പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍. ഇന്നലെ 89 ദുരന്തബാധിതരുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. ഏഴ് സെന്റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാം, താല്‍പര്യമില്ലാത്തവര്‍ക്ക് പതിനഞ്ച് ലക്ഷം ഇത് അടക്കമുള്ള സര്‍ക്കാര്‍ പാക്കേജിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതര്‍.
സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞുവെന്നും കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതോടെ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫ് എംപിമാര്‍ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പോയാണ് സമരം ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഫാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ മഅ്ദിന്‍ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുല്‍ നാസറിനെ ഇന്ന് സ്‌കൂളിലെത്തിച്ച് തെളിവെടുക്കും. അതിനിടെ എസ്എസ്എല്‍സി പരീക്ഷക്ക് ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വാഗ്ദാനവുമായി എം.എസ് സോല്യൂഷന്‍സ് വീണ്ടും ഓണ്‍ലൈനില്‍ സജീവമായതായും റിപ്പോര്‍ട്ടുകള്‍.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
കന്നട നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ബംഗളുരുവില്‍ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തരുണ്‍ രാജു എന്നയാള്‍ അറസ്റ്റിലായി. എന്നാല്‍ ഇയാളുടെ കൃത്യമായ പശ്ചാത്തലം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം നടി രന്യ റാവുവിന്റെ രണ്ടാനച്ഛനായ കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണം ഉത്തരവിട്ടു. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.
മുംബൈയിലും സമീപ ജില്ലകളിലും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന താപനിലയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാര്‍ ജലാംശം നിലനിര്‍ത്താനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.