sunset december 29 new

മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിയവര്‍ക്കു സ്വന്തം നാട്ടിലെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വോട്ടുചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കുന്നു. താമസിക്കുന്നിടത്തെ പോളിംഗ് ബൂത്തുകളിലെത്തി നാട്ടിലെ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യാവുന്ന റിമോട്ട് വോട്ടിംഗ് മെഷീനുകള്‍ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനുവരി 16 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പോളിംഗ് ശതമാനം 67 ശതമാനമാണ്. 30 കോടിയിലേറെ പേര്‍ വോട്ടു ചെയ്യുന്നില്ല. കാരണം കുടിയേറ്റമാണെന്ന നിരീക്ഷണത്തോടെയാണ് ഈ നടപടി.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹികളുടെ വീടുകളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ എന്‍.ഐ.എ റെയ്ഡ്. കൊച്ചി എടവനക്കാട് സ്വദേശി മുബാറകിനെ കസ്റ്റഡിയിലെടുത്തു. രണ്ടാം നിര നേതാക്കളുടെ സംസ്ഥാനത്തെ 56 വീടുകളിലാണ് റെയ്ഡ് നടത്തിയത്. മിക്കയിടത്തും മുന്‍ഭാരവാഹികള്‍ സ്ഥലത്തുണ്ടായില്ല. ഏതാനും രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ഡല്‍ഹിയില്‍നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തി.

ആയുര്‍വേദ റിസോര്‍ട്ട് ഉള്‍പെടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി. ജയരാജന്‍ വിശദീകരിക്കും. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോര്‍ട്ടിന്റെ മുന്‍ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ വാദം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ.പി. ജയരാജന്‍ ഒന്നാം പിണറായി സര്‍ക്കാരിലെ രണ്ടാമനും പിണറായിയുടെ സന്തത സഹചാരിയുമായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചെന്നിത്തല പറഞ്ഞു.

ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ പരാതി ഇല്ലാതെ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്താനാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാളെക്കുറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അദ്ഭുതകരമാണെന്നും മുരളീധരന്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ അനാരോഗ്യ മത്സരങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളില്‍നിന്നുള്ള കഴിവുള്ള കുട്ടികള്‍ക്കു താങ്ങാനാവാത്ത ചെലവാണ്. ഒന്നാം സ്ഥാനം എന്നതിനേക്കാള്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. പരാജയം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ രക്ഷിതാക്കള്‍ സജ്ജരാക്കണം. റവന്യൂ ജില്ലാ കലോത്സവ വിധി നിര്‍ണയത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം വെറും കെട്ടുകഥയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റു ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം എറണാകുളത്തെ പാര്‍ട്ടി നേതാക്കളുടെ പിഴവാണെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും നാളെ സംസ്ഥാന സെക്രട്ടേറിയേറ്റും പരിഗണിക്കും. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച അഡ്വ അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുന്‍മന്ത്രി എ.കെ ബാലനും ടി പി രാമകൃഷ്ണനും ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണം നടത്തിയത്.

ഇലന്തൂര്‍ നരബലി കേസിന്റെ കുറ്റപത്രം തയാര്‍. കൊച്ചി സിറ്റി പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുണ്ട്. 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ല. എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണുള്ളത്. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് മറ്റു പ്രതികള്‍.

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡി മരിച്ചു. ഒരു ജീവനക്കാരന്‍ അടക്കം നാല് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണാര്‍ക്കാട് നെച്ചുള്ളിയില്‍നിന്നു പത്തു വര്‍ഷം മുമ്പ് കാണാതായ അമ്മയുടേയും മകളുടേയും തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സൈനബയെയും മകള്‍ ഫര്‍സാനയേയും കാണാതായത് അന്വേഷിക്കാന്‍ മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ബോബന്‍ മാത്യുവിന്റെ കീഴില്‍ എട്ടംഗസംഘത്തെയാണ് നിയോഗിച്ചത്.

തൃശൂര്‍ വെട്ടൂകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു.

കഞ്ചാവു കേസിലെ പ്രതിക്കു പോക്സോ കേസില്‍ 27 കൊല്ലം തടവുശിക്ഷ. തൃശൂര്‍ പഴയന്നൂര്‍ വടക്കേത്തറ ദേശത്ത് നന്നാട്ടുകളം വീട്ടില്‍ മനീഷാണ് (25) ശിക്ഷിക്കപ്പെട്ടത്. പിഴത്തുകയായി 75,000 രൂപ അടയ്ക്കുകയും വേണം.

ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഭക്ഷണശാലയില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച നാല്‍പതിനായിരം രൂപയാണു കവര്‍ന്നത്. മാതാപറമ്പ് മുഹമ്മദ് കുട്ടിയുടെ ആര്യഭവന്‍ എന്ന ഭക്ഷണശാലയിലാണ് മോഷണം നടന്നത്.

ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ പ്രകാശ് കുമാറിനെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തു. കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയില്‍ നടിയെ കൊള്ളസംഘം കൊലപ്പെടുത്തിയെന്നാണ് പ്രകാശ് കുമാര്‍ പറഞ്ഞിരുന്നത്. പ്രകാശ്കുമാറിനെ ചോദ്യം ചെയ്തതോടെയാണ് വെടിവച്ചത് പ്രകാശ്കുമാര്‍തന്നെയാണെന്നു വ്യക്തമായത്. കാറില്‍ രണ്ട് വയസുള്ള മകളും ഉണ്ടായിരുന്നു.

കര്‍ണാടകയിലെ ഹാസനില്‍ കൊറിയര്‍ സ്ഥാപനമായ ഡിറ്റിഡിസിയില്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ പ്രണയപ്പകയാണെന്ന് റിപ്പോര്‍ട്ട്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയോടു നടത്തിയ പ്രണയാഭ്യര്‍ത്ഥന ഫലിക്കാതായപ്പോള്‍ അപായപ്പെടുത്താന്‍ മിക്സിയില്‍ സ്ഫോടക വസ്തു കൊറിയര്‍ ചെയ്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അയച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാല്‍ യുവതി കൊറിയര്‍ സ്വീകരിക്കാതെ മടക്കി. പാക്കേജ് തുറന്നു നോക്കാന്‍ കൊറിയര്‍ സ്ഥാപനമുടമ ശ്രമിച്ചപ്പോഴാണു സ്ഫോടനമുണ്ടായത്.

കര്‍ണാടക ശിവമോഗയില്‍ ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടണമെന്നു പ്രകോപനപരമായി പ്രസംഗിച്ച ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുസ്ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ഭോപ്പാല്‍ എംപിക്കെതിരായ പരാതി.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച ഡോക് വണ്‍ മാക്സ് സിറപ്പു കഴിച്ച് ഉസ്ബകിസ്ഥാനിലെ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരാതി ലഭിച്ച ഉടനെ മാരിയോന്‍ ബയോടെകില്‍ പരിശോധന നടത്തി. പരിശോധനാഫലം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ചൈന ഉള്‍പ്പെടെ കോവിഡ് വ്യാപനം കൂടിയ അഞ്ചു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് എയര്‍ സുവിത രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയേക്കും. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പാണ് എയര്‍ സുവിധ രജിസ്ട്രേഷന്‍ നടത്തേണ്ടത്. വിമാനത്താവളത്തില്‍ പരിശോധിച്ച ആറായിരം യാത്രക്കാരില്‍ 39 പേര്‍ക്കു കോവിസ് സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ടു ശതമാനം പേരിലും ചൈന, ജപ്പാന്‍, തായ്ലാന്‍ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ യാത്രക്കാരിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്.

ഭാരത് ജോഡോ യാത്രക്കിടെ ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി പലതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു സിആര്‍പിഎഫ്. സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് എഐസിസി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു പരാതി നല്‍കിയതിനു പിറകേയാണ് ഇങ്ങനെ പ്രതികരിച്ചത്.

22 ശതകോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിച്ച് 2022. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ 142 പേരുണ്ടായിരുന്ന ശതകോടീശ്വര പട്ടിക 2022 അവസാനിക്കുമ്പോള്‍ 120 ആണ്. ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,241 കോടി) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി പരിഗണിക്കുന്നത്. പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ (0.35 ബില്യണ്‍ ഡോളര്‍), ഓറിയന്റ് ഇലക്ട്രിക്കിന്റെ സികെ ബിര്‍ള (0.88 ബില്യണ്‍ ഡോളര്‍), യു. ഉദയ് കുമാര്‍ റെഡ്ഡി (ടാന്‍ല പ്ലാറ്റ്‌ഫോംസ്), സുശീല്‍ ഷാ( മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍), അശോക് കുമാര്‍ തോടി (ലക്‌സ് ഇന്‍ഡസ്ട്രീസ്), രവി ഗോയങ്ക (ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്), വെങ്കട്ട് വിശ്വനാഥന്‍ ( ലേറ്റന്റ് വ്യൂ അനലിറ്റിക്‌സ്) എന്നിവരാണ് പട്ടികയില്‍ നിന്ന് പുറത്തായ പ്രമുഖര്‍. നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തന്നെ. ഈ വര്‍ഷമാണ് മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി അദാനി മാറിയത്. 135.7 ബില്യണ്‍ ഡോളറോളമാണ് അദാനിയുടെ ആസ്തി. അംബാനിയുടെ ആസ്തി 2.5 ശതമാനം ഇടിഞ്ഞ് 101.75 ബില്യണ്‍ ഡോളറിലെത്തി. മൂന്നാം സ്ഥാനത്തുള്ള ഡിമാര്‍ട്ടിന്റെ രാധാകൃഷ്ണന്‍ ധമാനിയുടെ ആസ്തി 21 ശതമാനം ഇടിഞ്ഞ് 23.75 ബില്യണ്‍ ഡോളറിലെത്തി. 20.65 ബില്യണ്‍ ഡോളറാണ് ശിവ് നാടാറിന്റെ (എച്ച്‌സിഎല്‍) ആസ്തി. ശിവ് നാടാറിന്റെ ആസ്തി ഒരുവര്‍ഷം കൊണ്ട് 28 ശതമാനത്തോളം ആണ് ചുരുങ്ങിയത്. ഏഷ്യന്‍ പെയിന്റ്‌സ് പ്രൊമോട്ടര്‍മാരാണ് (അശ്വിന്‍ ദാനി, അമൃത, മനീഷ് ചോക്‌സി) അഞ്ചാമത്. 17.6 ശതമാനം ഇടിഞ്ഞ ഇവരുടെ ആസ്തി 18.72 ബില്യണ്‍ ഡോളറാണ്.

റെഡ്മി വാച്ച് 3, ബാന്‍ഡ് 2 എന്നിവ ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. 1.75 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി വാച്ച് 3 സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 390×450 പിക്സല്‍ റെസല്യൂഷനും, 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 600 നൈറ്റ് ബ്രൈറ്റ്നസും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട് വാച്ചുകളുടെ ഭാരം 37 ഗ്രാം മാത്രമാണ്. 121 സ്പോര്‍ട്സ് മോഡുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 289 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. പ്രധാനമായും എലഗന്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി വാച്ച് 3 സ്മാര്‍ട്ട് വാച്ചുകളുടെ വിപണി വില 599 യുവാനാണ് (ഏകദേശം 7,000 രൂപ). 1.47 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണ് റെഡ്മി ബാന്‍ഡ് 2- ന് നല്‍കിയിരിക്കുന്നത്. 170×320 പിക്സല്‍ റെസലൂഷന്‍ ലഭ്യമാണ്. രക്തത്തിലെ ഓക്സിജന്‍ ട്രാക്കിംഗ്, ഹൃദയമിടിപ്പ്, ഉറക്ക നിരീക്ഷണം എന്നിങ്ങനെയുളള ഫിറ്റ്നസ് സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 30- ലധികം സ്പോര്‍ട്സ് മോഡുകള്‍ ലഭ്യമാണ്. 210 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. മിഡ്നൈറ്റ് ബ്ലാക്ക്, ഡ്രീം വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കുന്ന റെഡ്മി ബാന്‍ഡ് 2- ന്റെ വില 159 യുവാനാണ് (ഏകദേശം 2,000 രൂപ).

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഓ മനുജാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സ് വെര്‍ഷന്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് പിള്ള ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്. ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ടീസര്‍ പുറത്തെത്തി. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയാണ്. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നാല് പുതുമുഖ നായികമാരാണ് എത്തുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ഡിസംബര്‍ 30 നാണ് റിലീസ്.

സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ഒരു മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചതായി യമഹ. ഈ വിസ്മയിപ്പിക്കുന്ന ഫീച്ചര്‍ യമഹ കമ്പനി ആര്‍3 ഡമ്മി മോഡലില്‍ അണിയിച്ചാണ് പരീക്ഷണങ്ങള്‍. പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് മോട്ടോറാണ് കമ്പനി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ കമ്പനി എപ്പോള്‍ വില്‍പ്പനക്കെത്തിക്കുമെന്ന വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. സെല്‍ഫ് ബാലന്‍സിംഗിനായി യമഹ അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് സിസ്റ്റം ഉപയോഗിക്കുന്നു. ഡമ്മിയായി വികസിപ്പിക്കുന്ന ഇലക്ട്രിക് ആര്‍3 ബൈക്കിലാണ് യമഹ ഇപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ബൈക്ക് ആണെന്ന് അറിയാത്ത തരത്തിലാണ് കമ്പനി ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുചക്രവാഹനത്തിന്റെ സെല്‍ഫ് ബാലന്‍സിംഗ് സൗകര്യത്തിനായി കമ്പനി ചില പ്രത്യേക ഉപകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് വീലിലും സ്റ്റിയറിംഗ് ഹെഡിലും ഇതിനായി അക്ചുവേറ്റേര്‍സ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയോ അതില്‍ കുറവോ ആണെങ്കില്‍ ബൈക്ക് നേരെ നില്‍ക്കാന്‍ സഹായിക്കുന്ന ആറ്-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും ഉണ്ട്. ഈ സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ-വികസന ഘട്ടത്തിലാണെന്നാണ് യമഹ പറയുന്നത്.

അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്റെ ഒരു പുസ്തകത്തിന്റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന്റെ അനുരണനങ്ങള്‍. മുന്‍കാമുകിയോടും പ്രിയതമയോടും സമസ്നേഹത്തോടെ കഴിയേണ്ടിവന്ന, ഇസ്റോയിലെ ഉദ്യോഗസ്ഥനായിരുന്ന ഒരു വ്യക്തിയുടെ അസാധാരണ കഥയാണിത്. കഥാന്ത്യം ചിന്തനീയം. ‘ഇടിമിന്നല്‍ പേമാരി’. വി പി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 199 രൂപ.

രാവിലെ ഉണര്‍ന്ന് വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് പഠനം. പ്രത്യേകിച്ച് സ്ത്രീകള്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ഈ ശീലം ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ (സ്‌ട്രെസ് ഹോര്‍മോണ്‍) അളവ് വര്‍ദ്ധിപ്പിക്കും. കൂടാതെ ഇത് അണ്ഡോത്പാദനം, ഭാരം, ഹോര്‍മോണുകള്‍ എന്നിവയെ മോശമായി ബാധിക്കും. പൊതുവെ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് രാവിലെ കൂടുതലും വൈകുന്നേരങ്ങളില്‍ കുറവുമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ രാവിലെ ആദ്യം കഫീന്‍ കഴിക്കുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നതിന് പകരം വര്‍ദ്ധിക്കുന്നു. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഈ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടും. ഇതോടെ ഇന്‍സുലിന്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കും. ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഉറക്ക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരം നന്നായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. രാവിലെ ആദ്യം 2-3 ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിച്ച ശേഷം കാപ്പിയോ ചായയോ എന്തും കഴിക്കാം. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്ന ശീലമില്ലെങ്കില്‍ അതില്‍ അല്‍പം നാരങ്ങാനീരും തേനും കലര്‍ത്തി കുടിക്കാം. രാവിലെ നാരങ്ങാവെള്ളം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം അനുഭവപ്പെടാനും സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.80, പൗണ്ട് – 99.50, യൂറോ – 87.92, സ്വിസ് ഫ്രാങ്ക് – 89.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.68, ബഹറിന്‍ ദിനാര്‍ – 219.65, കുവൈത്ത് ദിനാര്‍ -270.32, ഒമാനി റിയാല്‍ – 215.35, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 60.87.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *