അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തി. ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, കര, നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ചാന്‍സലര്‍ ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലര്‍ എന്ന ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. വിരമിച്ച സുപ്രീംകോടതി ജഡ്ജിയേയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ചാന്‍സലര്‍ ആക്കാം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാകണം നിയമനം നടത്തേണ്ടത്. 14 സര്‍വകലാശാലകള്‍ക്കു 14 വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചക്കു കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥയുമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. റബ്ബറിന്റെ താങ്ങുവില കൂടി. താങ്ങുവില ഉയര്‍ത്താതെ കേന്ദ്രം നിഷേധാത്മക നയത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം കര്‍ഷകരനുഭവിക്കുന്ന പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.
പിവി ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരായ ജാതീയ അധിക്ഷേപ കേസിനെതിരേ സാബു എം ജേക്കബ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എ ബദറുദ്ദീനാണു പിന്‍മാറിയത്.
കെഎസ്ആര്‍ടിസി ബസുകളിലും മറ്റു വാഹനങ്ങളിലേപ്പോലെ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍. പരസ്യ നിരോധനംമൂലം വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി ബസില്‍ പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസെടുക്കുന്നതിനേയും ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
വിസ്മയ കേസില്‍ പത്തു വര്‍ഷം തടവും 12.55 ലക്ഷം രൂപയുടെ പിഴയും അടങ്ങുന്ന ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീലില്‍ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന ആവശ്യമാണു തള്ളിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിലാണു ഭര്‍ത്താവ് കിരണിനെ ശിക്ഷിച്ചത്.
പോത്തന്‍കോട് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്. നിര്‍ത്താതെ ഓടിച്ചു പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആണും പെണ്ണും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ – ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. മതത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ച രീതി പെട്ടെന്നു മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെപറ്റി സിപിഎം പറഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും യോജിച്ച് പോകണമെന്നാണ് സമസ്തയുടെ ആഗ്രഹം. അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ചെക്കിപ്പള്ളം സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതി കോട്ടക്കണ്ണിയിലെ അബ്ദുള്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതി അബ്ദുള്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
മദ്യപിച്ചു ലക്കുകെട്ട് പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദ്ദിച്ചതിനു മക്കളുടെ പരാതിയില്‍ പ്രതിയായ പിതാവ് തൂങ്ങി മരിച്ച നിലയില്‍. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് മരിച്ചത്. പത്തും പതിമൂന്നും വയസായ കുട്ടികളാണു ബന്ധുക്കളുടെ ഉപദേശമനുസരിച്ചു പോലീസില്‍ പരാതി നല്‍കിയത്. വെല്‍ഡിങ് ജോലിക്കാരാനാണ് ആന്റണി. ഭാര്യ ഷാന്റി മൂന്നു മാസം മുമ്പാണു വിദേശത്തു ജോലിക്കു പോയത്.
കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ചികില്‍സാ സഹായമായി ലഭിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസ്. 2018 ല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇന്ദിരയുടെ മകന്‍ ഷിജുവിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഇന്ദിരയുടെ പരാതിയനുസരിച്ചാണ് കേസ്.
കേരള – കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുത്തത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമാണ്. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകള്‍ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണു മരിച്ചത്.
അടൂരില്‍ ലോഡ്ജു മുറിയില്‍ യുവാവ് തൂങ്ങി മരിച്ചു. കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോളിയോ ബാധിതയായ യുവതിയെ പീഡിപ്പിച്ചശേഷം 80 പവന്‍ സ്വര്‍ണവും 40 ലക്ഷം രൂപയും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. മുണ്ടക്കയത്തു താമസിക്കുന്ന നാഗര്‍കോവില്‍ സ്വദേശിയായ മുപ്പതുകാരി ഷിയയുടെ പരാതിയില്‍ ആന്‍ഡ്രൂ സ്‌പെന്‍സര്‍ എന്നയാള്‍ക്കെതിരേ കേസെടുത്തു. 2015 ലാണ് ഇവര്‍ വിവാഹിതരായത്.
ക്രിപ്‌റ്റോ കറന്‍സിയിലെ രാജാവായിരുന്ന സാം ബാങ്ക്മാന്‍ ഫ്രൈഡ് അറസ്റ്റില്‍. ബഹാമാസില്‍ വച്ചാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം സഹസ്ഥാപനമായ എഫ്ടിഎക്സ് തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.