sunrise 9

https://dailynewslive.in/ ഇന്ത്യന്‍ അതിര്‍ത്തികളിലെ പാക് പ്രകോപനം തുടരുന്നു, ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ഇന്നലെ രാത്രിയിലും പ്രകോപനം തുടര്‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യന്‍ സേന. നിയന്ത്രണരേഖയില്‍ ഷെല്ലിങും കാശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെയുള്ള 26 സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍ ഇന്ത്യയെ പ്രകോപിച്ചു. ജമ്മുവില്‍ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോണ്‍, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

https://dailynewslive.in/ രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ഇന്നലെ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ രാജ്യാതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ നാവിക സേനയും രംഗത്ത്. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ആക്രമണത്തില്‍ പാകിസ്താന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. ആകെ നാനൂറോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഉപയോഗിച്ചതെന്നെന്നും, ഇവയില്‍ കനത്ത പ്രഹരശേഷിയുള്ള തുര്‍ക്കി ഡ്രോണുകളുമുണ്ടായിരുന്നുവെന്നും എന്നാല്‍ പാകിസ്ഥാന്റെ ഒറ്റ ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കാണാന്‍ ഇന്ത്യ അനുവദിച്ചില്ലെന്നും സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന്‍ നടത്തിയ ഗൂഡാലോചനകള്‍ പൊളിച്ച് ഇന്ത്യ. വ്യോമാതിര്‍ത്തി അടക്കാതെ സിവിലിയന്‍ വിമാനങ്ങള്‍ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാക് കുതന്ത്രം തിരിച്ചറിഞ്ഞ് പ്രതികരിച്ച് സൈന്യം. തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്ഥാന്‍ നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്റെ ഗൂഡാലോചന തിരിച്ചറിഞ്ഞാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

https://dailynewslive.in/ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകളും വെടിവെച്ചിട്ടെന്നും അവകാശപ്പെട്ടു.

https://dailynewslive.in/ പാകിസ്ഥാനുമായി ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചത്. ഈ മാസം 14 വരെയാണ് നിയന്ത്രണമെന്ന് ഡി ജി സി എ വ്യക്തമാക്കിയതായി പി ടി ഐ അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി അടച്ചിടുന്നത്.

https://dailynewslive.in/ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. ഇന്നലെ രാത്രി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.

https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്റെ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിനെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഫോണില്‍ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന് പിന്തുണ അറിയിക്കുകയും സംഘര്‍ഷം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ പാകിസ്താനുമായുള്ള സംഘര്‍ഷത്തിനിടെ മൂന്ന് സേനാമേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.

https://dailynewslive.in/ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തെ മന:പൂര്‍വം തടയാതിരുന്നതാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ഡ്രോണുകള്‍ തടയാതിരിക്കാന്‍ പാകിസ്ഥാന്‍ മന:പൂര്‍വം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇന്ത്യാ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ചണ്ഡീഗഡില്‍ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യാ പാക് സംഘര്‍ഷ സാഹചര്യത്തില്‍ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.

https://dailynewslive.in/ അതിര്‍ത്തി മേഖലയിലെ ഗുരുദ്വാരകളില്‍ ഉള്ള സിഖ് മത ഗ്രന്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആരംഭിച്ചു. ഗുരുദ്വാര കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി. സുരക്ഷിതമായ മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്ക് ആണ് ഗ്രന്ഥങ്ങള്‍ മാറ്റുന്നത്. സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ കരുതല്‍ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

https://dailynewslive.in/ ഇന്ത്യ പാക് സംഘര്‍ഷ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികള്‍ സര്‍ക്കാര്‍ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സര്‍ക്കാര്‍ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോ?ഗസ്ഥര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടര്‍മാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.

https://dailynewslive.in/ ഇന്ത്യ – പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനം. അടിയന്തിരമായി ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. സ്ഥിതി ഗതികള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

https://dailynewslive.in/ ഇന്ത്യാ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.

https://dailynewslive.in/ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ നാളെ രാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 99.5 ശതമാനം വിജയം. 61,449 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസാണ്. പരീക്ഷ എഴുതിയ 4,24,583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലക്കാണ്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. കുറവ് തിരുവനന്തപുരത്തും. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി പ്രത്യേകം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

https://dailynewslive.in/ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള സേ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 5 വരെ നടത്തും. ജൂണ്‍ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം.

https://dailynewslive.in/ സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആര്‍. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്സില്‍ നിന്നുംമാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി.

https://dailynewslive.in/ കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.24 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായമായി 30 കോടി രൂപയും അനുവദിച്ചു.

https://dailynewslive.in/ താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതില്‍ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. കേസില്‍ പെട്ട വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെയെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിവരിച്ചു.

https://dailynewslive.in/ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാര്‍മല ഹൈസ്‌കൂള്‍. 55 കുട്ടികളാണ് വെള്ളാര്‍മല ഹൈസ്‌കൂളില്‍ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വെള്ളാര്‍ മലയിലെ 32 കുട്ടികള്‍ മരിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടതായിരുന്നു.

https://dailynewslive.in/ മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

https://dailynewslive.in/ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം പദവിയല്ലെന്നും പുതിയ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പില്‍. എല്ലാവരും ഒരു ടീമായി മുന്നോട്ട് പോകുമെന്നും പാര്‍ട്ടിയെ തിരഞ്ഞെടുപ്പിനൊരുക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ നിന്ന് ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് സൗമ്യ ദമ്പതികളുടെ മകള്‍ ആര്യ നന്ദയാണ് (16) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബഥനി മാലികാമഠം ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ആര്യ നന്ദ.

https://dailynewslive.in/ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറിയിറങ്ങി. മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നുവന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹിന്‍. ഇവരുടെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം സംഭവിച്ചത്. എങ്ങനെയാണ് കാര്‍ നീങ്ങിയതെന്ന് വ്യക്തമല്ല.

https://dailynewslive.in/ ആഗോള കത്തോലിക്കാസഭയുടെ മഹാ ഇടയന് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മളബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

https://dailynewslive.in/ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. ആശുപത്രി അധികൃതര്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഭീഷണി വന്നതായി ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

https://dailynewslive.in/ ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന്് ഭീഷണി. ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ കടുത്ത പ്രത്യാക്രമണത്തിന് പിന്നാലെയാണ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയം തുടങ്ങിയവ ബോംബ് വച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

https://dailynewslive.in/ ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി. രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി രൂപ ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കാനുള്ള ഐഎംഎഫ് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്ഥാന് നല്‍കുന്ന വായ്പ ലഭിക്കുന്നത് ഭീകരര്‍ക്കാണെന്ന് ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

https://dailynewslive.in/ ഭീകര താവളങ്ങള്‍ക്ക് മേല്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരവേ പഞ്ചാബില്‍ സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. 532 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 9 ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോണ്‍ സംവിധാനം വാങ്ങാന്‍ ശ്രമം തുടങ്ങിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് ആന്റി ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

https://dailynewslive.in/ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്. ഷെഹബാസ് ഷെരീഫ് ഒരു ഭീരുവാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് അഹമ്മദ് വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരെ ഷാഹിദ് അഹമ്മദിന്റെ വിമര്‍ശനം.

https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, പൌരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൌരന്മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.

https://dailynewslive.in/ ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ പഞ്ചാബ് കിങ്സ്, ദില്ലി കാപ്പിറ്റല്‍സ് ടീമംഗങ്ങളെ സുരക്ഷിതമായി വന്ദേ ഭാരത് ട്രെയിനില്‍ ദില്ലിയിലെത്തിച്ചു. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം നിര്‍ത്തിവെച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ താരങ്ങള്‍ കുടുങ്ങുകയായിരുന്നു.

https://dailynewslive.in/ ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ വിസമ്മതിച്ചായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചത്.

https://dailynewslive.in/ ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വര്‍ധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായുള്ള വ്യാപാരം വര്‍ധിച്ചതാണ് ചൈനക്ക് ഗുണകരമായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ കയറ്റുമതി ഏപ്രിലില്‍ 8.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ പ്രവചനത്തേക്കാളും വലിയ വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായത്. എന്നാല്‍, മാര്‍ച്ചില്‍ 12.4 ശതമാനം വളര്‍ച്ച കയറ്റുമതിയില്‍ ഉണ്ടായിരുന്നു. ചൈനയിലേക്കുള്ള ഇറക്കുമതിയില്‍ കുറവ് വന്നിട്ടുണ്ട്. ഏപ്രിലില്‍ 0.2 ശതമാനമായാണ് ഇറക്കുമതി കുറഞ്ഞത്. യു.എസും ചൈനയും തമ്മില്‍ വ്യാപാര ചര്‍ച്ച നടത്താനിരിക്കെയാണ് കയറ്റുമതി സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നത്. അതേസമയം, ചൈനയുടെ യു.എസുമായുള്ള വ്യാപാരബന്ധത്തില്‍ ഇടിവ് വന്നിട്ടുണ്ട്. യു.എസ്-ചൈന വ്യാപാര ബന്ധത്തില്‍ ഏപ്രിലില്‍ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ദക്ഷിണ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധത്തില്‍ 21 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം എട്ട് ശതമാനം വര്‍ധിക്കുകയും ചെയ്തുവെന്ന് മൂഡീസ് വ്യക്തമാക്കുന്നു. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായാണ് വ്യാപാരം മെച്ചപ്പെട്ടത്.

https://dailynewslive.in/ ഇന്ത്യ-പാക്ക് സംഘര്‍ഷം സങ്കീര്‍ണമാകുന്നതിനിടെ തിയറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര്‍ റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിനു പിന്നാലെ സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടെ സിനിമ നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. മേയ് 16ന് സിനിമ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം ലോകമെമ്പാടും പ്രൈം വീഡിയോയില്‍ മാത്രം ലഭ്യമാകും. കരണ്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ടൈം ലൂപ് സിനിമയായി ഒരുക്കിയ ചിത്രത്തില്‍ സീമ പഹ്വ, സഞ്ജയ് മിശ്ര, രഘുബിര്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

https://dailynewslive.in/ ഹോളിവുഡ് ഹൊറര്‍ സീരിസ് കണ്‍ജറിങ് നാലാം ഭാഗം ‘ദ് കണ്‍ജറിങ്: ലാസ്റ്റ് റൈറ്റ്‌സ്’ ടീസര്‍ എത്തി. കണ്‍ജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒന്‍പതാമത്തെ ചിത്രവുമാണിത്. 2021ല്‍ റിലീസ് ചെയ്ത ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വല്‍ ആയാണ് ലാസ്റ്റ് റൈറ്റ്‌സ് എത്തുന്നത്. 1980കളില്‍ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്. കണ്‍ജറിങ് യൂണിവേഴ്‌സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നാലാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വില്‍സണ്‍, വെര ഫര്‍മിഗ എന്നിവര്‍ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു. മൈക്കല്‍ ചേവ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ സ്‌കോഡ കൈലാക്കിന്റെ ചില വകഭേദങ്ങളുടെ വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ക്ലാസിക്, സിഗ്‌നേച്ചര്‍ വേരിയന്റുകളുടെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് വേരിയന്റുകളുടെ വില കുറച്ചു. 7.89 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് കമ്പനി കൈലാക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനി എന്‍ട്രി ലെവല്‍ മോഡലായ ക്ലാസിക്കിന് അടിസ്ഥാന വില 8.25 ലക്ഷം രൂപ വര്‍ദ്ധിപ്പിച്ചു. അടിസ്ഥാന മോഡലിന്റെ വില ഏകദേശം 36,000 രൂപ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സിഗ്‌നേച്ചര്‍ പ്ലസ് വേരിയന്റിന്റെ വില 15,000 രൂപ കുറച്ചു. ഇതിനുപുറമെ, സിഗ്‌നേച്ചര്‍ പ്ലസ് ഓട്ടോമാറ്റിക് വേരിയന്റിന് 5,000 രൂപ വില കുറഞ്ഞു. പ്രെസ്റ്റീജ് വേരിയന്റിലാണ് ഏറ്റവും വലിയ കുറവ് കണ്ടത്. നേരത്തെ 13.35 ലക്ഷം രൂപയായിരുന്ന ഇതിന്റെ വില ഇപ്പോള്‍ 12.89 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇതിന്റെ വില 46,000 രൂപ കുറച്ചു. അതേസമയം, പ്രസ്റ്റീജ് ഓട്ടോമാറ്റിക് വേരിയന്റിന്റെ വില 41,000 രൂപ കുറച്ചു, അതിന്റെ വില 13.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

https://dailynewslive.in/ തീവ്രവാദത്തിന്റെയും ഓണ്‍ലൈന്‍ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അശരണമായ വര്‍ത്തമാന കാലം. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തില്‍ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ. കേസിന്റെ നാള്‍വഴികള്‍. അതിലൂടെ ഒരു നിഴല്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തുന്ന രണ്ടാഴ്ചക്കാലത്തിനിടയില്‍, അപ്രതീക്ഷിതമായി അനാവരണം ചെയ്യപ്പെടുന്ന അന്തര്‍ദേശീയ കുറ്റവാളിയുടെ ഭൂതകാല ജീവിതവും അയാളെ തേടിയുള്ള യാത്രയുമാണ് ഈ ക്രൈം നോവല്‍. ‘നിഴല്‍’. ദീപക് രാമചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.

https://dailynewslive.in/ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബദാം ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും. ബദാമിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ പ്രോട്ടീനും നാരുകളും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചതാണ്. ബദാമിന്റെ ആരോഗ്യഗുണങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ ദിവസവും ഒരു പിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ചിലര്‍ കുര്‍ത്ത ബദാമിന്റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്. ഇത് ദഹനത്തിന് നല്ലതാണെങ്കിലും ബദാമിന്റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

തന്റെ രാജ്യത്തെ രാജാവിനെ നേരില്‍ കാണാനും സംസാരിക്കാനും ഒരു കുട്ടിക്ക് ആഗ്രഹമുദിച്ചു. അവന്‍ തന്റെ ആഗ്രഹം അച്ഛനമ്മമാരോട് പറഞ്ഞെങ്കിലും അവര്‍ നിസ്സഹായരായിരുന്നു. മറ്റുപലരോടും അവന്‍ തന്റെ ആഗ്രഹം പറഞ്ഞെങ്കിലും അവരാരും സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഒരു ഗുരു പറഞ്ഞു: ‘കൊട്ടാരത്തിന്റെ പണി നടക്കുകയാണ്. നീയും അവിടെ പോയി ജോലി ചെയ്യുക. പക്ഷേ കൂലി വാങ്ങരുത്’. അവന്‍ അങ്ങനെ തന്നെ ചെയ്തു. ഒരു ദിവസം പണിസ്ഥലത്തെത്തിയ രാജാവ് ചുറു ചുറുക്കോടെ ജോലി ചെയ്യുന്ന ആ ബാലനെ കാണുകയും അവനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കൂലി വാങ്ങാതെയാണ് അവന്‍ ജോലി ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ രാജാവ് അവനെ അരികിലേക്ക് വിളിച്ചു കാര്യം അന്വേഷിച്ചു. അവന്‍ പറഞ്ഞു: ‘എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇപ്പോള്‍ ഞാനത് നേടിയിരിക്കുന്നു.’ ലക്ഷ്യം തീരുമാനിക്കപ്പെട്ടാല്‍ പിന്നീടുള്ള നമ്മുടെ ഓരോ ചുവടും ആ ലക്ഷ്യത്തിലേക്കുള്ളതായിരിക്കണം. സ്വപ്നങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, ആ സ്വപ്നങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കണം എന്നറിയാത്തതുകൊണ്ടാണ് പലരും യാത്രകള്‍ തുടങ്ങുക പോലും ചെയ്യാത്തത്. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്ര ചെയ്യാന്‍ കഴിയണം. അത്തരം യാത്രകളില്‍ ഒരു പക്ഷേ വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നില്ല. സഹയാത്രികരും ഉണ്ടാകണമെന്നില്ല. ഈ യാത്ര നിര്‍ത്തിയാലോ എന്ന പ്രലോഭനം ചിലപ്പോഴൊക്കെ ഉണ്ടായേക്കാം. അപ്പോഴൊക്കെ ‘എന്ത് ലക്ഷ്യം നേടാനാണ് ഇറങ്ങിത്തിരിച്ചത്’ എന്ന ചിന്ത മനസ്സിലുണ്ടായിരിക്കുകയും സ്വയം പ്രചോദിപ്പിക്കപ്പെടാനും സാധിക്കണം. നമുക്ക് നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരാം.ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *