച നിലയില്‍ പ്രദീപ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. ആശുപത്രിയിലേക്കു പറഞ്ഞയച്ച പൊലീസ് കേസെടുത്തില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി സ്റ്റേഷനിലെത്തിയിട്ടും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കിയിട്ടും കേസെടുത്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് കേസെടുത്തത്.
ബലാത്സംഗ കേസില്‍ പൊലീസുകാരനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ സാബു പണിക്കരെയാണ് അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നഗ്‌ന വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു പരാതി.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ മര്‍ദ്ദിച്ചെന്ന കേസിലെ പ്രതികളായ അഭിഭാഷകര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍. എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നല്‍കുന്നതു തടയാനുള്ള കള്ളക്കേസാണെന്നാണ് വാദം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനനയത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഫേസ് ബുക്ക് പോസ്റ്റാണ് വിവാദമായത്. കേന്ദ്രനയമാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ എംപി. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷനായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തെരഞ്ഞെടുത്തു.
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കുലുക്കല്ലൂര്‍ ഏരിയ സെക്രട്ടറി സെയ്താലി, റഷീദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിക്കാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ 37 പേര്‍ അറസ്റ്റിലായി.
പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തങ്ങളെ അറസ്റ്റു ചെയ്തത് ഗ്രീഷ്മയെ സമ്മര്‍ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതി ഭര്‍തൃഗ്രഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റിലായി. പന്തളം പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ജീവനൊടുക്കിയ കേസില്‍ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരിക്കുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ച് പിണങ്ങിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നു പോലീസ്.
പ്രണയത്തിനെതിരെ ക്ലാസെടുത്ത മദ്രസാ അധ്യാപകനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍, മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മലപ്പുറം തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്‌മാനാണ് മര്‍ദനമേറ്റത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ദേശീയ സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും തൃശൂരില്‍. കിലയില്‍ രാവിലെ 9.30 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച മൂന്നിന് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദു, കെ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള ചരക്കു കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. ഇക്വറ്റോറിയല്‍ ഗിനിയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ യുദ്ധകപ്പലില്‍നിന്ന് തിരിച്ച് ചരക്കു കപ്പലിലേക്ക് തന്നെ മാറ്റി. കപ്പല്‍ അടക്കം ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകും.
രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്. ഇത്രയും ഗുരുതരമായ കേസില്‍ ശിക്ഷാ കാലയളവിലെ നല്ലനടപ്പ് പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക് സിംഗ്വി ചോദിച്ചു. മറ്റു് കേസുകളിലും ഇതു മാനദണ്ഡമാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തിന്റെ ശബ്ദമാണ് സുപ്രീംകോടതി വിധിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വിധി ജനാധിപത്യത്തിനു വില നല്‍കാത്തവര്‍ക്കുള്ള പ്രഹരമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ശുപാര്‍ശ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ക്കുള്ള സന്ദേശംകൂടിയാണു സുപ്രീംകോടതി വിധിയെന്നും സ്റ്റാലിന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ പണവും മദ്യവും പിടിച്ചെടുത്തു. ഗുജറാത്തില്‍നിന്ന് 71.88 കോടി രൂപയും ഹിമാചലില്‍നിന്ന് 50.28 കോടി രൂപയുമാണു പിടിച്ചെടുത്തത്.
ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍-2 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അയ്യായിരം കോടി രൂപ ചെലവിട്ടാണ് പരിസ്ഥിതി സൗഹൃദ ടെര്‍മിനല്‍ നിര്‍മ്മിച്ചത്. കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. വിജയനഗര സാമ്രാജ്യാധിപനായിരുന്ന കെംപഗൗഡ 600 വര്‍ഷം മുമ്പാണ് ബെംഗളൂരു നഗരം സ്ഥാപിച്ചത്.
ഡിജിറ്റല്‍ പേയ്മെന്റില്‍ ഇന്ത്യക്കു മുന്നേറ്റമൊരുക്കിയത് ബെംഗളൂരുവിലെ പ്രഫഷണലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റത്തെ ലോകം അഭിനന്ദിക്കുകയാണ്. രാജ്യത്തിന്റെ വിദൂരസ്വപ്നം യാഥാര്‍ഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്ന് മോദി പറഞ്ഞു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍-2 ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡരികില്‍ തടിച്ചുകൂടി കാത്തുനിന്ന ജനത്തെ കാറില്‍നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവില്‍ നിയമസഭാ മന്ദിരമായ വിധാന്‍ സൗധയ്ക്കു സമീപമുള്ള ജംഗ്ഷനിലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങിയത്. മോദി, മോദി എന്ന് ആര്‍പ്പുവിളിച്ച ജനക്കൂട്ടത്തിനുനേരെ ഇരുകൈകളും ഉയര്‍ത്തി വീശി അഭിവാദ്യം ചെയ്തു.
വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം മുദ്ര ചെയ്ത ഉത്തരവിന്റെ കാലാവധി സുപ്രീം കോടതി നീട്ടി. സുരക്ഷ തുടരണം. കുളത്തില്‍ ശിവലിംഗത്തിനു സമാനമായ വസ്തു കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ കോടതിയില്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണു വിഷയം പരിഗണിച്ചത്. വാരാണസി സിവില്‍ കോടതിയിലുള്ള അനുബന്ധ കേസുകള്‍ ഒന്നിച്ചാക്കുന്ന കാര്യം ജില്ലാ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലിയുടെ അഞ്ചു മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങള്‍ നിയമ വിരുദ്ധമെന്ന് ആരോപിച്ച് മലയാളിയായ ഡോ. കെ.വി ബാബു നല്‍കിയ പരാതിയിലാണു നടപടി. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയ്ക്കാണു വിലക്ക്.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയായിരുന്നു. കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആമസോണിലും പിരിച്ചുവിടല്‍ ഭീഷണി. ചെലവു ചുരുക്കാന്‍ ലാഭകരമല്ലാത്ത ബിസിനസ് യൂണിറ്റുകള്‍ അടച്ചുപൂട്ടും. ആമസോണ്‍ ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസി ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചെന്നാണു റിപ്പോര്‍ട്ട്.