yt cover 57

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു. സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെതിരേ കോടതി നിര്‍ദേശപ്രകാരം എടുത്ത കേസ് പോലീസ് തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കി തള്ളിയിരുന്നു.

വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്നു മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വാഹനാപകട കേസുകളുടെ എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ അപകട റിപ്പോര്‍ട്ട് 48 മണിക്കൂറിനകം നഷ്ടപരിഹാര ട്രിബ്യൂണലിനു കൈമാറണം. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനുകളില്‍ വേണമെന്നും സുപ്രീം കോടതി.

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായാണ് ഭൂമി ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിനുപുറമേ 307 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കമുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിന്‍വലിച്ചു. ലീവ് ഏപ്രില്‍ മാസത്തില്‍ സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാം. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലീവ് സറണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്. മുന്‍വര്‍ഷങ്ങളിലെ ലീവ് സറണ്ടര്‍ തുക പിഎഫില്‍ ലയിപ്പിക്കും. നാലു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാം.

ഭരതനാട്യം, കുച്ചുപ്പുടി, കഥക്ക്, വീണ, ഫ്ളൂട്ട്, ഗിത്താര്‍ എന്നിവയടക്കം 18 ഇനങ്ങളെ ദേശീയ യുവജനോത്സവത്തില്‍ നിന്ന് വെട്ടിക്കുറച്ചു. കേന്ദ്ര നിലപാടില്‍ കേരളം പ്രതിഷേധം അമറിയിച്ചു. മത്സര ഇനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനകാര്യ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് താക്കൂറിനു കത്തയച്ചു.

പുതുവല്‍സരാഘോഷത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി. കോവളം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം രാത്രി ആഘോഷ പരിപാടികള്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബുധനാഴ്ച കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോയെന്ന് അദ്ദേഹം ചോദിച്ചു.

സജി ചെറിയാനെതിരായ പോലീസ് അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണ്. സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണ്. തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയത്. സതീശന്‍ കുറ്റപ്പെടുത്തി.

മന്ത്രിയാക്കിയാലും സജി ചെറിയാനെതിരായ കേസുമായി മുന്നോട്ടെന്ന് പരാതിക്കാരന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ ബൈജു നായര്‍ പറഞ്ഞു.

കേരളത്തിലേക്ക് അതിക്രമിച്ചു കയറി പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കര്‍ണാടകയുടെ നടപടിയില്‍ സംസ്ഥാനത്തെ സ്പെഷല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടറുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കര്‍ണാടക തങ്ങളുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് സിപിഎം നേതാവ് ഡി ആര്‍ അനില്‍ രാജിവച്ചു. കരാര്‍ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആര്‍ അനിലിനിലിന്റെയും ലെറ്റര്‍ പാഡിലുള്ള കത്തിന്റെ ഉത്തരവാദിത്വം ഏറ്റാണ് ഡി ആര്‍ അനില്‍ രാജിവച്ചത്. പ്രതിപക്ഷവുമായുള്ള ഒത്തുതീര്‍പ്പനുസരിച്ചാണ് രാജി.

നിയമനകത്ത് വിവാദത്തില്‍ തിരുവനനന്തപുരം മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്കു കൈമാറിയിട്ടുണ്ട്. ഡി ആര്‍ അനിലിന്റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്കു നല്‍കി. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആര്‍ അനില്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.

കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പീഡനത്തിനു തെളിവില്ലെന്നു മാത്രമല്ല, മാനസിക അസ്വാസ്ഥ്യമുള്ള യുവതി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണു പറയുന്നതെന്നും പോലീസ്. യുവതിയെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈക്കു കൊണ്ടുപോയി.

അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തില്‍ ശ്രീനാരായണ ഗുരു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങളെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് ആന്തൂര്‍ നരബലിയില്‍ കാണാം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണ്. പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍, ഇടനിലക്കാരന്‍ അഭിലാഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി.പി ഹരീന്ദ്രനെതിരെ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ഷുക്കൂര്‍ കേസില്‍ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി ഇടപെട്ടതിനാലാണെന്നാണ് ഹരീന്ദ്രന്‍ ആരോപിച്ചത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ സഹപാഠിയാണെന്നും ചില ജീവികളേപ്പോലെ നിറം മാറാന്‍ മിടുക്കള്ളയാളാണെന്നും ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍. അലിഗഡ് യൂണിവേഴ്സിറ്റിയില്‍ സഹപാഠിയാണ്. അടിയന്തരാവസ്ഥക്കാലത്ത് താനടക്കമുള്ളവര്‍ അറസ്റ്റിലായപ്പോള്‍ ആരിഫ് മാത്രം തടിയൂരിയെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി. നങ്ങ്യാര്‍കുളങ്ങര കോട്ടയ്ക്കകം കറുകത്തറയില്‍ ജാന്‍സനാണ് 120 അടി ഉയരമുള്ള മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

വാകേരിയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു. എസ്റ്റേറ്റിനുള്ളിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആറു വയസുള്ള പെണ്‍കടുവയുടെ വലതു കാലിന് പരിക്കേറ്റിരുന്നു.

പുതുവത്സരാഘോഷങ്ങള്‍ക്ക് കോവളം തീരം ഒരുങ്ങി. അര്‍ധരാത്രിയോടെ മാനത്ത് പൂത്തിരികള്‍ വിരിയിക്കുന്ന വെടിക്കെട്ടും ഉണ്ടാകും. രാത്രി പന്ത്രണ്ടരയോടെ എല്ലാവരും തീരം വിടണമെന്നാണ് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം.

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ഗുലാം നബി ആസാദ് മടങ്ങിവരുമെന്നത് അഭ്യൂഹം മാത്രമാണെന്ന് എഐസിസിയും ഗുലാം നബി ആസാദും. അതേസമയം പ്രതിപക്ഷ ഐക്യത്തിന്റെ പേരില്‍ ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് എഐസിസി വ്യക്തമാക്കി.

എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. നാളെ മുതല്‍ വാഹന, ആരോഗ്യ, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കെല്ലാം പുതിയ നിബന്ധന ബാധകമാകും.

തമിഴ്‌നാട് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും മുന്‍ എംപിയുമായ ഡോ. ഡി. മസ്താന്റെ (66) മരണം കൊലപാതകമെന്ന് പൊലീസ്. കടമായി നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലക്കു കാരണം. ബന്ധുവായ കാര്‍ ഡ്രൈവര്‍ ഇമ്രാന്‍ അടക്കം നാലു പേര്‍ അറസ്റ്റിലായി. മസ്താന്റെ മകന്‍ ഷാനവാസ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ ബിജെപി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണം. ബദല്‍ ആശയങ്ങള്‍ ഉണ്ടാകണം. ജോഡോ യാത്രയ്ക്കു പ്രതീക്ഷിച്ചതിനേക്കാള്‍ സ്വീകാര്യത ലഭിച്ചു. എത്ര പണം ഉണ്ടായാലും സത്യത്തെ മറയ്ക്കാനാവില്ല. ഭാരതത്തെ ഒന്നിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാം. അഖിലേഷ് യാദവും മായാവതിയും പങ്കെടുക്കുമെന്നാണു പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.

കേരളത്തിന്റെ രാജ്യാന്തര അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ ഷൈജുവാണ് വരന്‍. നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. പാലക്കാടായിരുന്നു വിവാഹം.

സംസ്ഥാനത്ത് വര്‍ഷാന്ത്യത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപ വര്‍ധിച്ച് ഒരു പവന് 40,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 5060 രൂപയായി. ഇന്നലെ പവന് 40280 രൂപയും ഗ്രാമിന് 5035 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പന 20 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2022ന് ശേഷം ആഗോളതലത്തിലും ഇന്ത്യയിലും ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പന 50 ശതമാനത്തിലധികം വര്‍ധിച്ചു. ‘ഗ്ലോബല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റ് പ്രഡിക്ഷന്‍, ക്യു3 2022’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2023 ല്‍ ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പന 52 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമെന്നും 2.27 കോടി ഫോള്‍ഡബിള്‍ ഫോണുകള്‍ ആഗോളതലത്തില്‍ വില്‍ക്കുമെന്നും പ്രവചിക്കുന്നു. അടുത്ത വര്‍ഷവും സാംസങ് ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ മുന്നില്‍ തുടരുമെങ്കിലും ചൈന ആസ്ഥാനമായുള്ള ബ്രാന്‍ഡുകളായ ഓണര്‍, മോട്ടറോള, ഷഓമി, വാവെയ്, ഓപ്പോ, വിവോ എന്നിവ അടുത്ത വര്‍ഷം ഈ വിഭാഗത്തില്‍ മത്സരം വര്‍ധിപ്പിക്കുന്നതിനും വില കുറയുന്നതിനും കാരണമാകുമെന്ന് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രം ‘പത്ത് തല’ മാര്‍ച്ച് 30ന് തന്നെ റിലീസ് ചെയ്യും. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‌മാനാണ്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.

രാഹുല്‍ മാധവ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘അഭ്യൂഹം’. നവാഗതനായ അഖില്‍ ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സംവിധായകന്‍ അഖില്‍ ശ്രീനിവാസ് തന്നെ കഥയുമെഴുതുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുലിനും അജ്മലിനും കോട്ടയം നസീറിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ആനന്ദ് രാധാകൃഷ്ണന്‍, നൗഫല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം സംവിധാനം ജുബൈര്‍ മുഹമ്മദ്.

ടൊയോട്ട ഫോര്‍ച്യൂണറിനെതിരെ സ്ഥാനം പിടിക്കുന്ന നിസാന്‍ എക്സ്-ട്രെയില്‍ 2023 മധ്യത്തോടെ ഷോറൂമുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. റെനോ-നിസാന്റെ ഇങഎഇ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ മോഡലായിരിക്കും ഇത്. ലോ-വോളിയം കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് മോഡല്‍ ഇവിടെ കൊണ്ടുവരുന്നത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2022 ഒക്ടോബറില്‍ കഷ്‌കായ്, എക്‌സ്-ട്രെയില്‍, ജൂക്ക് എസ്യുവികള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ നിസാന്‍ ഇ-പവര്‍ ഹൈബ്രിഡ് കാറായിരിക്കും പുതിയ എക്സ്-ട്രെയില്‍. ആഗോളതലത്തില്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 എല്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 1.5 എല്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും എസ്യുവിയില്‍ ലഭ്യമാണ്.

ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒറ്റയിരുപ്പിന് വായിക്കാന്‍ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓര്‍മ്മകളും അതിനെ പകര്‍ത്താന്‍ ശക്തിയുള്ള നര്‍മ്മവും പ്രസാദാത്മകതയും അല്‍പ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരല്‍ത്തുമ്പുകള്‍ പോലും തൊടാന്‍ വിഷമം. ഈ വലിയ ഉള്‍ക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്റെ കരുത്ത്. ‘ഹൃദയമര്‍മ്മരങ്ങള്‍’. ഗീത ജോഷി. ഗ്രീന്‍ ബുക്സ്. വില 370 രൂപ.

കറിവേപ്പില പതിവായി കഴിക്കുന്നത് പ്രമേഹവും അനുബന്ധ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് കറിവേപ്പില ഫലപ്രദമാണ്. കൂടാതെ, അവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഹെല്‍ത്ത്‌ലൈന്‍ പറയുന്നതനുസരിച്ച് 100 ഗ്രാം കറിവേപ്പില ഏകദേശം 108 കലോറി ഊര്‍ജ്ജം നല്‍കുന്നു. അവയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മറ്റ് ധാതുക്കള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയ വിറ്റാമിനുകളും കറിവേപ്പിലയിലുണ്ട്. കറിവേപ്പില ശക്തമായ ആന്റിഓക്‌സിഡന്റുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് നമ്മെ ആരോഗ്യമുള്ളതാക്കുകയും നാഡീവ്യൂഹം, ഹൃദയാരോഗ്യം, വൃക്കകള്‍ മുതലായവയെ ബാധിച്ചേക്കാവുന്ന നിരവധി രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും നമ്മെ സംരക്ഷിക്കാന്‍ അവയ്ക്ക് കഴിവുണ്ട്. കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് ശേഷിയുണ്ട്. അതായത് വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ അവയ്ക്ക് കഴിയും. മാത്രമല്ല, കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകള്‍ കാന്‍സര്‍ വിരുദ്ധ ഏജന്റായി പ്രവര്‍ത്തിക്കുകയും സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും ഫലപ്രദമാണ്. കറിവേപ്പില വന്‍കുടലിലെ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കറിവേപ്പില കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവും ട്രൈഗ്ലിസറൈഡുകളുടെ അളവും കുറയ്ക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.75, പൗണ്ട് – 100.11, യൂറോ – 88.76, സ്വിസ് ഫ്രാങ്ക് – 89.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.31, ബഹറിന്‍ ദിനാര്‍ – 219.75, കുവൈത്ത് ദിനാര്‍ -270.12, ഒമാനി റിയാല്‍ – 215.21, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *