◾സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ സര്‍വേ ചെയ്ത ഭൂമിയിലെ നടപടികള്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്നും നിയമസഭയില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കു കേന്ദ്രാനുമതി ലഭിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
◾സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ 828 ക്രിമിനല്‍ കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസ് സേനയെ രാഷ്ട്രീയവത്കരിച്ചെന്ന്ും ക്രിമിനലുകളായെന്നും ആരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് ഭരണ കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിലെ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടിയുള്ള ഹിയറിംഗുമായി ഗവര്‍ണര്‍. രാജ്ഭവനിലാണ് ഹിയറിംഗ്. നോട്ടീസ് നല്‍കിയ ഒമ്പതു വിസിമാരില്‍ നാലുപേര്‍ നേരിട്ട് ഹാജരായി. വിരമിച്ച കേരള വിസി വിപി മഹാദേവന്‍ പിള്ള, ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ഓപ്പണ്‍ സര്‍വകലാശാലാ വിസി മുബാറക് പാഷ, കുസാറ്റ് വിസി ഡോ. മധു എന്നിവരാണ് നേരിട്ടെത്തിയത്. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിംഗ് പിന്നീടായിരിക്കും. കണ്ണൂര്‍ വിസി ഇന്നെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
◾രാജ്ഭവനില്‍ ബുധനാഴ്ച ഒരുക്കുന്ന ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിരസിച്ചു. വൈകുന്നേരം അഞ്ചിനാണ് വിരുന്ന്. നാളെ വൈകീട്ട് ഡല്‍ഹിക്കു പോകുന്നതിനാല്‍ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചത്.
◾നഴ്സിംഗ് കൗണ്‍സിലില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമനത്തിനു നഴ്സിംഗ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത് രണ്ടു പേരെയല്ല, ഒറ്റയാളെ മാത്രം. രണ്ടു പേരെ നിര്‍ദേശിച്ചിരുന്നെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അവകാശവാദം തെറ്റാണെന്ന് നഴ്സിംഗ് കൗണ്‍സിലിന്റെ മിനിറ്റ്സ്. 15 വര്‍ഷം അധ്യാപന പരിചയമുള്ളയാളെ ഒഴിവാക്കി മൂന്നു വര്‍ഷത്തോളം മാത്രം സേവന പരിചയമുള്ളയാളെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ച നടപടി വിവാദമായിരിക്കുകയാണ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പദ്ധതിക്കെതിരരേ മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.
◾സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. സ്‌കൂള്‍ സമയമാറ്റം, മിക്സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ളവയോട് മുസ്ലീം സംഘടനകളില്‍ വിമര്‍ശനവും ആശങ്കയും ഉയര്‍ന്നതോടെയാണ് പരിഷ്‌കാരം ഉപേക്ഷിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ തീരുമാനമുണ്ടാകൂവെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
◾എക സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എംപിമാര്‍ ഇല്ലാതിരുന്നതു കോണ്‍ഗ്രസിന്റെ ഭാഗത്തെ ജാഗ്രതക്കുറവാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉണ്ടായിരുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തിയിരുന്നു.
◾
◾എംഎല്‍എമാര്‍ക്കു ട്രെയിനില്‍ സീറ്റില്ലെന്നു പരാതി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍ നിന്ന് തേഡ് എസി ടിക്കറ്റ് ബുക്കുചെയ്ത 11 എംഎല്‍എമാര്‍ക്ക് സ്ലീപ്പര്‍ കോച്ചാണ് അനുവദിച്ചതെന്ന് പരാതി. കേന്ദ്ര സര്‍ക്കാരിലോ റെയില്‍വേയിലോ സ്വാധീനമുള്ളവര്‍ എ സി ബര്‍ത്തുകള്‍ തട്ടിയെടുക്കുന്നുവെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.
◾മുസ്ലിം ലീഗിന് ഗോവിന്ദന്‍ മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം. ഷാജി. ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞാലും പ്രശ്നമില്ല. കേരളത്തില്‍ വോട്ടിനു വേണ്ടി ക്രിസ്ത്യന്‍ – മുസ്ലിം സമുദായങ്ങളെ സി പി എം തമ്മിലടിപ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാരിനു ജനപിന്തുണ ഇല്ലാതാത്തതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ.എം. ഷാജി ദുബായില്‍ പറഞ്ഞു.
◾ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ പെണ്ണുപിടിയനായിരുന്നെന്നും പാവപ്പെട്ട സ്ത്രീകളില്‍നിന്ന് കോടികള്‍ തട്ടിയെന്നും പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍. മഹേശന്റെ പല കാര്യങ്ങളും പുറത്തു പറയാന്‍ കൊള്ളില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കേയാണ് വെള്ളാപ്പള്ളിയുടെ അധിക്ഷേപ പ്രസംഗം.
◾മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയില്‍ മണവാളന്‍ സജി അറസ്റ്റിലായി. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. പരസ്യം കണ്ട് യുവതികളെ വിളിച്ച് അടുപ്പം സ്ഥാപിച്ചശേഷം തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
◾ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ ശ്രീലക്ഷ്മി (24), സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ നോക്കാത്തിനു വഴക്കു പറഞ്ഞതിനാണ് ആക്രമണം. ബൈക്കില്‍ വീട്ടിലേക്കു പോകവേ രാജുവിനെ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയെന്ന് ആരോഗ്യമന്ത്രി. കൂടുതല്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്നു പരാതിക്കാരിയും മാധ്യമങ്ങളും ചര്‍ച്ചയാക്കിയതോടെയാണ് പുതിയ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
◾വയനാട് മെഡിക്കല്‍ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ്. കക്ഷികളായ ഗ്ലെന്‍ എസ്റ്റേറ്റിനാണ് നോട്ടീസയച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യ നടപടികളും സ്റ്റേ ചെയ്തു. 2013 -ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടികള്‍ നടത്താനായിരുന്നു ഹൈക്കോടതി വിധി. ഇതിനായി 1.92 കോടി രൂപ മാത്രം നല്‍കി എസ്റ്റേറ്റിന്റെ 75 ഏക്കര്‍ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
◾അട്ടപ്പാടി കടുകുമണ്ണയിലെ ഗര്‍ഭിണിയെ തുണിമഞ്ചലില്‍ ചുമന്നത് 300 മീറ്റര്‍ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞതു തെറ്റാണെന്ന് യുവതിയുടെ ഭര്‍ത്താവും വി.കെ ശ്രീകണ്ഠന്‍ എം പിയും. വനത്തിലൂടെ മൂന്നര കിലോമീറ്റര്‍ ദൂരം തുണിമഞ്ചലില്‍ നടന്നെന്നും ഇത്രയും നടക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്തെന്നും വി.കെ.ശ്രീകണ്ഠന്‍ എംപി പറഞ്ഞു
◾അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയുടെ പരാക്രമം. ഡോക്ടറെ തെറിവിളിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്ത പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു. പ്രശ്നത്തില്‍ ഇടപെട്ടവരുടെ കണ്ണില്‍ വിഷ്ണു മുളക് പൊടി സ്പ്രേ ചെയ്തു. ഇയാള്‍ക്കെതിരെ കാപ്പാ നിയമം ചുമത്തി.
◾അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവാവിനെ കോഴിക്കോട് കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ചെന്നിത്തലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളും വരുത്തി. പട്ടരുകാട് ജംഗ്ഷന് സമീപമുള്ള നന്ദനം സ്റ്റോഴ്സ്, കാരാഴ്മ ജംഗ്ഷനിലെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍, പൂക്കട, മഹാലക്ഷ്മി ടെയ്ലേഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
◾ഗുജറാത്തില്‍ ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 200 സന്യാസിമാരും. തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേറിയത് 182 സീറ്റുകളില്‍ 156 എണ്ണവും നേടിയാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
◾കറന്‍സികളില്‍നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കില്ലെന്നു കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രത്തിനു പകരം മറ്റാരുടേയും ചിത്രം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ചിത്രങ്ങള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
◾ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറന്‍സി പിടികൂടി. ചൈനയില്‍നിന്നുള്ള കടലാസ് ഉപയോഗിച്ചാണ് കറന്‍സി അച്ചടിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്വദേശി കലീമുള്ള ഖാസി, രാജസ്ഥാനിലെ കോട്ട സ്വദേശി മുഹമ്മദ് തഖീം, ബിഹാറിലെ കതിഹാര്‍ സ്വദേശി ധര്‍മേന്ദ്ര എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
◾ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മിന്നല്‍ പരിശോധന. വിമാനത്താവളത്തിലെ നീണ്ട ക്യൂവും തിരക്കും സംബന്ധിച്ച് പരാതി വ്യാപകമായതിനാലാണ് മന്ത്രിയുടെ സന്ദര്‍ശനം. വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പം വിമാനത്താവളത്തിലെത്തിയിരുന്നു.
◾ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളുടെ കലാപം. ബജറ്റിലെ നികുതി നിര്‍ദേശങ്ങളെച്ചൊല്ലിയാണ് ഭരണകക്ഷിയിലെ നാല്‍പതോളം എംപിമാര്‍ രംഗത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആറാഴ്ച പൂര്‍ത്തിയാക്കിയ സുനകിനോടു നികുതി വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാര്‍ അങ്കത്തിനിറങ്ങിയത്.
◾തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഉയര്‍ന്നുതുടങ്ങി. ഡിസംബര്‍ രണ്ടിന് അവസാനിച്ചവാരം ശേഖരം 1,102 കോടി ഡോളര്‍ ഉയര്‍ന്ന് 56,116 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ നാലാംവാരമാണ് വിദേശ നാണയശേഖരം ഉയരുന്നത്. മുന്‍മാസങ്ങളില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ശേഖരം എക്കാലത്തെയും ഉയരമായ 64,245 കോടി ഡോളറില്‍ എത്തിയിരുന്നു. രൂപ തളര്‍ന്നുതുടങ്ങിയതോടെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ 52,400 കോടി ഡോളറിലേക്ക് ശേഖരം കൂപ്പുകുത്തിയിരുന്നു. വിദേശ നാണയആസ്തി (എഫ്.സി.എ) കഴിഞ്ഞവാരം 969.4 കോടി ഡോളര്‍ വര്‍ദ്ധിച്ച് 49,698.4 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 108.6 കോടി ഡോളര്‍ മുന്നേറി 4,102.5 കോടി ഡോളറിലുമെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട്, യൂറോ, യെന്‍ തുടങ്ങിയവയുമുണ്ട്.
◾സവിശേഷതകളുള്ള ഒരു പോര്‍ട്രെയ്റ്റ് ലെന്‍സുമായി എത്തുകയാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ടെക്‌നോ. ഏറ്റവും മികച്ച സ്മാര്‍ട് ഫോണായ ടെക്‌നോ ഫാന്റം എക്‌സ്2 പ്രോയിലാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്ന് ഉറപ്പായി. മൂന്നു ക്യാമറകള്‍ അടങ്ങുന്നതാണ് ഫോണിന്റെ പിന്‍ ക്യാമറാ സിസ്റ്റം. സ്മാര്‍ട് ഫോണ്‍ ക്യാമറാ സിസ്റ്റങ്ങളില്‍ പൊതുവെ പ്രധാന ക്യാമറയ്ക്കാണ് പ്രാധാന്യമെങ്കില്‍ എക്‌സ്2 പ്രോയില്‍ ടെലി ക്യാമറയാണ് ഇപ്പോള്‍ ഫൊട്ടോഗ്രഫി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ടെക്‌നോയുടെ ഫ്ലാഗ്ഷിപ് ഫോണിലെ ടെലി ലെന്‍സിന് (പോര്‍ട്രെയ്റ്റ് ലെന്‍സിന്) 65 എംഎം വരെയാണ് ഫോക്കല്‍ ലെങ്ത്. ഇതൊരു ഹൈബ്രിഡ് സൂം ആണെന്നു പറയുന്നു. പഴയ കോംപാക്ട് സൂം ക്യാമറകളിലെന്നവണ്ണം മോട്ടറിന്റെ സഹായത്തോടെ ലെന്‍സ് പുറത്തേക്ക് ഇറങ്ങിവരുന്നു. ഫോട്ടോ പകര്‍ത്തിയ ശേഷം തിരിച്ച് പൂര്‍വസ്ഥിതിയിലാക്കാം. ഇതാണ് പോര്‍ട്രെയ്റ്റ് ക്യാമറയുടെ സവിശേഷത. ടെക്‌നോ പുറത്തുവിട്ട വിഡിയോ ഇവിടെ കാണാം.
◾2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പഠാനിലെ ഗാനമെത്തി. സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ‘ബെഷറം രംഗ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.
◾‘കാര്‍ത്തികേയ 2’ എന്ന വന്‍ ഹിറ്റിനു ശേഷം അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ബട്ടര്‍ഫ്ലൈ’. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ഡിസംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക. സതീഷ് ബാബുവാണ് ‘ബട്ടര്‍ഫ്ലൈ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ്‍ ശ്രീനിവാസാണ്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് ‘ബട്ടര്‍ഫ്ലൈ’ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. കെ എസ് ചിത്രയ്ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നു. അര്‍വിസാണ് ‘ബട്ടര്‍ഫ്ലൈ’ ചിത്രത്തിന്റെ സംഗീത സംവിധാനം.
◾ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സൂപ്പര്‍ സ്പോട്ട് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 20.25 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ നെറ്റ്വര്‍ക്കില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഡെലിവറി 2023 ഫെബ്രുവരി മുതല്‍ ആരംഭിക്കും. ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാം ടെക്‌നോളജിയുള്ള നൂതന 999സിസി, 4-സിലിണ്ടര്‍ വാട്ടര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ നല്‍കുന്നത്. ഈ 999 സിസി എഞ്ചിന് 13,750 ആര്‍പിഎമ്മില്‍ 210 ബിഎച്ച്പി ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് മുന്‍ മോഡലിനേക്കാള്‍ 3 ബിഎച്ച്പി കൂടുതലാണ്. 113എന്‍എം ടോര്‍ക്ക് അതേപടി തുടരുന്നു, ഇത് 11,ആര്‍പിഎമ്മില്‍ ലഭ്യമാണ്. എസ് 1000 ആര്‍ആര്‍ പ്രോ 22,15,000 രൂപയും എസ് 1000 ആര്‍ആര്‍ പ്രോ എം സ്പോര്‍ട്ട് 24,45,000 രൂപയുമാണ് വിലകള്‍.
◾പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്‌കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്തിലെ പഠിതാക്കളും കരിഞ്ചാമുണ്ഡിയായ സീതയും കുടിയേറ്റക്കാരുടെ പ്രതീകമായ മാണിക്കുഞ്ഞും ത്രേസ്യാമ്മയും നേഴ്സുമാരുടെ പ്രതീകമായ ശാലിനിയും കലയും സാവിത്രിയും കഥാപാത്രങ്ങളായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങള്‍ ഇല്ലാത്ത നോവലായി ഈ കൃതി മാറുന്നു. മാത്രമല്ല, ഒരു ജന്മം മുഴുവന്‍ തന്റെ പ്രണയിനിക്കുവേണ്ടി ജീവിതം ഹോമിച്ച കേളു നമ്പ്യാരുടെ കഥകൂടിയാണിത്. ‘പുളിമരവും കുറെ പ്രജകളും’. എം കെ സുബ്രഹ്‌മണ്യന്‍. ഗ്രീന്‍ ബുക്സ്. വില 228 രൂപ.
◾തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് നിലനിര്‍ത്താന്‍ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത് ശരീരത്തിലെ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോര്‍മോണാണ്. തുളസി വെള്ളം കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. ‘യൂജിനോള്‍’ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. തുളസി രക്തം ശുദ്ധീകരിക്കാന്‍ ഏറെ ഉത്തമമാണ്. അതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കും. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.58, പൗണ്ട് – 101.08, യൂറോ – 86.96, സ്വിസ് ഫ്രാങ്ക് – 88.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.89, ബഹറിന്‍ ദിനാര്‍ – 218.86, കുവൈത്ത് ദിനാര്‍ -268.89, ഒമാനി റിയാല്‍ – 214.61, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.66, കനേഡിയന്‍ ഡോളര്‍ – 60.42.